| Saturday, 25th January 2020, 9:33 am

പ്രളയ ദുരിതാശ്വാസം: തുക ചെലവഴിച്ചില്ലെന്ന കേന്ദ്രവാദം തെറ്റ്; കേരളം ചെലവഴിച്ചത് 2344 കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2018 ല്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തിനുള്ള ദുരിതാശ്വാസമായി അനുവദിച്ച തുകയില്‍ പകുതിയോളം തുക ചെലവഴിച്ചില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് റവന്യു വകുപ്പ് കണക്കുകള്‍.

കേന്ദ്രം നല്‍കിയ നല്‍കിയ 3004.85 കോടിയില്‍ 2344.80 കോടി രൂപ ചെലവഴിച്ചതായി റവന്യൂ വകുപ്പ്. ഇതുസംബന്ധിച്ച ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് ജനുവരി 14ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി വേണു സമര്‍പ്പിച്ചു.

2018-ലെ പ്രളയസമയത്ത് അടിയന്തരമായി 100 കോടി രൂപയാണ് അനുവദിച്ചത്. പിന്നീട് അധികസഹായമായി 2904.85 കോടികൂടി കേന്ദ്രം കേരളത്തിന് അനുവദിച്ചു. 5616 കോടി രൂപയുടെ സഹായമാണ് കേന്ദ്രസര്‍ക്കാരിനോട് കേരളം ചോദിച്ചിരുന്നത്.

പ്രളയദുരിതാശ്വാസമായി 2019 മാര്‍ച്ച് 31 വരെ 1317.64 കോടിയാണു ചെലവഴിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്‍പതുവരെ 1027.16 കോടിയും ചെലവിട്ടു. രണ്ടു സാമ്പത്തികവര്‍ഷത്തെ ചെലവും കണക്കാക്കുമ്പോള്‍ 2344.80 കോടി രൂപയാണ് ചെലവായതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്ന് 1141.81 കോടി ഇനി കൊടുത്തുതീര്‍ക്കണം. ജലസേചനസംവിധാനങ്ങളുടെ പുനര്‍നിര്‍മാണത്തിന് 536.7 കോടി, വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനായി 200 കോടി, പ്രളയസമയത്ത് കേരളത്തിനു നല്‍കിയ അരിയുടെ വിലയായി 204 കോടി, റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ നല്‍കിയ ഇനത്തില്‍ 201.11 കോടി രൂപ എന്നിങ്ങനെയാണ് ബാധ്യതകളുള്ളത്.

കഴിഞ്ഞ വര്‍ഷം ഉണ്ടായ രണ്ടാമത്തെ പ്രളയത്തില്‍ 2109 കോടി രൂപയുടെ അധികസഹായം കേരളം കേന്ദ്രത്തിനോട് അഭ്യര്‍ഥിച്ചെങ്കിലും അനുവദിച്ചിരുന്നില്ല.

പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് അധിക ധനസഹായം നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2018ലെ പ്രളയദുരിതാശ്വാസത്തിന് നല്‍കിയ മൂവായിരം കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്നായിരുന്നു വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2019ല്‍ പ്രളയം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഈ മാസം അനുവദിച്ചിരുന്നു. ഈ പട്ടികയില്‍ നിന്നാണ് കേരളത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയത്. ഈ ഒഴിവാക്കലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വാദവുമായി രംഗത്ത് എത്തിയത്.

2018ലെ പ്രളയവുമായി ബന്ധപ്പെട്ട് കേന്ദ്ര ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കേരളത്തിന് 3048 കോടി രൂപ നല്‍കിയിരുന്നു . ഈ തുകയുടെ അമ്പത് ശതമാനത്തിന്റെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞത്.

2018ല്‍ അനുവദിച്ച ഫണ്ടില്‍ കഴിഞ്ഞ ഏപ്രില്‍ വരെ 900 കോടി രൂപ മാത്രമാണ് കേരളം ചെലവാക്കിയത്. ലഭിച്ച തുക പൂര്‍ണ്ണമായും ചെലവാക്കി അതിന്റെ റിപ്പോര്‍ട്ട് നല്‍കാതെ പുതിയ തുക അനുവദിക്കനാകില്ലെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 5908.56 കോടി രൂപ പ്രളയം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് സഹായമായി പ്രഖ്യാപിച്ചത്. പ്രളയം, മണ്ണിടിച്ചില്‍, മേഘവിസ്ഫോടനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കാണ് സഹായധനം നല്‍കുന്നത്.

അസം, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം സഹായം നല്‍കിയത്. എന്നാല്‍ കേരളത്തിന് ഇതില്‍ നിന്നും ഒരു രൂപ പോലും അനുവദിച്ചിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രത്തില്‍ നിന്നും ധനസഹായം അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ സെപ്തംബറില്‍ കേരളം കത്തയച്ചിരുന്നു. 2100 കോടി രൂപയായിരുന്നു കേരളം അഭ്യര്‍ത്ഥിച്ചിരുന്നത്. തുടര്‍ന്ന് കേന്ദ്ര സംഘം കേരളത്തിലെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പക്ഷെ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു.

മുന്‍പ് നാല് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി 3200 കോടി രൂപ ഇടക്കാല ധനസഹായം പ്രഖ്യാപിച്ചപ്പോഴും കേരളത്തിന് തുകയൊന്നും തന്നെ ലഭിച്ചിരുന്നില്ല. 1200 കോടി രൂപ ഇടക്കാല ധനസഹായം ലഭിച്ച കര്‍ണാടകത്തിന് ഇത്തവണ 1869 കോടി രൂപ ലഭിക്കുകയും ചെയ്തു.

DoolNews Video

We use cookies to give you the best possible experience. Learn more