| Sunday, 19th August 2018, 1:38 pm

കലിമഴയില്‍ വിറച്ച് വയനാട്; കരുത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ വയനാട്ടുകാര്‍

ആര്യ. പി

വയനാട്: പ്രളയം വിതച്ച ദുരിതക്കയത്തില്‍ നിന്നും വയനാട് തിരിച്ചുവരുന്നതേയുള്ളൂ.. തങ്ങളുടെ മേല്‍ വീണ മുറിവുകള്‍ മാറ്റി അതിജീവനത്തിനായുള്ള വലിയ പോരാട്ടത്തിലാണ് അവര്‍.

മഴയ്ക്ക് നേരിയ ശമനം വന്നതോടെ ഏറെ ആശ്വാസത്തിലാണ് വയനാട്ടുകാര്‍. എന്നാല്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തന്നെ മുന്‍കരുതല്‍ എന്ന നിലയില്‍ 3000ത്തിലേറെ പേരെ ഇന്നലെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

കനത്ത മഴ വലിയ നാശനഷ്ടങ്ങളാണ് വയനാടിന് മേല്‍ വരുത്തിയത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും എല്ലാം നശിച്ചു. ഇവിടുത്തെ കൃഷി നാശവും ഭീമമാണ്. മാനന്തവാടി, വൈത്തിരി താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്.

“”വയനാട്ടില്‍ നിലവില്‍ വലിയ പ്രശ്‌നങ്ങളില്ലെന്നും മഴയില്‍ കുറവുണ്ടെന്നും ക്യാമ്പുകളെല്ലാം നന്നായി തന്നെ പോകുന്നുണ്ടെന്നുമാണ് വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തകനായ ഷമീം ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

സര്‍ക്കാരിന്റേയും സന്നദ്ധ സംഘടനകളുടേയും സഹായങ്ങള്‍ വലിയ തോതില്‍ തന്നെ ലഭിക്കുന്നുണ്ട്. സഹായങ്ങള്‍ ഇനിയും ആവശ്യമാണെന്നും ഇദ്ദേഹം പറയുന്നു

മഴ കുറയുന്നതോടെ ക്യാമ്പുകളില്‍ കഴിയുന്നവരെ വീടുകളിലേക്ക് അയക്കും. അവിടെ തിരിച്ചെത്തിക്കഴിഞ്ഞാല്‍ ഉണ്ടാകുന്ന ആവശ്യങ്ങളാണ് ഇനി നടക്കേണ്ടത്. നിരവധി പേര്‍ക്ക് വീട് പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടുപകരണങ്ങളും കൃഷിയും എല്ലാം ഇല്ലാതായവര്‍. അത്തരം സഹായങ്ങളെല്ലാം വയനാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യമാണ്. ഉടുത്ത വസ്ത്രത്താല്‍ ഇറങ്ങി വന്നവരാണ് പലരും. എല്ലാം നഷ്ടപ്പെട്ടവര്‍. വലിയ രീതിയിലുള്ള സഹായങ്ങള്‍ തന്നെ അവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. – ദുരിതാശ്വാസപ്രവര്‍ത്തകര്‍ പറയുന്നു.

വയനാട്ടില്‍ 9ാം തിയതി ഉണ്ടായ വെള്ളം പിന്നീട് ഉണ്ടായിട്ടില്ലെന്നും ആ ഒരു ദിവസത്തെ ദുരിതമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. മഴവെള്ളവും ഉരുള്‍പൊട്ടലും ഒന്നു രണ്ടു ദിവസം കൊണ്ടു വയനാടിനെ തകര്‍ത്തെറിഞ്ഞെന്നും ഇവര്‍ പറയുന്നു.

ചുരവും കൈവഴികളും ഇപ്പോഴും അപകടാവസ്ഥയില്‍ തന്നെയാണ്. പുല്‍പ്പള്ളി ഏരിയയിലൊക്കെ പാലങ്ങളൊക്കെ തകര്‍ന്നിട്ടുണ്ട്.

