| Friday, 9th August 2019, 8:47 am

കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍; കൂടുതല്‍ മഴ വയനാട്ടില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ മൂന്നു ദിവസമായി തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴയാണ്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. മാനന്തവാടിയില്‍ 259 മില്ലി മീറ്ററും വൈത്തിരിയില്‍ 244 മില്ലി മീറ്ററും മഴ പെയ്തു. കുപ്പാടിയില്‍ 188 മി. മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ അമ്പലവയലില്‍ 121.1മി. മീറ്ററും മഴ പെയ്തു.

കണ്ണൂര്‍ ഇരിക്കൂറില്‍ 156 മി. മീറ്റര്‍ മഴപെയ്തു. മലപ്പുറം ജില്ലയില്‍ നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 106.2 മി. മീറ്ററാണ് നിലമ്പൂരില്‍ വ്യാഴാഴ്ച പെയ്ത മഴ. പാലക്കാട് നഗരത്തില്‍ 70.9 മി. മീറ്റര്‍ മഴ പെയ്തു.

തൃശൂരിലെ വെള്ളാനിക്കരയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 81.3മി. മീറ്റര്‍. എറണാകുളം ജില്ലയിലും കനത്ത മഴയാണ് വ്യാഴാഴ്ച പെയ്തത്. പെരുമ്പാവൂരില്‍ 86 മി. മീറ്റര്‍ മഴ പെയ്തപ്പോള്‍ ആലുവയില്‍ 64 മി. മീറ്ററും കൊച്ചിയില്‍ 66.7 മി. മീറ്ററും മഴ ലഭിച്ചു. ഇടുക്കിയിലും കോട്ടയത്തും വ്യാഴാഴ്ച മഴ കനത്തു. കാഞ്ഞിരപ്പള്ളിയില്‍ 118.4 മി. മീറ്റര്‍ മഴ ലഭിച്ചു.

ഇടുക്കി പീരുമേടില്‍ 186മി. മീറ്ററും മൂന്നാറില്‍ 194 മി. മീറ്ററും മയിലാടുംപാറയില്‍ 92 മി. മീറ്ററും മഴ പെയ്തു. പത്തനംതിട്ട കോന്നിയില്‍ 91 മി. മീറ്റര്‍ മഴ പെയ്തു. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരണം 15 ആയി. ഇന് ആറ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീട് തകര്‍ന്ന് നാലു പേര്‍ മരിച്ചു. കുണ്ടുതോട് സ്വദേശി ഉനൈസ്, സന, നുസ്രത്ത്, ശനില്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മാക്കൂര്‍ മുഹമ്മദ്ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.

We use cookies to give you the best possible experience. Learn more