ബെംഗളൂരു: മഴ ശക്തമായതോടെ ബെംഗളൂരു നഗരം വെള്ളത്തിനടിയിലായിരിക്കുകയാണ്. രാജ്യത്തെ ഐ.ടി ഹബ്ബായ ബെംഗളൂരുവില്‍ മഴക്കെടുതി രൂക്ഷമായതോടെ പൊതുഗതാഗതം സ്തംഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഇതോടെ ട്രാക്ടറുകളിലും ബോട്ടുകളിലും ജോലിക്കെത്തുന്ന ടെക്കികളുടെ ചിത്രങ്ങള്‍ ദേശീയ തലത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.
റോയിട്ടേഴ്‌സ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
അതേസമയം ബെംഗളൂരുവിലെ മഴക്കെടുതിയില്‍ അധികാരികളെ ചോദ്യം ചെയ്തും പരിഹസിച്ചും ട്വിറ്ററില്‍ പോസ്റ്റുകള്‍ നിറയുകയാണ്. ബെംഗളൂരു വെനീസ് ആയിരിക്കുന്നു എന്നാണ് ചിലരുടെ അഭിപ്രായം.
ഒരു നഗരത്തിന് മുഴുവന്‍ വാട്ടര്‍തീം പാര്‍ക്ക് ആകാന്‍ കഴിയുമ്പോള്‍ ഇനി സംസ്ഥാനത്ത് മറ്റൊരു വണ്ടര്‍ലായുടെ ആവശ്യമില്ലെന്നും ട്വിറ്ററില്‍ പരിഹാസങ്ങള്‍ ഉയരുന്നുണ്ട്. ഒരു സാധാരണ നഗരത്തെ ഫ്‌ലോട്ടിങ് നഗരമാക്കി മാറ്റാന്‍ സര്‍ക്കാറെടുത്ത പരിശ്രമങ്ങള്‍ക്ക് നന്ദിയറിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്.
’50 ശതമാനമുള്ള അഴിമതി ദയവ് ചെയ്ത് നൂറ് ശതമാനമാക്കണം. നിങ്ങള്‍ ഈ നഗരത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. നിങ്ങള്‍ അഴിമതി കൂട്ടിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് സ്ഥിരമായി വെനീസിലെത്താമല്ലോ.. ഈ ‘വെനീസ്’ അധികം ആയുസ്സില്ലാത്തതല്ലേ..,’ എന്നാണ് മറ്റ് ചിലരുടെ ട്വീറ്റുകള്‍.
ഇപ്പോള്‍ എല്ലാ അപ്പാര്‍ട്ടമെന്റുകളും ‘ലേക്ക് വ്യൂ അപ്പാര്‍ട്ട്‌മെന്റ്’ ആയെന്നും ട്വീറ്റുകളുണ്ട്.
അതേസമയം കര്‍ണാടകയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണമെന്നാണ് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ പ്രതികരണം. അനധികൃതമായ നിര്‍മാണങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇത് തന്നെയാണ് നിലവില്‍ സംസ്താനത്തിന്റെ സ്ഥിതി ഇത്ര ഭീകരമാക്കിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Content Highlight: Flood in bengaluru, people slamiming government in twitter