ദുരിതബാധിതരെ ക്യാംപുകളില്‍ നിന്നും നിര്‍ബന്ധിച്ചു പറഞ്ഞയയ്ക്കുന്നതായി പരാതി; വാസയോഗ്യമല്ലാത്ത വീടുകളിലേക്ക് ഉടനെ മടങ്ങാനാവില്ലെന്ന് ക്യാംപിലുള്ളവര്‍
governance
ദുരിതബാധിതരെ ക്യാംപുകളില്‍ നിന്നും നിര്‍ബന്ധിച്ചു പറഞ്ഞയയ്ക്കുന്നതായി പരാതി; വാസയോഗ്യമല്ലാത്ത വീടുകളിലേക്ക് ഉടനെ മടങ്ങാനാവില്ലെന്ന് ക്യാംപിലുള്ളവര്‍
ശ്രീഷ്മ കെ
Monday, 27th August 2018, 10:54 pm

പത്തനംതിട്ട: തിരുവല്ലയില്‍ ദുരിതാശ്വാസ ക്യാംപില്‍ നിന്നും ദുരന്തബാധിതരെ നിര്‍ബന്ധിച്ച് വീടുകളിലേക്ക് പറഞ്ഞയയ്ക്കുന്നതായി പരാതി. ഇരവിപേരൂരിലെ എന്‍.എസ്.എസ് കെ.യു.പി.എസ് സ്‌കൂളിലെ ക്യാംപില്‍ നിന്നും താനടക്കമുള്ളവരോട് വിട്ടുപോകാന്‍ ആവശ്യപ്പെട്ടതായി കെ.കെ. രാജനാണ് ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തന്റെയോ മറ്റുള്ളവരുടേയോ വീടുകള്‍ ഇതുവരെ വാസയോഗ്യമായിട്ടില്ലെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത് സാമ്പത്തിക സഹായം പോലും കൈപ്പറ്റുന്നതിനു മുന്നേ എങ്ങിനെയാണ് തങ്ങളെ പറഞ്ഞുവിടാനാവുക എന്നും രാജന്‍ ചോദിക്കുന്നു.

29ാം തീയതി സ്‌കൂളില്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കേണ്ടതുണ്ടെന്നും, അതിനാല്‍ ഉടനേതന്നെ അവരവരുടെ വീടുകളിലേക്കു മടങ്ങണമെന്നും ക്യാംപ് ഓഫീസര്‍ ആവശ്യപ്പെട്ടതായി രാജന്‍ പറയുന്നു. എന്നാല്‍, പൂര്‍ണമായും തകര്‍ന്ന നിലയിലുള്ള തന്റെ വീട്ടിലേക്ക് എങ്ങിനെ ഇത്രപെട്ടന്നു മടങ്ങിച്ചെല്ലുമെന്നാണ് രാജന്റെ ചോദ്യം.

 

“വീടിന്റെ മുകളില്‍ ഷീറ്റാണ് ഇട്ടിരിക്കുന്നത്. അതു പൊട്ടിത്തകര്‍ന്ന അവസ്ഥയിലാണ്. ഉത്തരവും കഴുക്കോലും ഒടിഞ്ഞിട്ടുണ്ട്. ഭിത്തി പൊട്ടിക്കീറി. താമസിക്കാന്‍ ഒട്ടും സൗകര്യമില്ലാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്.” രാജന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

 

Also Read: ദുരിതാശ്വാസ ഫണ്ട് നല്‍കരുതെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

 

സ്‌കൂള്‍ തുടങ്ങുന്നതിനു രണ്ടു ദിവസം മുന്നേയെങ്കിലും ഇറങ്ങിയേ തീരൂ എന്ന നിര്‍ബന്ധത്തിലാണ് അധികൃതര്‍. ക്യാംപില്‍ നിയോഗിച്ചിട്ടുള്ള പൊലീസുകാരാണ് ഉടന്‍ തന്നെ തിരികെ വീട്ടില്‍ പോകണം എന്ന് തങ്ങളെ നിര്‍ബന്ധിക്കുന്നതെന്നും രാജന്‍ പറയുന്നു.

“അവര്‍ക്ക് നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്, ഇറങ്ങണം എന്നാണ് പറയുന്നത്. പഞ്ചായത്ത് മെംബര്‍ ഇടപെട്ടതിനാല്‍ ഇന്നൊരു ദിവസത്തെ സാവകാശം കൂടി ലഭിച്ചിട്ടുണ്ട്. ക്യാംപുകളില്‍ നിന്നും വീടുകളിലേക്കു മടങ്ങുന്നവര്‍ക്ക് മൂവായിരത്തി എണ്ണൂറു രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനും മറ്റു ചെലവുകളിലേക്കുമായി ഈ തുക ക്യാംപ് വിടുന്ന സമയത്തു നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഞാനും കേട്ടതാണ്. അതു കൈപ്പറ്റുന്നതിനു മുന്നേ തന്നെ ഇപ്പോള്‍ തിരികെ മടങ്ങാന്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കയാണ്.” രാജന്‍ വിശദീകരിച്ചു.

ക്യാംപ് ഓഫീസറുടെ നിര്‍ദ്ദേശം വലിയ പ്രതിഷേധങ്ങള്‍ക്കു വഴി വയ്ക്കുകയും, ജില്ലാ കലക്ടറുടെ ഓഫീസിലേക്ക് പരാതികള്‍ പോകുകയും ചെയ്തതിനെത്തുടര്‍ന്ന് നയം മയപ്പെടുത്തി പഞ്ചായത്ത് കമ്മറ്റി രംഗത്തെത്തിയിരുന്നു. എല്ലാവരും ഉടനെ ഇറങ്ങേണ്ടതില്ലെന്നും വീടുകളിലേക്ക് തിരിച്ചു പോകാനുള്ള സാഹചര്യമുള്ളവര്‍ മാത്രം മടങ്ങിയാല്‍ മതിയെന്നുമാണ് എട്ടാം വാര്‍ഡിലെ പഞ്ചായത്ത് മെംബര്‍ ബിന്ദു ഏറ്റവും ഒടുവില്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, നാളെ ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങേണ്ടിവരുമെന്നും സൂചനയുണ്ട്. സി.എസ്.ഐക്കാര്‍ നല്‍കിയ താല്‍ക്കാലിക സഹായ വാഗ്ദാനത്തിലും, പഞ്ചായത്ത് മെംബര്‍ നല്‍കിയ വാക്കിലും വിശ്വസിച്ചാണ് രാജനടക്കം അനവധി പേര്‍ ക്യാംപില്‍ ജീവിക്കുന്നത്.

ദുരിതാശ്വാസമായി പ്രഖ്യാപിച്ച തുക അക്കൗണ്ടുവഴിയാണ് വരിക എന്നാണ് പഞ്ചായത്ത് മെംബര്‍ ഇപ്പോള്‍ പറയുന്നതെന്ന് രാജന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അക്കൗണ്ടുവഴി വരുന്ന തുക ശേഷം പ്രഖ്യാപിച്ചതാണെന്നും, വെള്ളം കയറിത്തുടങ്ങിയ സമയത്ത് മുഖ്യമന്ത്രി നേരിട്ടു പ്രഖ്യാപിച്ച തുക ക്യാംപില്‍ നിന്നു മടങ്ങുന്നതിനു മുന്നേ ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെന്നുമാണ് പ്രദേശവാസികളുടെ പക്ഷം. അതു പോലും നല്‍കാതെ തങ്ങളെ എങ്ങനെ ഇറക്കിവിടാനാകുമെന്ന് ഇവര്‍ ചോദിക്കുന്നു. തുക വേഗത്തില്‍ ലഭ്യമാക്കാനായി ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കാനാണ് നീക്കമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചിരുന്നു.