വയനാട്ടിലെ മക്കിമല, കുറിച്യര്‍മല, അമ്മാറ, സുഗന്ധഗിരി എന്നിവിടങ്ങളിലും കോല്‍പ്പാറയിലും വലിയ രീതിയിലുള്ള ഉരുള്‍പൊട്ടലാണ് ഉണ്ടായത്.

മണിയന്‍കുന്നില്‍ വെള്ളിയാഴ്ച രാത്രി ഉരുള്‍പൊട്ടിയിരുന്നു. ശിവഗിരിക്കുന്നില്‍ മണ്ണിടിഞ്ഞതിനാല്‍ അമ്പതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.

മാനന്തവാടി, പിലാക്കാവ്, മണിയന്‍കുന്ന്, തലപ്പുഴ, ഇടിക്കര, ശിവഗരിക്കുന്നില്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കുടുംബങ്ങളെ എത്തിച്ചത്.

ആദിവാസി ഊരുകളിലെ സ്ഥിതിയെല്ലാ വളരെ മോശമാണെന്നും വീടുകളിലുള്ളവര്‍ പട്ടിണിയിലാണെന്നും വയനാട്ടുകാരിയും ആദിവാസി സംവിധായികയുമായ ലീല ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“മഴക്കെടുതിയില്‍ തന്നെയാണ് ഇവിടുത്ത ആദിവാസി ഊരുകള്‍. റേഷന്‍ ലഭിക്കുന്നുണ്ട്. പക്ഷേ പട്ടിണി തന്നെയാണ്. ജോലിയൊന്നും ഇല്ല. അവരെ സഹായിക്കാനാവണം ഇനിയും ശ്രമം. വയനാട്ടിലെ ഏകദേശം കോളനികളും ഇപ്പോള്‍ പട്ടിണിയിലാണ്. റേഷന്‍ ഉണ്ടെങ്കിലും ജോലിയില്ലാത്തതുകൊണ്ട് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.

ഊരുകളില്‍ വെള്ളം കയറിയിട്ടുള്ള പ്രശ്‌നങ്ങളും നിരവധിയാണ്. ഒരുപാട് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ബാണാസുര സാഗറിന്റെ ഭാഗങ്ങളില്‍ നിരവധി പേരുണ്ട്. മഴയാല്‍ എല്ലാം നഷ്ടപ്പെട്ടവര്‍. സര്‍ക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. എങ്കിലും സഹായങ്ങള്‍ വളരെ കുറവ് കിട്ടുന്നത് കോളനികളില്‍ കഴിയുന്ന ആളുകള്‍ക്കാണ്.

അതുപോലെ രോഗങ്ങളായി കിടക്കുന്നവരുണ്ട്. വണ്ടി ഇല്ലാത്തതുകൊണ്ട് ആശുപത്രിയില്‍ എത്താന്‍ കഴിയാതെ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരും ഉണ്ട്. റോഡുകളും ചെറുവഴികളും വെള്ളത്തിനടിയിലായിരുന്നു. ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയിലായിരുന്നു. അത് ഏകദേശം മാറിവരുന്നുണ്ട്”- ലീല പറയുന്നു.

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ വിഭാഗക്കാരും കഴിയുന്നുണ്ടെന്നും എല്ലാവര്‍ക്കും സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുമാണ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

ചിലഭാഗങ്ങളില്‍ ജനവാസമേഖലയോട് ചേര്‍ന്ന് ആദിവാസി ഊരുകളുണ്ട്, കോളനികളുണ്ട്. അവരെല്ലാം ഇവിടെ സുരക്ഷിതര്‍ ആണ്. അവര്‍ക്ക് ക്യാമ്പുകളില്‍ ഭക്ഷണം ലഭിക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാധനങ്ങള്‍ പരാവധി ശേഖരിച്ച് ഇവരില്‍ എത്തിക്കുന്നുണ്ട്. –
സന്നദ്ധ സംഘടനകള്‍ ക്യാമ്പുകളിലേക്ക് വേണ്ട എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

