അപമര്യാദയായി പെരുമാറിയെന്ന്‍ ഗുരുതര ആരോപണം: ഫ്ളിപ്പ്കാര്‍ട്ട് സ്ഥാപകരിലൊരാളായ ബിന്നി ബന്‍സാല്‍ കമ്പനിയില്‍ നിന്ന് രാജി വെച്ചു
World News
അപമര്യാദയായി പെരുമാറിയെന്ന്‍ ഗുരുതര ആരോപണം: ഫ്ളിപ്പ്കാര്‍ട്ട് സ്ഥാപകരിലൊരാളായ ബിന്നി ബന്‍സാല്‍ കമ്പനിയില്‍ നിന്ന് രാജി വെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th November 2018, 8:19 pm

ന്യൂദല്‍ഹി: ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ടിന്റെ സ്ഥാപകരിലൊരാളായ ബിന്നി ബന്‍സാല്‍ കമ്പനിയില്‍ നിന്ന് രാജി വെച്ചു. അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് കമ്പനിയില്‍ നിന്ന് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ബിന്നി ബിന്‍സാലിന്റെ രാജി.

ഫ്ളിപ്പ്കാര്‍ട്ട് അധികൃതരും ഇപ്പോഴത്തെ ഉടമകളുമായ വാള്‍മാര്‍ട്ട് അധികൃതരും ചേര്‍ന്ന് പുറപ്പെടുവിച്ചിരുന്ന വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും സ്ഥാപിച്ച ഫ്ളിപ്പ്കാര്‍ട്ട് ഈ വര്‍ഷം ആദ്യം അമേരിക്കന്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നു.

വളരെ ഗുരുതരമായ ആരോപണമാണ് നേരിട്ടിരുന്നതെങ്കിലും ആരോപണങ്ങള്‍ ബിന്നി നിഷേധിക്കുകയായിരുന്നു. അന്വേഷണം നടത്തിയ സമിതിക്ക് ഇവ സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല – വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Also Read:  ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വ്യാഴാഴ്ച്ച സര്‍വകക്ഷിയോഗം

ബിന്നിയുടെ രാജി സ്വീകരിക്കുന്നതായും കമ്പനിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ബിന്നിക്കെതിരായ ആരോപണത്തിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ബിന്നിയെയും അദ്ദേഹത്തിന്റെ പ്രതിനിധികളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്ളിപ്പ്കാര്‍ട്ട് സി.ഇ.ഒ ആയി കല്യാണ്‍ കൃഷ്ണമൂര്‍ത്തി തുടരും. ഫ്ളിപ്പ്കാര്‍ട്ടിന് കീഴിലുള്ള ജബോങ്, മിന്ത്ര എന്നീ സ്ഥാപനങ്ങളുടെ സി.ഇ.ഒ ആയി അനന്ത് നാരായണും ഫോണ്‍ പെ സി.ഇ.ഒ ആയി സമീര്‍ നിഗവും തുടരുമെന്നും കമ്പനി അറിയിച്ചു.

ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും ചേര്‍ന്ന് സ്ഥാപിച്ച ഫ്ളിപ്പ്കാര്‍ട്ട് വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഉടനെ കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സച്ചിന്‍ ബന്‍സാല്‍ പുറത്തു പോയിരുന്നു. ഇപ്പോള്‍ ബിന്നിയും പുറത്ത് പോകുന്നതോടുകൂടെ സ്ഥാപകരുടെ മേല്‍നോട്ടമില്ലാത്ത കമ്പനിയാകുകയാണ് ഫ്ളിപ്കാര്‍ട്ട്.