അന്‍പതോളം കുടുംബങ്ങളാണ് ക്യാംപിലുള്ളത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്നലെ ഇറങ്ങണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ത്തന്നെ ഇറങ്ങേണ്ടി വന്നിരുന്നു. രോഗികളടക്കമുള്ളവരാണ് ഇന്നലെ ക്യാംപില്‍ നിന്നും ഇറങ്ങാന്‍ നിര്‍ബന്ധിതരായതെന്ന് ക്യാംപിലെ മറ്റുള്ളവര്‍ പറയുന്നു. “കൈകാലുകള്‍ക്ക് സ്വാധീനക്കുറവുള്ള ഒരു കുഞ്ഞിനെ എടുത്തുകൊണ്ടു പോകേണ്ടിവന്നു. രോഗിയും വൃദ്ധനുമായ മറ്റൊരാള്‍ ഇന്നലെ മകന്റെ വീട്ടിലേക്കു മാറ്റിയതിനു ശേഷം മരിക്കുകയും ചെയ്തു. എഴുന്നേറ്റു നടക്കാന്‍ വയ്യാത്തവര്‍ അടക്കമുള്ളവരോടാണ് ഇന്നോ നാളെയോ ഇറങ്ങണമെന്നു പറയുന്നത്. ഇവരാരുടേയും വീടുകള്‍ ഇപ്പോള്‍ വാസയോഗ്യവുമല്ല.” രാജന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ക്യാംപ് ഓഫീസറുടെ കൈവശം രാജന്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. പോകാന്‍ സാധിക്കുന്നവര്‍ മാത്രം പോയാല്‍ മതി എന്നും, അതിനു സാധിക്കാത്തവര്‍ രണ്ടു മൂന്നു ദിവസം കൂടി നില്‍ക്കട്ടെയെന്നും വാര്‍ഡ് മെംബര്‍ നിലപാടു മയപ്പെടുത്തിയ ആശ്വാസത്തിലാണ് ഇപ്പോള്‍ ക്യാംപിലുള്ളവര്‍. സ്‌കൂളിന് പ്രവര്‍ത്തനം ആരംഭിക്കേണ്ടതുള്ളതിനാല്‍ വീടുകളിലേക്ക് പോകാന്‍ സാധിക്കാത്തവരെ മറ്റൊരു ക്യാംപിലേക്ക് മാറ്റാനുള്ള നടപടിയെടുക്കണം എന്ന ആവശ്യത്തോടും മെംബര്‍ അനുകൂലമായ നിലപാടെടുത്തിട്ടുണ്ട്.

 

Also Read: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരും മത്സ്യത്തൊഴിലാളികളുടെ ഭാര്യമാരും സേവനത്തിന്: കേരളത്തെ പുനര്‍നിര്‍മിയ്ക്കാന്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുമായി കുടുംബശ്രീ

 

എന്നാല്‍, ക്യാംപ് ഓഫീസര്‍ ഇത്രയായിട്ടും മൗനം പാലിക്കുകയാണെന്നും പരാതിയുണ്ട്. ആര്‍.ഡി.ഒ നല്‍കിയ ഓര്‍ഡര്‍ ആണെന്നും താന്‍ തന്റെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്നുമായിരുന്നു നേരത്തേ ക്യാംപ് ഓഫീസര്‍ ഇവര്‍ക്കു നല്‍കിയ വിശദീകരണം. എന്‍.എസ്.എസ് സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ക്യാംപ് സന്ദര്‍ശിച്ച് സ്‌കൂള്‍ തുറക്കേണ്ടതിനാല്‍ താമസക്കാര്‍ ഒഴിയേണ്ടിവരുമെന്നു പറഞ്ഞിരുന്നു. വീട്ടില്‍ വെള്ളം കയറിയതിനാല്‍ അധ്യാപികയും മറ്റൊരു ക്യാംപിലാണുള്ളത്. സ്‌കൂളല്ലേ, ഒഴിയാതെ സാധിക്കില്ലല്ലോയെന്നും ക്യാംപിലുള്ളവര്‍ ആശങ്കപ്പെടുന്നുണ്ട്.

സമാനമായ ആശങ്കകള്‍ പല ക്യാംപുകളില്‍ നിന്നും ഉയര്‍ന്നതോടെ, ആരേയും നിര്‍ബന്ധിച്ച് വീടുകളില്‍ പറഞ്ഞയയ്ക്കില്ലെന്ന് മന്ത്രി സുനില്‍കുമാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപുകള്‍ക്കു പകരം സര്‍ക്കാര്‍ മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.