പ്രളയത്തെ കേരളം നേരിട്ടത് മാതൃകാപരം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും കേന്ദ്രസംഘം
Kerala News
പ്രളയത്തെ കേരളം നേരിട്ടത് മാതൃകാപരം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും കേന്ദ്രസംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th September 2018, 11:31 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയത്തില്‍ ആളുകളെ രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമായിരുന്നുവെന്ന് ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘതലവന്‍ ബി.ആര്‍ ശര്‍മ.

പ്രളയം ബാധിച്ച പന്ത്രണ്ടു ജില്ലകളില്‍ സംഘം നടത്തിയ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു സംഘം. ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ എത്തിയ സംഘം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചു.

Also Read ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കും കുടുംബത്തിനുമെതിരെ വധഭീഷണി

പ്രളയം ബാധിച്ച വീടുകളും സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാനും ജനജീവിതം സാധാരണഗതിയിലേക്ക് തിരികെക്കൊണ്ടുവരാനും മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ സംബന്ധിച്ചും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചും ജനങ്ങളില്‍നിന്നും യാതൊരു പരാതികളും ലഭിച്ചില്ലെന്നത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

നാലുടീമുകളായിട്ടായിരുന്നു സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്. സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രസഹായം ലഭ്യമാകുന്നവിധത്തിലുള്ള റിപ്പോര്‍ട്ട് ഏഴുദിവസത്തിനകം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും.

അതേസമയം സംസ്ഥാനത്തിന്റെ പുനരധിവാസത്തിനായി കുടുതല്‍ സഹായത്തിനായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും.