| Sunday, 12th August 2018, 7:07 pm

മുഖ്യമന്ത്രി 'കൈനീട്ടുമ്പോള്‍...'; കൊടിവ്യത്യാസങ്ങള്‍ക്കപ്പുറം എല്ലാവരേയും ഒന്നിപ്പിക്കുന്ന ചില നന്മകള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ ബാക്കിയുണ്ട്

അബ്ദുല്‍ റഷീദ്‌

ജി. സുധാകരൻ സഹകരണവകുപ്പ് മന്ത്രി ആയിരിക്കെ, ഒരു അഭിമുഖത്തിനായി
ഞാൻ അദ്ദേഹത്തിന്റെ ഓഫിസിലെത്തി. വിശദമായി സംസാരിച്ചുകൊണ്ടിരിക്കെ, കൊണ്ടോട്ടി എം.എൽ.എയും മുസ്ലിംലീഗ് നേതാവുമായ മുഹമ്മദുണ്ണി ഹാജി കയറിവന്നു. ഒപ്പം ഒരു സാധു വൃദ്ധയുമുണ്ട്. മന്ത്രിയേക്കണ്ടു സങ്കടം പറയാനായി, കൊണ്ടോട്ടിയിൽനിന്ന് എം.എൽ.എയ്ക്കൊപ്പം വന്നതാണ് ആ സ്ത്രീ.

വർഷങ്ങൾക്കു മുൻപ് അവരുടെ ഏക മകൻ അടുത്തുള്ള സഹകരണ ബാങ്കിൽനിന്ന് ഇരുപതിനായിരം രൂപ വായ്‌പയെടുത്തു. കടം വീട്ടാതെ അവൻ നാടുവിട്ടു. ഇപ്പോൾ പലിശ പെരുകി വലിയ തുകയായി. ആ പാവം ഉമ്മയെ ഇറക്കിവിട്ടു ജപ്തി നടത്താൻ ഒരുങ്ങുകയാണ് ബാങ്ക്.

കണ്ണീരോടെ ജീവിതം പറയുന്ന അവരുടെ സങ്കടം മന്ത്രിയേയും ഒന്നുലച്ചു. അദ്ദേഹം അഭിമുഖമൊക്കെ മറന്ന് ആ ദുഃഖം പരിഹരിക്കുന്ന തിരക്കിലായി. സാധാരണ ബാങ്കിന്റെ നൂലാമാലകൾ നമുക്ക് അറിയാവുന്നതാണ്. പക്ഷേ, ഒരു ഭരണാധികാരിക്ക് ഏതു കുരുക്കും അഴിക്കാനും കഴിയുമെന്ന് എനിക്ക് അന്ന് മനസിലായി.

പത്തു ഫോൺകോളുകൾ, മന്ത്രിയുടെ സ്വതസിദ്ധ ശൈലിയിൽ ചില കർശന നിർദേശങ്ങൾ… അത്ര മതിയായിരുന്നു. ഏതോ സ്കീമിൽ ഉൾപ്പെടുത്തി ആ വൃദ്ധയുടെ കടം മുഴുവൻ ഒഴിവാക്കിച്ചു വിഷയം പരിഹരിക്കാൻ മന്ത്രിക്ക് വേണ്ടിവന്നത് അര മണിക്കൂർ മാത്രം.

നിറകണ്ണുകളോടെ അവർ നന്ദി പറഞ്ഞു ഇറങ്ങിക്കഴിഞ്ഞപ്പോൾ മന്ത്രി പറഞ്ഞു,
“പാവം. എം.എൽ.എ നല്ല ആളായോണ്ട് അവരെ കൂട്ടിവന്നു. അല്ലെങ്കിൽ ആ സാധുവിന്റെ കിടപ്പാടം പോയേനെ…”

എത്രയൊക്കെ നാം രാഷ്ട്രീയക്കാരെ വിമർശിക്കുമ്പോഴും, കേരളത്തിലെ കടുത്ത
കക്ഷിരാഷ്ട്രീയ യുദ്ധങ്ങൾക്കു ഇടയിൽപ്പോലും ഇത്തരം ഒരുപാട് നന്മകൾ നടക്കുന്നുണ്ട്. ബ്യുറോക്രസിയൊക്കെ നിയമത്തിന്റെ നൂലിഴ എടുത്തുകാട്ടി കരുണ കാട്ടാതിരിക്കുമ്പോൾ സാധുക്കൾക്ക് ചെന്നു മുട്ടാൻ ഒറ്റ വാതിലേയുള്ളൂ, ജനപ്രതിനിധി.

കേരളത്തിലെ ഏതു രാഷ്ട്രീയനേതാവിന്റെ വീട്ടിലും ഓഫീസിലും ഏതു സമയത്തുമുണ്ടാവും വേദനകളുടെ കഥകളുമായി ഒരു നൂറു പേർ. കൊടി വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യത്വത്തിന്റെ പേരിൽ എല്ലാവരെയും ഒന്നിപ്പിക്കുന്ന ചില നന്മകൾ ഇപ്പോഴും നമ്മുടെ രാഷ്ട്രീയത്തിൽ ബാക്കിയുണ്ട്. അതുകൊണ്ടാണ് രമേശ് ചെന്നിത്തലയ്ക്കും പിണറായി വിജയനും ഒരേ ഹെലികോപ്റ്ററിൽ ദുരന്തസ്ഥലങ്ങളിൽ എത്താൻ കഴിയുന്നത്.

