| Friday, 9th August 2019, 9:26 pm

പ്രളയ സാധ്യത: പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് നിര്‍ദേശവുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കില്‍ http://sdma.kerala.gov.in/wp-cont…/uploads/…/10/KL-Flood.jpg ലഭ്യമാണ്) 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും (ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കില്‍ http://sdma.kerala.gov.in/…/uploads/2018/10/KL-Landslide.jpg ലഭ്യമാണ്) 2018 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇത് വരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം. ഇത്തരം ആളുകള്‍ക്ക് വേണ്ടി സ്ഥിതഗതികള്‍ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട പൊതു നിര്‍ദേശങ്ങള്‍

– ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
– മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാനന്‍ സാധ്യതയുണ്ട് എന്നതിനാലല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങളള്‍ നിര്‍ത്തരുത്.
– മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
– സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
– ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
– പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കല്‍ ഒഴിവാക്കുക.
– പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

– ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്കുക.
– ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില് ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
– തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില് മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കുക. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
– ജലം കെട്ടിടത്തിനുള്ളിലല്‍ പ്രവേശിച്ചാല്‍, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക
– ജില്ലാ എമെര്‍ജന്‍സി ഓപ്പറേഷന്‌സ് സെന്റര് നമ്പരുകള്‍ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക
– പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര് കയ്യില് സൂക്ഷിക്കുക.
– വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
– വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക.
– വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങള്‍ക്ക് പൊതുവില്‍ നീന്താന്‍ അറിയുമെന്നോര്‍ക്കുക.
– വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുക.
– താഴ്ന്ന പ്രദേശത്തെ ഫ്‌ലാറ്റുകളില്‍ ഉള്ളവര്‍ ഫ്‌ലാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.
– രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുക.
– ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാല്‍ പരമാവധി പ്രയാസങ്ങള്‍ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം.

മഞ്ഞ, ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ ഓരോ സര്‍ക്കാര്‍ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ‘കാലവര്‍ഷ-തുലാവര്‍ഷ ദുരന്ത മുന്നൊരുക്ക പ്രതികരണ മാര്‍ഗരേഖ’ കൈപ്പുസ്തകത്തില്‍ വിശദമാക്കിയിട്ടുണ്ട്. കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിലെ http://sdma.kerala.gov.in/…/Orange-Book-of-Disaster-Managem… എന്ന ലിങ്കില്‍ ലഭ്യമാണ്. മഴ മുന്നറിയിപ്പുകള്‍ സംബന്ധിച്ചുള്ള പൊതു വിവരങ്ങള്‍ക്ക് അധ്യായം രണ്ട് കാണുക. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് അധ്യായം 6, 7 എന്നിവ ആശ്രയിക്കുക.

കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെര്‍ട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more