നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു ജീവിക്കുന്ന ഒരു ജനതയ്ക്ക് പ്രളയം ഏല്‍പ്പിച്ചത് അതിജീവനം അടുത്തെങ്ങും സാധ്യമാവാത്ത തരത്തിലുള്ള കനത്ത ആഘാതമാണ്. രണ്ട് പതിറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ സമാനതകളില്ലാത്ത ദുരിതമാണ്
കുട്ടനാട്ടില്‍ സംഭവിച്ചത്. കുട്ടനാട്ടിലെ 39 പഞ്ചായത്തുകളിലാണ് പ്രളയം കാര്യമായി ബാധിച്ചിരിക്കുന്നത്. ഏകദേശം 95 ശതമാനം വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ ആളുകളുടെ ജീവനോപാധികളായ കന്നുകാലികള്‍, കോഴി, താറാവ് തുടങ്ങിയവയെല്ലാം നഷ്ടപ്പെട്ടു. കൂടാതെ അടുക്കള സാമഗ്രികള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി എല്ലാം പ്രളയം കവര്‍ന്നു.
ദൂരവ്യാപകമായ പ്രതിസന്ധിയാണ് കുട്ടനാട്ടിലുള്ളത്. ഒരു വര്‍ഷം എങ്കിലും കഴിയാതെ കുട്ടനാട് പഴയരൂപത്തിലേയ്ക്ക് എത്തില്ല. കേരളത്തിലെ നാലു പ്രധാന നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍, മീനച്ചില്‍ എന്നിവയും വേമ്പനാട്ടുകായലും ചേര്‍ന്നു രൂപം നല്‍കിയ ഡെല്‍റ്റാ പ്രദേശമാണ് കുട്ടനാട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ മൊത്തം വിസ്തൃതി 870 ചതുരശ്ര കിലോമീറ്ററാണ്. കുട്ടനാടിന്റെ അതിരുകള്‍ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലും, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുമായി ആകെ 79 റവന്യൂ വില്ലേജുകള്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടുന്നു.
കിഴക്കന്‍ വെള്ളം കുട്ടനാട്ടിലേയ്ക്ക് എത്താന്‍ തുടങ്ങിയതോടെയാണ് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടുത്തുടങ്ങിയത്. ഏകദേശം ഒന്നര ലക്ഷം ആളുകള്‍ കുട്ടനാട്ടില്‍ നിന്നും പലായനം ചെയ്യപ്പെട്ടു. വയല്‍ ഏത്, കായല്‍ ഏത്, തണ്ണീര്‍ത്തടം ഏത്, റോഡ് ഏത് എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത വിധം വെള്ളത്തിന്റെ പരപ്പ് മാത്രമാണ് ഇപ്പോള്‍ കുട്ടനാട്. വീടുകള്‍ പാതി വെള്ളത്തിലാണ്. കക്കൂസ് മാലിന്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെ കഴിഞ്ഞ 60 ദിവസമായി കുട്ടനാട്ടുകാര്‍ നീന്തുകയാണ്. ഒരു ജന്മം കൂട്ടിവെച്ച സമ്പാദ്യം 60 ദിവസത്തെ വെള്ളക്കെട്ട് കവര്‍ന്നു. ഇനി കുട്ടനാട്ടില്‍ മനുഷ്യ ജീവനുകള്‍ അല്ലാതെ മറ്റൊന്നും ബാക്കിയില്ല. ആയിരം കോടിയുടെ നഷ്ടമാണ് കുട്ടനാട്ടില്‍ കണക്കാക്കിയിരിക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍ പറയുന്നു. ഇതില്‍ 500 കോടി രൂപ റോഡുകള്‍ നന്നാക്കുന്നതിനു മാത്രം വേണ്ടിവരും.
പ്രളയജലം കരകവിഞ്ഞൊഴികിയതോടെ കിണറുകളിലെല്ലാം മലിനജലം നിറഞ്ഞു. നീരേറ്റുപുറം ജലശുദ്ധീകരണശാലയില്‍ നിന്നുള്ള വെള്ളമായിരുന്നു കുട്ടനാട്ടിലെ പലരും ആശ്രയിക്കുന്നത്. ജലശുദ്ധീകരണ ശാലയില്‍ വെള്ളം കയറിയതിനാല്‍ ഇവിടെ നിന്നുള്ള പമ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. 95 ശതമനം പാടങ്ങളിലേയും കൃഷി നശിച്ചു. ബാക്കി അഞ്ച് ശതമാനം പാടങ്ങളില്‍ ബണ്ടും കവിഞ്ഞ് വെള്ളം എത്തിയിട്ടുണ്ട്. കുട്ടനാട്ടിലെ രണ്ടാംകൃഷി ഏതാണ്ട് പൂര്‍ണമായും നശിച്ചു എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 9,907 ഹെക്ടര്‍ പാടങ്ങളിലാണ് കൃഷി നടക്കുന്നത്. 1125 ഹെക്ടര്‍ കൃഷിയാണ് മടവീണ് മാത്രം ഇല്ലാതായത്. 7,500 ഹെക്ടറിലധികം കൃഷി വെള്ളത്തില്‍പ്പെട്ടു.
അതേസമയം, അപ്പര്‍കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തേക്കാള്‍ രൂക്ഷമായ വെള്ളപ്പൊക്കം കുട്ടനാട്ടിലാണുണ്ടായത്. മുട്ടാര്‍, എടത്വ. ചാത്തങ്കരി, കൈനകരി, രാമങ്കരി, കാവാലം, പുളിങ്കുന്ന് പ്രദേശങ്ങളിലെ ജനങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. വെള്ളപ്പൊക്കം അനുഭവിക്കുന്ന അപ്പര്‍ കുട്ടനാട്ടില്‍ നിന്ന് വെള്ളമൊഴുകി എത്തിയിരുന്നത് കുട്ടനാട്ടിലേക്കായിരുന്നു. ഇത് ദുരിതത്തിന്റെ വ്യാപ്തി കൂട്ടി. കൂടാതെ പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ നിന്നുള്ള വെള്ളത്തിന്റെ പതന സ്ഥാനവും കുട്ടനാടാണ്. പമ്പയിലെ ഒഴുക്ക് അതിശക്തമായതും അച്ചന്‍കോവില്‍ കരകവിഞ്ഞ് ഒഴുകിയതും ഏറ്റവുമധികം ബാധിച്ചത് കുട്ടനാടാണ്. ഇവിടങ്ങളില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് ശക്തമാവുന്നതോടെ കുട്ടനാട് മുഴുവന്‍ വെള്ളത്തിലാവുമെന്ന് അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വെള്ളത്തെ ഭയപ്പെടാതെ ജീവിച്ച ഒരു ജനതയ്ക്ക് ഇപ്പോള്‍ വെള്ളം എന്ന് കേള്‍ക്കുന്നതേ ഭയമാണ്. ഭൂരിഭാഗം പ്രദേശങ്ങള്‍ ഇപ്പോഴും കഴുത്തൊപ്പം വെള്ളത്തിലാണ്. കെട്ടിക്കിടക്കുന്ന ജലം ഭൂമി സ്വീകരിക്കാത്ത വലിയ പ്രതിസന്ധിയും കുട്ടനാട്ടുകാര്‍ നേരിടുന്നുണ്ട്. പുനര്‍നിര്‍മാണം അടുത്തെങ്ങും സാധ്യമാകാത്ത വിധത്തില്‍ എല്ലാ തരത്തിലും തീര്‍ത്തും ഒറ്റപ്പെട്ടാണ് കുട്ടനാട് ഇപ്പോഴുള്ളതെന്ന് സാമൂഹിക പ്രവര്‍ത്തകനായ ബിജോയ് പറയുന്നു. “സാധാരണ അപ്പര്‍ കുട്ടനാട്ടിലോ മറ്റു മേഖലയിലോ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ വെള്ളപ്പൊക്കം കുട്ടനാടാണ് ഉണ്ടായത്. അപ്പര്‍ കുട്ടനാട്ടിലും മറ്റും ഒരാഴ്ചയാണ് വെള്ളം നിന്നത്.