പറഞ്ഞുവന്നത്, ആരു ഭരിക്കുമ്പോഴും കേരളത്തിന്റെ വലിയ നന്മകളിൽ ഒന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.
പാർട്ടി വ്യത്യാസമൊന്നും ഇല്ലാതെ അർഹർക്ക് അത് ആശ്വാസമാകുന്നു. മുഖ്യമന്ത്രിയുടെ ഫണ്ട് ഏറ്റവും ഫലപ്രദമായി അർഹർക്ക് എത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

കഴിഞ്ഞ യുഡിഎഫ് സർക്കാർ അഞ്ചുവർഷംകൊണ്ടു എണ്ണൂറ് കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്ന് പാവങ്ങൾക്കു നൽകിയത്.
പിണറായി സർക്കാർ രണ്ടു കൊല്ലംകൊണ്ടു മാത്രം കൊടുത്തത് 423 കോടി രൂപയാണ്. ജീവിതത്തിന്റെ പരീക്ഷണങ്ങളിൽ നട്ടംതിരിഞ്ഞ 234899 മനുഷ്യർക്കാണ് സഹായം കിട്ടിയത്.
(ദുരിതാശ്വാസനിധിയിൽ എത്തുന്ന തുകയിൽ സംഭാവനകൾ കുറവാണ്. അധികവും സർക്കാർ ലോട്ടറി വിറ്റു സമാഹരിക്കുന്ന തുകയാണ്.)

പിണറായി സർക്കാർ ചെയ്ത നല്ല കാര്യങ്ങളിലൊന്നു ദുരിതാശ്വാസ ഫണ്ടിൽനിന്നും സഹായം കിട്ടാനുള്ള നടപടി ലളിതമാക്കി എന്നതാണ്. വിതരണ നടപടി ഡി.എം.ആര്‍. സോഫ്‌റ്റ് വേർ വഴിയാണ് ഇപ്പോൾ. എം.എൽ.എയെ തേടി അലയേണ്ട, തിരുവനന്തപുരത്തു പോകേണ്ട. ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷയുടെ അവസ്ഥയും ഓൺലൈനിൽ അറിയാം.

അപേക്ഷ പാസായാൽ 100 മണിക്കൂറിനകം പണം അക്കൗണ്ടിൽ എത്തും. ഈ സർക്കാർ വരുമ്പോൾ 30000 അപേക്ഷകൾ കാത്തുകിടന്നിരുന്നു. അതിവേഗമാണ് അതു മുഴുവൻ തീർപ്പാക്കിയത്.
ഫണ്ടില്‍നിന്ന് തുക അനുവദിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ട്രഷറിയില്‍ സ്‌പെഷ്യല്‍ അക്കൗണ്ട് തുടങ്ങാനും ഈ സർക്കാർ അനുമതി നല്‍കി.

(കേരളത്തിന്റെ ഈ നന്മ മനസ്സിലാകണമെങ്കിൽ മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്നത് അറിയണം. മഹാരാഷ്ട്രയിൽ ഇടനിലക്കാർ വ്യാജരേഖ ഉണ്ടാക്കി ലക്ഷങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നും തട്ടിയത്. കർണാടകയിൽ ആ ഫണ്ടുതന്നെ മരവിപ്പിച്ചു ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റാക്കിയിരുന്നു ഉദ്യോഗസ്ഥർ, 2010 ൽ. കാരണം, അർഹരെ കണ്ടെത്തി വിതരണം ചെയ്യാനുള്ള മടി. ഗോവയിൽ പണം ധൂർത്തടിച്ചു. പഞ്ചാബിൽ ഇടനിലക്കാർ തട്ടിയത് ലക്ഷങ്ങളാണ്.)

കേരളത്തിൽ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പരാതിക്ക് ഇടയാക്കിയിട്ടില്ല. ഗുരുതരരോഗം ബാധിച്ചവർ, അപകടത്തിന‌് ഇരയായവർ, പ്രകൃതിദുരന്തങ്ങൾക്ക‌് ഇരയായവർ എന്നിവർക്കാണ‌് സഹായധനം നൽകുന്നത്.

10,000 രൂപവരെ കലക്ടർക്കും 15,000 രൂപവരെ റവന്യൂ സ‌്പെഷ്യൽ സെക്രട്ടറിക്കും 25,000 രൂപവരെ റവന്യൂമന്ത്രിക്കും സഹായധനം അനുവദിക്കാം. മൂന്നുലക്ഷം രൂപവരെയുള്ളവയിൽ മുഖ്യമന്ത്രിക്ക‌് തീരുമാനമെടുക്കാം. അതിനുമുകളിൽ മന്ത്രിസഭയുടെ അനുമതി വേണം.

ഇപ്പോൾ, കാലവര്‍ഷക്കെടുതിയുടെ സാഹചര്യത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ വ്യക്തികളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. സത്യത്തിൽ മുഖ്യമന്ത്രി ഈ കൈനീട്ടുന്നത് ഈ നാടിനുവേണ്ടിയാണ്. ദുരിതാശ്വാസനിധിയിൽ എത്തുന്ന ഒറ്റ രൂപപോലും പാഴാകാതെ അർഹർക്ക് എത്തിക്കാൻ ഇന്ന് കേരളത്തിന് സംവിധാനമുണ്ടെന്നു അഭിമാനത്തോടെ പറയാം.

ജൂലൈ 26 മുതല്‍ ആഗസ്റ്റ് 9 വരെ മാത്രം ദുരിതാശ്വാസനിധിയിലേക്ക് 1.75 കോടി രൂപ ലഭിച്ചിട്ടുണ്ട്. സംഭാവനകള്‍ അയക്കേണ്ടത് ഈ അകൗണ്ടിലേക്ക് :
അകൗണ്ട് നമ്പർ : 67319948232
ബാങ്ക് : SBI City Branch, TVM
IFSC : SBIN0070028.

അബ്ദുല്‍ റഷീദ്‌

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more