” ഒരു ആശയസംഹിത അതിന്റെ അനുകൂല സാഹചര്യത്തില്‍ പൊന്തി വരും. അത് കൃത്യമായി പ്രചരിക്കപ്പെടും. ഉദ്ദേശിച്ചു പ്ലാന്‍ ചെയ്ത പോലെയുള്ള ഘടനയും അതിന് തന്നെത്താന്‍ കൈവരും!” കേരളത്തില്‍ കൊടിയ ദുരന്തം മഴയായി പെയ്ത് സംഹാര താണ്ഡവമാടിയ സമയത്ത് കൈത്താങ്ങാവാന്‍ ഉത്തരവാദിത്തമുള്ള ദേശീയ മാധ്യമമെന്ന ബോധ്യം മറന്ന് വിദ്വേഷ പ്രചരണം നടത്താന്‍ ലക്ഷ്യമിട്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച “ടൈംസ് ഓഫ് ഇന്ത്യ” ദിനപത്രത്തിന്റെ പ്രവര്‍ത്തിയെ ഇടതുപക്ഷ രാഷ്ട്രീയ സൈദ്ധാന്തികനായ അന്റോണിയോ ഗ്രാംഷിയുടെ ഈ വാചകത്തോട് ചേര്‍ത്ത് വായിക്കപ്പെടേണ്ട ഒന്നാണ്.
വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകൂപ്പി ദൈവത്തോടു പറയുന്നു: “ദൈവമേ ഇത് നിങ്ങളുടെ നാടല്ലേ ? ” ദൈവത്തിന്റെ മറുപടി “അത് നിങ്ങളുടേത് കൂടിയാണ്. ” കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായത് വനനശീകരണം മൂലമാണെന്ന് തലക്കെട്ടുള്ള പ്രസ്താവനയും ഉള്‍പ്പെടുത്തി ചീഫ് കാര്‍ട്ടൂണിസ്റ്റ് സന്ദീപ് അധ്വാര്യു വരച്ച വാസ്തവ വിരുദ്ധ കാര്‍ട്ടൂണ്‍ വെള്ളപ്പൊക്ക ദുരിതത്തില്‍ കേരളം മുങ്ങിക്കിടന്നിരുന്ന ദിവസം തന്നെ ഈ പത്രം പ്രസിദ്ധീകരിച്ചത് കിട്ടിയ അവസരത്തില്‍ “അവരുടെ ആളുകള്‍ക്ക് ” വഴങ്ങാത്ത നാടിനെ നോവിച്ചു വിടുക എന്ന ഉദ്ദേശമല്ലാതെ മറ്റൊന്നായിരുന്നില്ല.
1043 സ്‌ക്വയര്‍ കിലോമീറ്ററായിട്ട് കേരളത്തില്‍ വനവല്‍ക്കരണം വളര്‍ന്നിട്ടുണ്ടെന്ന വസ്തുത ഈ വര്‍ഷം തന്നെ ഇതേ പത്രം വാര്‍ത്തയായി കൊടുത്തിട്ടുള്ളത് ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ചത് പ്രത്യേക ലക്ഷ്യം മുന്‍ നിര്‍ത്തി തന്നെയാണ്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ അജണ്ട നിറച്ച വാര്‍ത്തകളും വര്‍ഗീയവിദ്വേഷമുള്ള വാര്‍ത്താ പരമ്പരകളും പ്രചരിപ്പിക്കുന്നതിന് വേണ്ടി ബി.ജെ.പി യുടെ പക്കല്‍ നിന്നും ടൈംസ് ഓഫ് ഇന്ത്യ കോടികള്‍ വാങ്ങിയ വിവരം ഈയിടെ കോബ്ര പോസ്റ്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ടതോടെ പത്ര ധാര്‍മ്മികത പോയിട്ട് സാമാന്യ ധാര്‍മ്മികത പോലും ഈ പത്രത്തിനില്ലെന്ന സത്യം തെളിഞ്ഞ സ്ഥിതിക്ക് സമയവും സന്ദര്‍ഭവും നോക്കാതെയുള്ള ഇതുപോലത്തെ ക്രൂരമായ കാര്‍ട്ടൂണ്‍ തമാശകള്‍ വരച്ച് അവര്‍ കൈകൊട്ടി ചിരിക്കുന്നതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. എന്നുള്ളതോടൊപ്പം പത്രം പ്ലാന്‍ ചെയ്ത പോലെയുള്ള ഘടനയും തന്നെത്താന്‍ കൈവരുന്നതിന്റെ ഉദാഹരണം കൂടിയാണ് സഹായവും സ്വാന്തനവും വേണ്ട സമയത്ത് കേരളത്തിന് അവരേല്‍പ്പിച്ച “കാര്‍ട്ടൂണ്‍ പ്രഹരം”.