എന്നാല്‍, കഴിഞ്ഞ 60 ദിവസമായി കുട്ടനാട് വെള്ളത്തില്‍ കിടക്കുകയാണ്. ഇങ്ങനെ രണ്ടുമാസത്തില്‍ കൂടുതലായി വെള്ളക്കെട്ടില്‍ കിടക്കുന്ന ഒരു പ്രദേശത്തു ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നിരവധിയാണ്. കഴിഞ്ഞ 29ാം തിയ്യതി സ്‌കൂള്‍ തുറക്കുന്ന തലേദിവസം തന്നെ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിച്ചിരുന്ന പല സ്‌കൂളുകളും പിരിച്ചു വിടുകയും അവിടെ കഴിയുന്നവരെ നിര്‍ബന്ധപൂര്‍വം വീടുകളിലേയ്ക്ക് അയക്കുകയും ചെയ്തു. ഇങ്ങനെ വീടുകളിലേയ്ക്ക് മടങ്ങിയവര്‍ നേരിടേണ്ടി വരിക വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. പൂര്‍ണമായും വെള്ളം ഇറങ്ങുന്നത് വരെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിക്കാതെ സ്‌കൂള്‍ തുറക്കുന്നു എന്ന് പറഞ്ഞ് വെള്ളക്കെട്ടുകള്‍ നിറഞ്ഞ വീടുകളിലേക്ക് പറഞ്ഞു വിടുകയാണ് ഉണ്ടായതെന്ന് ബിജോയ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കൈനകിരി മേഖലയിലെ എല്ലാ വീടുകളും ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്. ഈ വീടുകളിലൊക്കെ അട്ടിയായി ചളി അടിഞ്ഞിട്ടുണ്ട്. കൂടാതെ വലിയ തോതില്‍ മാലിന്യങ്ങള്‍ വന്നടിഞ്ഞിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ മുഴുവന്‍ മാലിന്യവും വന്ന് അടിഞ്ഞത് കുട്ടനാട്ടിലേയ്ക്കാണ്. പ്രത്യേകിച്ച് ശബരിഗിരി പദ്ധതിയിലെ ഡാമുകള്‍ തുറന്ന് വെള്ളം കുത്തിയൊലിച്ചു വന്നതു മൂലം കണക്കില്ലാത്ത മാലിന്യം കുട്ടനാട്ടിലേയ്ക്ക് ഒഴുകിയെത്തി. ചത്ത മൃഗങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ കുട്ടനാട്ടില്‍ അടിഞ്ഞു കിടക്കുകയാണ്. ഇത് എല്ലാ ജലസ്രോതസ്സുകളിലും കലര്‍ന്ന് കിടക്കുകയാണു. ഈ വെള്ളം യതൊരു വിധത്തിലും ഉപയോഗിക്കാന്‍ കഴിയില്ല.
അതുപോലെ കുടിവെള്ളം എത്തിക്കുന്ന പൈപ്പ് കണക്ഷന്‍ പൂര്‍ണമായും തകര്‍ന്നു. ഇതിലും മാലിന്യങ്ങള്‍ അടിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പൈപ്പില്‍കൂടി മാലിന്യം കലര്‍ന്ന ചുവന്ന വെള്ളമാണ് വരുന്നത്. പേരിനു പോലും ഒരിറ്റ് കുടിവെള്ളമില്ല. കുടിവെള്ളമില്ലാത്ത സ്ഥലത്തെയ്ക്കാണ് ആയിരക്കണക്കിന് ആളുകളെ പറഞ്ഞു വിട്ടിരിക്കുന്നത്. ഇപ്പോള്‍ കുട്ടനാട്ടിലുള്ള ബണ്ടുകളിലാണ് ആളുകള്‍ താമസിക്കുന്നത്. കായലിന്റെയും പാടത്തിന്റെയും നദിയുടെയും അരികത്തുള്ള ബണ്ടുകള്‍ക്ക് പത്തോ പതിനഞ്ചോ മീറ്റര്‍ മാത്രമാണ് വീതിയുള്ളത്. ബണ്ടിനോട് സമാനമായാണ് കടലിലെയും പാടത്തെയും കായലിലെയും വള്ളം കിടക്കുന്നത്. ഈ വെള്ളം മലമ്പ്രദേശത്ത് നിന്ന് കുട്ടനാട്ടിലേയ്ക്ക് എത്തിയതാണ്.
