കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശസഹായം തേടേണ്ടി വരും; ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം
Kerala Flood
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശസഹായം തേടേണ്ടി വരും; ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 1:27 pm

കൊച്ചി: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശസഹായം തേടേണ്ടി വരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

നിലവില്‍ സര്‍ക്കാര്‍ ദുരിതാശ്വാസ പ്രര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ സര്‍ക്കാരിന് ഒറ്റയ്ക്ക് തുക കണ്ടെത്താവില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.

പ്രളയത്തിന് പിന്നാലെ സര്‍ക്കാര്‍ ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം വിശദമായി വിവരിക്കുന്ന സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കൃത്യമായി തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഡാമുകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നെന്നും എന്നാല്‍ ഡാമിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയായിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അപ്രതീക്ഷഇതമായി ഉണ്ടായ മഴയാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

775 വില്ലേജുകളിലായി 55 ലക്ഷം വീടുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. 19512 കോടിയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്. 309 സ്‌കൂളുകള്‍ പൂര്‍ണമായി നശിച്ചു. 36 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പ്രളയത്തിന് പിന്നാലെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ധനസഹായ തുകയുടെ കാര്യവും കൂടുതല്‍ തുക കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ടതുണ്ടൈന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.


ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം


പ്രളയക്കെടുതി മൂലം ഉണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍ നികത്തുന്നതിനുള്ള സഹായം തേടി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ലോകബാങ്ക്-എ.ഡി.ബി സംഘവുമായി ചര്‍ച്ച നടത്തുണ്ട്. ലോകബാങ്ക് പ്രതിനിധികള്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

ലോകബാങ്കിന്റെ ഇന്ത്യയിലെ തലവന്‍ നിഷാം അബ്ദു, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ (എ.ഡി.ബി) മേധാവി കെനിഷി യോക്കോയാമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമായാണ് ചര്‍ച്ച നടത്തുക.

മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ. തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത്, ജലവിഭവ, വൈദ്യുത വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരെ കൂടാതെ കേന്ദ്രധനകാര്യവകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.

പ്രളയത്തില്‍ തകര്‍ന്ന റോഡുകളും, പാലങ്ങളും പുനര്‍ നിര്‍മ്മിക്കല്‍, കെടിവെള്ള പദ്ധതികള്‍, വൈദ്യുത വിതരണം എന്നിവ പുനസ്ഥാപിക്കല്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫണ്ട് തേടുന്നത്. ലോകബാങ്കില്‍ നിന്ന് 5000 കോടി രൂപയെങ്കിലും വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.