ഹാസ്യവും വിമര്‍ശനവും നൈസര്‍ഗ്ഗികത തരുന്നൊരു സത്യവും ഉള്‍ച്ചേര്‍ന്ന് രൂപാന്തരപ്പെടുന്നൊരു സര്‍ഗാത്മകമായ ഇടപെടലാണ് കാര്‍ട്ടൂണ്‍ രചന എന്ന് ടൈംസ് ഓഫ് ഇന്ത്യ പത്രം തന്നെ മുന്‍കാലങ്ങളില്‍ തെളിയിച്ചിട്ടുണ്ട് എന്നത് വൈരുദ്ധ്യമായിയിട്ട് തോന്നിയേക്കാം.
ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായ അന്തരിച്ച ആര്‍. കെ ലക്ഷ്മണ്‍ ഈ പത്രത്തിന്റെ കാര്‍ട്ടൂണിസ്റ്റായിരുന്നു. “കോമ്മണ്‍ മാന്‍ ” എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും പ്രശസ്തവുമായ കഥാപാത്രത്തിലൂടെ അരനൂറ്റാണ്ടോളം ജനങ്ങളുടെ പ്രശ്നങ്ങളിലും ദുരിതങ്ങളിലും ആശകളിലും നിരാശകളിലും സജീവമായി ഇടപെട്ട “യു സെഡ് ഇറ്റ് ” (You said it ! ) എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് പ്രസിദ്ധീകരിച്ച പത്രമാണ് തങ്ങളുടേതെന്ന ചരിത്രം അവര്‍ സ്വയം ഓര്‍ക്കുന്നത് നന്നാവും.
ടൈംസ് ഓഫ് ഇന്ത്യയുടെ നൂറ്റിയമ്പതാം വാര്‍ഷികമായ 1988 ല്‍ ഭാരത സര്‍ക്കാര്‍ പുറത്തിറക്കിയ പ്രത്യേക തപാല്‍ സ്റ്റാമ്പില്‍ “കോമ്മണ്‍ മാനെ ” ഉള്‍പ്പെടുത്തി കാര്‍ട്ടൂണിനും പത്രത്തിനും സര്‍ക്കാര്‍ ആദരം കൊടുത്തിരുന്നത് സാമൂഹ്യ പ്രതിബന്ധതയുള്ള അവരുടെ അന്നത്തെ ഇടപെടല്‍ ശക്തിയെ പരിഗണിച്ചായിരുന്നു.