ഇപ്പോഴും കുട്ടനാട് താമസയോഗ്യമല്ല. നിലവില്‍ വെള്ളത്തില്‍ കിടക്കുന്ന പല പ്രദേശങ്ങളും താമസയോഗ്യമല്ല. ഭാവിയിലും താമസയോഗ്യമാകാന്‍ സാധ്യതയില്ല. ഇവരെ പുനരധിവസിപ്പിക്കേണ്ടി വരും. ഇതാണ് കുട്ടനാട്ടില്‍ വരാന്‍ പോകുന്ന നിര്‍ണായക പ്രധിസന്ധികളില്‍ ഒന്ന്. അത്രേയും അപകടകരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.
കുട്ടനാട്ടില്‍ വര്‍ഷത്തില്‍ രണ്ടു തവണ കൃഷി ചെയ്യുന്നുണ്ട്. ഇതിന് വലിയതോതില്‍ രാസവളം ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടുത്തെ 100 വീടുകള്‍ എടുത്തു നോക്കിയാല്‍ അതില്‍ 20 വീട്ടില്‍ വികലാംഗരായ ആളുകളുണ്ട്. കരുവാറ്റ, തകഴി, നെടുമുടി മേഖലകളില്‍ ഈ നിരക്ക് കൂടുതലാണ്. ഈ കൃഷി ഇടങ്ങളില്‍ തളിച്ച രാസമാലിന്യവും വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. സ്വാഭാവികമായും ഇത് ദുരന്തത്തിന്റെ ആഴം കൂട്ടും.
കൂടാതെ പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാനസിക ആഘാതം സംഭവിച്ചിട്ടുണ്ട്. കുട്ടികള്‍ ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഈ കുട്ടികള്‍ക്ക് രണ്ടു ദിവസം വരെ വെള്ളത്തില്‍ കഴിയേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി ഈ കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് നല്‍കേണ്ടതുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികള്‍ക്ക് പാട്ടു പാടിക്കൊടുക്കുക, കഥ പറഞ്ഞു കൊടുക്കുക തുടങ്ങിയ കാര്യങ്ങളാണ്. ഇതു കൂടാതെ കുട്ടികളുടെ പഠനത്തേയും ഭൗതികതയേയും കാര്യശേഷിയേയും ബാധിക്കുന്ന തരത്തിലെയ്ക്ക് ഈ പ്രളയം കുട്ടികളില്‍ ആഘാതം വരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പാട്ടിന്റെയും കളിയുടെയും അപ്പുറത്തെക്കുള്ള ഇടപെടല്‍ കുട്ടികളുടെ കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ട്. കൂടാതെ കഴിഞ്ഞ രണ്ടു മാസായി കുട്ടനാട്ടിലെ കുട്ടികളുടെ പഠനം മുടങ്ങിക്കിടക്കുകയാണ്. ഇതും പരിഹരിക്കേണ്ടതുണ്ട്.
