ബീഹാറില്‍ 15 ലക്ഷം പേരെ ബാധിച്ച് കനത്ത പ്രളയം; ഇതുവരെയുണ്ടായിട്ടുള്ള പ്രളയങ്ങളെക്കാള്‍ രൂക്ഷം, പലരും വീടുകള്‍ക്കുള്ളില്‍ കുടുങ്ങി
national news
ബീഹാറില്‍ 15 ലക്ഷം പേരെ ബാധിച്ച് കനത്ത പ്രളയം; ഇതുവരെയുണ്ടായിട്ടുള്ള പ്രളയങ്ങളെക്കാള്‍ രൂക്ഷം, പലരും വീടുകള്‍ക്കുള്ളില്‍ കുടുങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th July 2020, 11:14 pm

പട്‌ന: ബീഹാറില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് മഴ തുടരുന്നെന്ന് റിപ്പോര്‍ട്ട്. 11 ജില്ലകളിലായി 15 ലക്ഷത്തിലധികം ജനങ്ങളെ പ്രളയം ഇതിനോടകം തന്നെ ബാധിച്ചുകഴിഞ്ഞു. ഇതില്‍ പത്ത് ലക്ഷത്തോളം പേരുടെ വീടും ഉപജീവനമാര്‍ഗവും നശിച്ചെന്നാണ് ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കുന്നത്.

ദര്‍ഭംഗ ജില്ലയിലാണ് പ്രളയം ഏറ്റവുമധികം കെടുതികളുണ്ടാക്കിയിരിക്കുന്നത്. ഇവിടെ 5.36 ലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയോ വീടുകളില്‍ കുടുങ്ങിക്കിടക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ദര്‍ഭംഗയിലെ ബിഷന്‍പൂരില്‍ വീടുകള്‍ വെള്ളത്തിനടിയിലായ നിലയിലാണ്. വെള്ളത്തിലൂടെ നടന്ന് രക്ഷപെടാന്‍ ശ്രമിക്കുകയാണ് ഗ്രാമീണര്‍.

‘ഞങ്ങള്‍ എല്ലാ വര്‍ഷവും പ്രളയത്തെ നേരിടാറുണ്ട്. എന്നാല്‍ ഇത് ഇതുവരെ കാണാത്തത്തത്ര രൂക്ഷമാണ്’, ഗ്രാമീണരിലൊരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സമാനമായ അവസ്ഥയാണ് പല ഗ്രാമങ്ങളിലുമുള്ളത്. വീടും കൃഷിഭൂമിയുമെല്ലാം ഒലിച്ചുപോയെന്ന് ഇവര്‍ പറയുന്നു.

മുസാഫര്‍പൂര്‍ ജില്ലയില്‍ രണ്ട് ലക്ഷത്തോളം പേരെയും പ്രളയം ബാധിച്ചുകഴിഞ്ഞു. സീതാമറി, ഷിയോഹര്‍, സുപൗള്‍, കിഷന്‍ഗഞ്ച്, ഗോപാല്‍ഗഞ്ച്, പശ്ചിമ ചംബാരന്‍, ഖഗാറിയ, സരണ്‍ തുടങ്ങിയവയാണ് പ്രളയം രൂക്ഷമായി ബാധിച്ച മറ്റ് ജില്ലകള്‍.

നിലവില്‍ ഗംഗ നദി എല്ലാ സ്ഥലങ്ങളിലും അപകട നിരപ്പിന് താഴെയാണുള്ളത്. എന്നാല്‍ മഴ തുടരുന്നത് സ്ഥിതി വഷളാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