കേരളീയര്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞതുകൊണ്ടും നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന നാടായതു കൊണ്ടും വന്ന ദൈവകോപമാണ് പ്രളയത്തിന് കാരണമെന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന കൊടുക്കരുതെന്നും ,നാപ്കിന്‍ ശേഖരണത്തിന് പൊതുജനം തയ്യാറായപ്പോള്‍ കോണ്ടവും കൂടെ ശേഖരിക്കാനും, പട്ടാള വേഷത്തില്‍ വന്ന് മുഖ്യമന്ത്രിയെ തെറി വിളിച്ചതും, ബീഫ് തിന്നുന്ന നാടായ കേരളത്തെ സഹായിക്കരുതെന്നുമൊക്കെയുള്ള നുണപ്രചരണത്തിലൂടെ “പോസ്റ്റ്ട്രൂത്ത് ആക്ടിവിസം ” നടത്തുന്ന സംഘപരിവാറിന് തികച്ചും മുതല്‍ക്കൂട്ടായി മാറിയിരിക്കുകയാണിന്ന് ” ടൈംസ് ഓഫ് ഇന്ത്യ”.
വനനശീകരണമാണ് ദുരന്തത്തിന് കാരണമെന്ന് കാര്‍ട്ടൂണില്‍ പറഞ്ഞതിനെ എതിര്‍ത്ത് മരം കൊണ്ടല്ലാതെ നിങ്ങള്‍ ചാണകം കൊണ്ടാണോ പത്രം പ്രസിദ്ധീകരിക്കുന്നതെന്ന ചോദ്യങ്ങളും, പത്രം കേരളത്തില്‍ ബഹിഷ്‌ക്കരിക്കുമെന്നുമൊക്കെയുള്ള നിരവധിയായ രോഷപ്രകടനങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ കനത്തതോടെ മലയാളികളെ “സോപ്പിട്ട് നിര്‍ത്താനുള്ള ” ശ്രമത്തിന്റെ ഭാഗമായി കേരളത്തെ “പിന്തുണ”ക്കുന്നെന്ന മട്ടില്‍ പത്രം മറ്റൊരു പ്രളയകാര്‍ട്ടൂണ്‍ വരച്ച് രംഗം ശാന്തമാക്കാന്‍ തുനിഞ്ഞിരുന്നു.
മുങ്ങിയ കേരളത്തിന്റെ വാര്‍ത്ത കവര്‍ പെയ്യുന്നതിന് പകരം ക്യാമറകളും മൈക്കുകളും ആകാശത്തുള്ള വാജ്പേയ്ക്ക് നേരെ പിടിച്ച ദേശീയ മാധ്യമങ്ങളോട് അദ്ദേഹം കേരളത്തിന് നേരെ പിടിക്കാന്‍ ചൂണ്ടുവിരല്‍ കാണിച്ചു പിടിച്ച കാര്‍ട്ടൂണ്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്തതോടൊപ്പം മുന്‍ കാര്‍ട്ടൂണിനെ വിമര്‍ശിച്ച മലയാളികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ അത് ഏറ്റെടുത്തിരുന്നു.
അനാരോഗ്യപരമായ ചിന്താഗതികളൊന്നുമില്ലാത ദുരന്ത സമയത്ത് ഒറ്റക്കെട്ടായി ഒരേ മനസ്സായി പ്രവര്‍ത്തിച്ച മലയാളികളുടെ വിവേകപൂര്‍ണമായ ഇടപെടല്‍ രീതി തന്നെയാണ് മോശമായ കാര്‍ട്ടൂണിനോട് കലഹിച്ചതോടൊപ്പം അതേ കാര്‍ട്ടൂണിസ്റ്റിന്റെ വസ്തുതാപരമായ നിലപാടുള്ള കാര്‍ട്ടൂണിനോട് ഐക്യപ്പെട്ടതും.
കാര്‍ട്ടൂണ്‍ കലയെയും കാര്‍ട്ടൂണിസ്റ്റുകളെയും കേരളീയര്‍ക്ക് ഒരു കാലത്തും വില കുറച്ചു കാണാനോ അവഗണിച്ചു നിര്‍ത്താനോ സാധിക്കില്ല. സാമൂഹ്യ വിമര്‍ശനത്തിലൂന്നിയ ഹാസ്യ ബോധം മലയാളികളുടെ ചിന്താഗതിയില്‍ വികസിപ്പിച്ച കുഞ്ചന്‍ നമ്പ്യാരുടെയും , ഇന്ത്യന്‍ രാഷ്ട്രീയ കാര്‍ട്ടൂണിന്റെ പിതാവും സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭനുമായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെയും നാടാണ് കേരളം.
സംഘപരിവാറുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നതുപോലെയുള്ള പെരുങ്കള്ളങ്ങള്‍ പറഞ്ഞ് പറഞ്ഞ് വലിയ സത്യമാക്കി മാറ്റുന്ന ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ ഏത് സന്ദര്‍ഭത്തിലും കേരള മണ്ണില്‍ നടക്കില്ലാ എന്നുള്ള ശക്തമായ താക്കീതു തന്നെയാണ് ഈ പ്രശ്നത്തിലൂടെയും വ്യക്തമായിരിക്കുന്നത്.
തെറ്റായ പല പ്രവണതകളോടും ശക്തമായി കലഹിക്കുന്ന കാര്‍ട്ടൂണുകള്‍ സമകാലികത്തിലും ഉണ്ടാവുന്നുണ്ട്. അത് ജനങ്ങള്‍ കൃത്യമായി നോക്കിക്കാണുകയും ഏറ്റെടുക്കുകയും ചെയ്യുന്നുമുണ്ട്. ഇന്ത്യയിലെ കാര്‍ട്ടൂണുണ്ടായത് വെട്ടിത്തുറന്ന് അഭിപ്രായം പറയുന്ന ജനാധിപത്യ രീതിയുടെ ഭാഗമായിട്ടു തന്നെയായതുകൊണ്ടു തന്നെ കാര്‍ട്ടൂണിസ്റ്റുകള്‍ ഭരണകൂടത്തിന്റെ അപാകതകള്‍ തുറന്നു കാട്ടുമ്പോള്‍ സ്വേച്ചാധിപത്യ നിലപാടുകള്‍ സ്വീകരിക്കുന്ന പല ഭരണകൂടങ്ങള്‍ക്കും പിടിക്കാറില്ല.
കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിക്കെതിരെയും കാര്‍ട്ടൂണിസ്റ്റ് ബാലയ്ക്കുമെതിരെയുമൊക്കെ വന്ന ഒരു കൂട്ടം തീവ്ര ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണകൂടത്തിന്റെയും സംഘടനയുടെയും ആക്രമണം നേരിടേണ്ടി വന്നത് വ്യക്തമായ നിരീക്ഷണത്തില്‍ നിന്നും പ്രതിഷേധപരമായ ആവശ്യകതയില്‍ നിന്നും ഉടലെടുത്ത കാര്‍ട്ടൂണ്‍ ആയതു കൊണ്ടായിരുന്നു.
കാര്‍ട്ടൂണിസ്റ്റുകളുടേത് സത്യസന്ധമായ സര്‍ഗ്ഗാത്മക ഇടപെടല്‍ തന്നെയായതുകൊണ്ടായിരുന്നു വ്യാപകമായ പ്രതിഷേധം ലോകത്തെമ്പാടു നിന്നും ഉണ്ടായപ്പോള്‍ കേരളവും ശക്തമായിത്തന്നെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നത്.