സാംക്രമിക രോഗങ്ങളുടെ നടുക്കാണ് ഇപ്പോള്‍ കുട്ടനാടുള്ളത്. നിലവില്‍ വയറിളക്കം, അതിസാരം, ചര്‍ദ്ദില്‍ തുടങ്ങിയ രോഗങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെള്ളം ഇറങ്ങുന്നതോടെ രോഗം കൂടുതലായി വ്യാപിക്കും. യഥാര്‍ഥത്തില്‍ വെള്ളം പൂര്‍ണമായും ഇറങ്ങിക്കഴിയുന്നത് വരെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ഇത്തരം സാഹചര്യം നിലനില്‍ക്കെ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്നും മറ്റും ക്യാമ്പുകള്‍ നിര്‍ബന്ധപൂര്‍വം പിരിച്ചു വിട്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അപ്പര്‍ കുട്ടനാട് മേഖലയില്‍ ഇത് വ്യാപകമായി ഉണ്ടായിട്ടുണ്ട്. തിരുവല്ല ബാലികാമഠം സ്‌കൂളില്‍ കഴിഞ്ഞിരുന്ന അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ കുറ്റൂര്‍, തെങ്ങേലി നിവാസികളെ ബലം പ്രയോഗിച്ച് പറഞ്ഞു വിട്ടിട്ടുണ്ട്. അതുപോലെ പരുമല പള്ളിയില്‍ താമസിച്ചിരുന്ന 800 ഓളം കുടുംബങ്ങളെ ഇങ്ങനെ പറഞ്ഞു വിട്ടിട്ടുണ്ട്.
ക്യാമ്പുകളില്‍ നിന്നും മടങ്ങി വന്നവരുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഭക്ഷണം പാകം ചെയ്യാന്‍ പോലും ബുദ്ധിമുട്ടുന്ന ആളുകളെയാണ്. കൂടാതെ ഒരു വീടും വാസയോഗ്യമല്ല. പക്ഷേ, വേറെ എവിടെ പോയി കിടക്കും. മറ്റൊരു സംവിധാനം ഇല്ലാത്തതിനാല്‍ നാറ്റം സഹിച്ച് ചളിയില്‍ കിടന്നുറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പല സ്ഥലങ്ങളില്‍ നിന്നും ഉച്ചഭക്ഷണം ആവശ്യപ്പെട്ട് ഞങ്ങളെ വിളിക്കുന്നുണ്ട്. കാരണം അഴുക്കു വെള്ളത്തില്‍ ഭക്ഷണം പാകം ചെയാന്‍ കഴിയില്ലല്ലോ. നേരത്തെ അസുഖ ബാധിതരായ ആളുകളാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്. വീല്‍ചെയറിലായ ആളുകളുണ്ട്, ഓട്ടിസം ബാധിച്ച കുട്ടികളുണ്ട്, മാനസികാസ്വാസ്ഥ്യം ബാധിച്ചവരുണ്ട്, ഗര്‍ഭിണികളുണ്ട്. ഇവരൊക്കെ കൃതമായി പരിരക്ഷിക്കപ്പെടുന്നില്ല. ഈ വെള്ളക്കെട്ടില്‍ കിടന്ന് നരകിക്കുക അല്ലാതെ മറ്റൊരു മാര്‍ഗവും ഇവര്‍ക്കില്ല. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇവര്‍ക്ക് സുരക്ഷിതമായെങ്കിലും നില്‍ക്കാമായിരുന്നു. ബിജോയ് പറയുന്നു.
ഇനിയൊരു വെള്ളപ്പോക്കാമോ അല്ലെങ്കില്‍ ഇതുപോലെയോ കുട്ടനാട് വെള്ളപ്പൊക്കത്തില്‍ കിടന്നാല്‍ ഇനിയുള്ള കാലത്ത് കുട്ടനാട്ടില്‍ മനുഷ്യവാസം ഇല്ലാതെയാവും. ഈ വെള്ളപ്പൊക്കം പാരിസ്ഥിതിക അപചയം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ മൂലം ഉണ്ടായതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രകൃതിയെ പരിഗണിക്കാത്ത നിര്‍മാണങ്ങളാണ് യഥാര്‍ഥത്തില്‍ കുട്ടനാടിനെ പ്രളയത്തില്‍ മുക്കിയത്. പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടായിരുന്ന നീരൊഴുക്കിനെ തടയുന്ന രൂപത്തിലാണ് കുട്ടനാട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കുട്ടനാട് എന്നു പറഞ്ഞാല്‍ തന്നെ തണ്ണീര്‍ത്തടങ്ങളുടെ ഭൂമികയാണ്. വലിയൊരു ജൈവ സമ്പന്നത കുട്ടനാട്ടില്‍ ഉണ്ടായിരുന്നു. ഈ പ്രളയക്കാലം അതെല്ലാം തകര്‍ത്തു.
