വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രളയഭീഷണിയില്‍; ബ്രഹ്മപുത്രയില്‍ ജലനിരപ്പ് ഉയര്‍ന്നു
national news
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രളയഭീഷണിയില്‍; ബ്രഹ്മപുത്രയില്‍ ജലനിരപ്പ് ഉയര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd September 2018, 3:34 pm

ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രളയഭീഷണിയില്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആസാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. സാഗ്‌പോ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതായി ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാഗാലാന്റ്, അരുണാചല്‍ പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി പേരെ ആസാമിലെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പേരെ എയര്‍ലിഫ്റ്റിംഗ് വഴി വീടുകളില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

Read:  ഭാര്യമാരുടെ ക്രൂരതയ്ക്ക് ഇരയാകുന്ന പുരുഷന്മാര്‍ക്ക് ‘പുരുഷ കമ്മീഷന്‍’ വേണമെന്ന് ബി.ജെ.പി എം.പിമാര്‍

ആള്‍ ഇന്ത്യ റേഡിയോയുടെ കണക്കുകള്‍ പ്രകാരം ആസാമിലെ ഗൊലഘട്ട്, ധെമാജി ജില്ലകളില്‍ മാത്രം ഏകദേശം 15000ത്തോളം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 600 ഏക്കറോളം കൃഷി ഭൂമി നശിച്ചു. 1488 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി. നാഗാലാന്റിലാണ് പ്രളയം ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്. ഉരുള്‍പൊട്ടലും പ്രളയവും കാരണം 12 ജീവന്‍ നഷ്ടമായി.

ആയിരക്കണക്കിന് ആളുകള്‍ക്കാണ് വീട് നഷ്ടമായത്. ആസാമിന്‌റെ അയല്‍ സംസ്ഥാനമായ മേഘാലയില്‍ പ്രളയം നേരിടാന്‍ ദുരന്തനിവാരണ സംഘം സജ്ജരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുന്നു. തലസ്ഥാന മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

പല റോഡുകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. രണ്ടു ദിവസം കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടര്‍ച്ചയായ രണ്ടാം ദിവസവും പെയ്യുന്ന മഴയില്‍ സൗത്ത് അവന്യൂ, ഭൈറോണ്‍ മാര്‍ഗ്, ലജ്പത് നഗര്‍ മാര്‍ക്കറ്റ്, കശ്മീരി ഗേറ്റ് തുടങ്ങിയ മേഖലകളിലെല്ലാം വെള്ളക്കെട്ടുണ്ടായിട്ടുണ്ട്.

Read:  എം.എല്‍.എ ആകുന്നതിന് മുമ്പ് തന്റെ ബാങ്ക് അക്കൗണ്ട് കാലിയായിരുന്നു: പ്രധാനമന്ത്രി

ഗതാഗതതടസ്സത്തെപ്പറ്റി ഡല്‍ഹി പൊലീസ് ട്വിറ്ററിലൂടെയും മറ്റും മുന്നറിയിപ്പു നല്‍കുന്നുണ്ട്. മധ്യപ്രദേശിലെ ഓര്‍ച്ചയില്‍ സതര്‍ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മേഖല വെള്ളത്തിനടിയിലായി. യമുന നദിയില്‍ ജലനിരപ്പുയര്‍ന്നു. മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഉത്തരാഖണ്ഡിലെ ഉയരംകൂടിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.