ഡോ.ബി.ആര്‍.അംബേദ്കര്‍ ഒരു ഒച്ചിന്റെ മേല്‍ യാത്ര ചെയ്ത് പണ്ഡിറ്റ് നെഹ്‌റു ചാട്ടവാര്‍ ചുഴറ്റി ഒച്ചിനെ പ്രഹരിക്കുന്നു. ഒച്ചിന്റെ മേല്‍ “കോണ്‍സ്റ്റിറ്റിയൂഷന്‍” എന്ന് എഴുതിയിയ ഭരണഘടന ഉണ്ടാക്കുന്നതിനു വേഗത പോരെന്ന ആശയത്തെ ഉപജീവിച്ച് ഹാസ്യാത്മകമായി ശങ്കര്‍ വരച്ച കാമ്പുള്ള നിരീക്ഷണത്തില്‍ നിന്നും ഉടലെടുത്ത കൃത്യമായ സത്യാവസ്ഥ പറയുന്നതു പോലെയുള്ള ഒട്ടും മയമില്ലാതെ നെഹ്റുവിന്റെ ഭരണത്തിനെ നിരന്തരം വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകൃതമായിട്ടും എന്നെ ഒഴിവാക്കരുത് ശങ്കര്‍ ! ” (Don”t spare me Sankar ! ) എന്ന് പറഞ്ഞ നെഹ്റു ഇന്നുണ്ടായിരുന്നെങ്കില്‍ സന്ദീപ് അധ്വാര്യുവിന്റെ കാര്‍ട്ടൂണ്‍ ചൂണ്ടിക്കാട്ടി ” ടൈംസ് ഓഫ് ഇന്ത്യയെ ഒഴിവാക്കുക ! ” എന്ന് പൊതുജനങ്ങളോടു പറഞ്ഞേനെ..!
ഹാസ്യത്തിനെയും വിമര്‍ശനത്തിനെയും കൃത്യമായി പടച്ചുവിടാനും ഉള്‍ക്കൊള്ളാനും കേരളീയര്‍ക്ക് കഴിയുന്നതു കൊണ്ടു തന്നെയാണ് ഇന്ത്യയില്‍ എക്കാലത്തെയും മികച്ച കാര്‍ട്ടൂണിസ്റ്റുകളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഇടം പിടിക്കുന്നത്. ഒ.വി വിജയന്‍, അബു എബ്രഹാംകുട്ടി, ബി.എം ഗഫൂര്‍ ,യേശുദാസന്‍ ,അരവിന്ദന്‍ എന്നീ പഴയ കാലത്തെ കാര്‍ട്ടൂണിസ്റ്റുകള്‍ ശങ്കറിന്റെ ശിഷ്യര്‍ എന്ന നിലക്കും ശങ്കേഴ്സ് വീക്കിലി ഉള്‍പ്പെടെയുള്ള ദേശീയ തലത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലുമൊക്കെ സജീവമായി വരച്ചവരും നിലവിലുള്ള ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളിലും കേരളീയര്‍ തന്നെ മുന്‍പന്തിയിലായതുകൊണ്ടാണ് കേരളക്കാരനല്ലാത്ത ഇന്ത്യയിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ രജീന്ദര്‍പുരിക്ക് കേരളമാണ് ഇന്ത്യയുടെ കാര്‍ട്ടൂണ്‍ തലസ്ഥാനമെന്ന് പറയേണ്ടി വന്നത്.
ചിരിയെയോ വിമര്‍ശനത്തിനെയോ കേരളീയരോ ഇവിടുത്തെ ഭരണകൂടമോ ഒട്ടും ഭയക്കുന്നില്ല എന്നതോടൊപ്പം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും നിലകൊണ്ട സംസ്ഥാനം കൂടിയാണിത്. ഭാവിയിലും നേരിനോട് ഐക്യപ്പെടുകയും നേരില്ലായ്മയോട് നിരന്തരം കലഹിക്കുകയും ചെയ്യുമെന്നുറപ്പുണ്ട്.
” ജനനത്തിനും മരണത്തിനുമിടയില്‍ മനുഷ്യന് സത്യസന്ധനാവാനുള്ള മാധ്യമമാണ് കല. നിരന്തരമായ ഒരു ശുദ്ധീകരണ പ്രക്രിയയാണ് കലാകാരന്റെ ജീവിതം “” എന്ന യാഥാര്‍ത്ഥ്യം സംഘപരിവാറിന്റെ സ്തുതിപാഠകരുടെ ഒപ്പം കൂടി നടക്കുന്നതിനിടെ സന്ദീപ് അധ്വാരൂ ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ നന്നായിരിക്കും.