ആയിരക്കണക്കിനു തോടുകള്‍ കുട്ടനാട്ടില്‍ ഉണ്ടായിരുന്നു. ഓരോ വീടിന്റെയും മൂന്നു വശത്ത് തോടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി കുട്ടനാട്ടില്‍ കാണുന്നത് ഇതാണ്, ചെറിയ ചാലുകള്‍, തോടുകള്‍ എന്നിവ നികത്തി റോഡ് പണിതു. തല്‍ഫലമായി വെള്ളം ഒഴുകിപോകേണ്ട സംവിധാനങ്ങള്‍ അടഞ്ഞു പോയി. മറ്റൊരു ഗുരുതര പ്രശ്‌നം ടൂറിസമാണ്, ടൂറിസത്തിന്റെ പേരില്‍ കുട്ടനാട്ടിലെ 40 ശതമാനം തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെട്ടിട്ടുണ്ട്. ഇതും കൂടുതല്‍ വെള്ളക്കെട്ടിന് കാരണമായി. യഥാര്‍ഥത്തില്‍ മൂന്ന് അണക്കെട്ടിനു താങ്ങാനുള്ള സ്വാഭാവിക ജലം കുട്ടനാട്ടില്‍ ഉണ്ടായിരുന്നു. ഈ സംഭരണ ശേഷിയെ പാടെ തകര്‍ക്കുന്ന രീതിയിലായിരുന്നു കുട്ടനാട്ടിലെ വികസന പദ്ധതികള്‍.
ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നുണ്ടല്ലോ കുട്ടനാടന്‍ പാക്കേജ് (കുട്ടനാടിന്റെ അതിലോലവും സങ്കീര്‍ണ്ണവുമായ പരിസ്ഥിതിക്ക് ഹാനികരമാവാത്ത വിധത്തില്‍ ഇവിടത്തെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനും അതുവഴി സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുവാനും കൈക്കൊള്ളേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഡോ. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ കുട്ടനാട് കാര്‍ഷിക പാക്കേജ് എന്ന പേരില്‍ പ്രസിദ്ധമായത്. കുട്ടനാടന്‍ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ശുപാര്‍ശകളാണ് ഈ പാക്കേജില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.) നടപ്പാക്കണം എന്ന്.
എന്നാല്‍ കഴിഞ്ഞ 12 വര്‍ഷമായി കുട്ടനാടന്‍ പാക്കേജിന്റെ ഒരു പേജ് പോലും നടപ്പാക്കിയിട്ടില്ല. ടൂറിസം മൂലധനം ലക്ഷ്യം വെച്ചുകൊണ്ടുള്ള തോമസ് ചാണ്ടിയെ പോലെയുള്ള ആളുകളാണ് കുട്ടനാടന്‍ പാക്കേജിനെ അട്ടിമറിക്കുന്നത്. ഇനി ഏത് പുനര്‍നിര്‍മാണ പദ്ധതി കൊണ്ട് വന്നാലും അത് കുട്ടനാടിന്റെ പരിസ്ഥിതിയെ അവിടുത്തെ ഭൂപ്രദേശത്തെ അറിയാതെ നടപ്പാക്കിയാല്‍ കുട്ടനാട് നാമാവശേഷമാകും. ബിജോയ് പറയുന്നു.