അതേസമയം പുറമ്പോക്കില്‍ തകര്‍ന്ന വീടുകളാണ് ഇവിടുത്ത മറ്റൊരു പ്രധാന വിഷയമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. “”ഇവിടെ പുറമ്പോക്കുകളില്‍ തകര്‍ന്നുപോയ നിരവധി വീടുകളുണ്ട്. അവര്‍ക്കൊന്നും സര്‍ക്കാരില്‍ നിന്നും ഒരു സഹായവും ലഭിക്കുമെന്ന് തോന്നുന്നില്ല.

വില്ലേജ് ഓഫീസില്‍ പരാതി നല്‍കിക്കഴിഞ്ഞാല്‍ അവര്‍ പഞ്ചായത്തിന് പരാതി കൈമാറും. അവിടെനിന്ന് വരുന്ന ഓവര്‍സീയര്‍മാരാണ് ഈ നഷ്ടവും കാര്യങ്ങളുമൊക്കെ കണക്കാക്കുക. സ്വാഭാവികമായും നമ്പറില്ലാത്ത, പുറംമ്പോക്കില്‍ കഴിയുന്ന വീടുകള്‍ക്ക് അവര്‍ ഒരു നഷ്ടപരിഹാരവും നല്‍കുമെന്ന് കരുതുന്നില്ലെന്നും ഇവര്‍ പറയുന്നു.

ഒരു പഞ്ചായത്തില്‍ എട്ടോളം ക്യാമ്പുകള്‍ ഉണ്ട്. ആയിരക്കണക്കിന് ആളുകളാണ് ക്യാമ്പിലുള്ളത്. അവിടെയൊക്കെ എത്ര സാധനങ്ങളെത്തിയാലും മതിയാകാതെ വരുമെന്ന് സന്നദ്ദ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് തലത്തില്‍ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും മതമേലധ്യക്ഷന്‍മാരേയും ഉള്‍പ്പെടുത്തി അവരുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ക്ക് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുകയാണെന്നും ഷമീം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം മഴ കുറഞ്ഞതോടെ ജില്ലയിലേക്കുള്ള ഒരു ചുരമൊഴികെ ബാക്കിയെല്ലാം തുറന്നതിനാല്‍ ഗതാഗത പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമായിട്ടുണ്ട്. താമരശേരി, പേര്യ, കുറ്റ്യാടി ചുരങ്ങളിലൂടെയെല്ലാം വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയിട്ടുണ്ട്. മാനന്തവാടി-തലശേരി റൂട്ടില്‍ പേര്യ 37 ല്‍ റോഡ് ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഗതാഗത തടസം താത്ക്കാലികമായി നീക്കിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ 44.54 മില്ലി മീറ്റര്‍ മഴയാണ് വയനാട്ടില്‍ പെയ്തത്. നീരൊഴുക്ക് കുറഞ്ഞതിനാല്‍ ബാണാസുര ഡാമിലെ ഷട്ടര്‍ വീണ്ടും താഴ്ത്തി. നിലവില്‍ മൂന്ന് ഷട്ടറിലും കൂടെ 30 സെന്റി മീറ്റര്‍ വെള്ളം മാത്രമാണ് തുറന്നുവിടുന്നത്.

ജില്ലയില്‍ 220 ക്യാമ്പുകളിലായി 8361 കുടുംബങ്ങളിലെ 30186 പേരാണ് ഉള്ളത്. വെള്ളിയാഴ്ച 27167 പേരായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്. മഴകുറഞ്ഞ് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതിന് ശേഷമേ ഇവരെ വീടുകളിലേക്ക് തിരികെ എത്തിക്കൂ.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more