| Tuesday, 12th May 2020, 2:29 pm

ലോക്ക്ഡൗണിനിടെ ഭീഷണിയായി കേരളത്തിലെ ഡാമുകള്‍; ജലനിരപ്പുയരുന്നത് പ്രളയത്തിന് കാരണമാവാമെന്ന് വിദഗ്ധ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്ത് ഈ വര്‍ഷവും വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍.

ലോക്ക് ഡൗണില്‍ വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെയാണ് ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നത്. ഈ മഴക്കാലത്തിന് മുമ്പ് ഡാമുകളിലെ അധിക ജലം തുറന്നുവിടണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നതായി ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടു ചെയ്യുന്നു.

രാജ്യത്ത് ഇത്തവണ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. കേരളത്തില്‍ ഇത്തവണ അധികമഴയാണ് ലഭിക്കുന്നതെങ്കില്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ഇടുക്കിയടക്കമുള്ള ഡാമുകള്‍ തുറക്കേണ്ടതായി വരും.

മണ്‍സൂണിന് മുമ്പ് പ്രത്യേക വെള്ളപ്പൊക്ക മാര്‍ഗരേഖ തയ്യാറാക്കിയില്ലെങ്കില്‍ കേരളം 2018ല്‍ സാക്ഷ്യം വഹിച്ചതുപോലൊരു പ്രളയം ഈ വര്‍ഷവും സംഭവിച്ചേക്കാമെന്ന് ഒരു കൂട്ടം പരിസ്ഥിതി വിദഗ്ധരും ശാസ്ത്രജ്ഞരും പറയുന്നു. ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് എസ്. സീതാരാമന്‍ നയിക്കുന്ന ഒന്‍പതംഗ സംഘമാണ് ഇത് പറഞ്ഞത്.

‘ജൂണ്‍ ആദ്യവാരം തന്നെ കേരളത്തില്‍ തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തും. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഉള്‍പ്പെടെ വിവിദ ഏജന്‍സികള്‍ വ്യക്തമാക്കുന്നത് രാജ്യത്ത് ഇത്തവണ അധികമഴ ലഭിക്കുമെന്നാണ്. അതുപ്രകാരം കേരളത്തില്‍ ഇത്തവണ അധികമഴ ലഭിച്ചാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെയും പോലെ പ്രളയമുണ്ടാവാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ സര്‍്ക്കാര്‍ ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ നടത്തണം,’ വിദഗ്ധര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

കേരളത്തിലെ നിലവിലെ വൈദ്യുതി ഉത്പാദനം ഒരു ദിവസം 70 മില്യണ്‍ യൂണിറ്റ് എന്ന തരത്തിലാണ്. കഴിഞ്ഞ വര്‍ം ഇതേസമയത്ത് സംസ്ഥാനത്തെ ഒരു ദിവസത്തെ വൈദ്യുതി ഉത്പാദനം 82-88 മില്യണ്‍ യൂണറ്റായിരുന്നു.

ലോക്കഡൗണ്‍ ആയതോടു കൂടി നിരവധി വ്യവസായ സ്ഥാപനങ്ങളും മറ്റും അടഞ്ഞു കിടക്കുകയാണ്. ഇത് വൈദ്യുതി ഉത്പാദനത്തില്‍ കുറവുണ്ടാക്കുന്നതായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊവിഡിനിടക്ക് സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാവാന്‍ ഇടയുള്ള പ്രദേശങ്ങളില്‍ ഇത്തവണയും വെള്ളപ്പൊക്കമുണ്ടാവാമെന്നും ഇതിനെ നേരിടുന്നതിനായി സ്‌പെഷ്യല്‍ കൊവിഡ്19 സേഫ്റ്റി പ്രോട്ടോക്കോള്‍ ഉണ്ടാക്കണമെന്നും വിദഗ്ധ സംഘം ആവശ്യപ്പെടുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more