ഇംഗ്ലണ്ട് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ആന്‍ഡ്രൂ ഫ്‌ളിന്റോഫ്. ഇംഗ്ലണ്ടിനായി 79 ടെസ്റ്റില്‍ നിന്ന് 3845 റണ്‍സും 226 വിക്കറ്റും 141 ഏകദിനത്തില്‍ നിന്ന് 3394 റണ്‍സും 169 വിക്കറ്റും ഏഴ് ടി-20യില്‍ നിന്ന് 76 റണ്‍സും അഞ്ച് വിക്കറ്റുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
വിരമിച്ച ശേഷം ക്രിക്കറ്റില്‍ നിന്ന് ഫ്ളിന്റോഫ് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്. പരിശീലക റോളില്‍ ഫ്ളിന്റോഫിനെ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇപ്പോഴിതാ തന്റെ ഓള്‍ടൈം പ്ലെയിങ് 11 തെരഞ്ഞെടുത്ത് ട്രോളുകളും പരിഹാസവും ഏറ്റുവാങ്ങുകയാണ് ഫ്ളിന്റോഫ്. വിരാട് കോഹ്‌ലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ് ധോണി, റിക്കി പോണ്ടിങ്, ബ്രയാന്‍ ലാറ എന്നിവരെയെല്ലാം തഴഞ്ഞാണ് ഫ്ളിന്റോഫ് ഓള്‍ടൈം 11 തെരഞ്ഞെടുത്തത്.
അതുകൊണ്ടുതന്നെ ഇത് എന്ത് ഓള്‍ടൈം 11 ആണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇംഗ്ലണ്ട് ടീമിലെ സഹതാരങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന പ്ലെയിങ് 11 തെരഞ്ഞെടുത്ത് ഓള്‍ടൈം ബെസ്റ്റ് 11 എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ഫ്ളിന്റോഫ്. മാര്‍ക്കസ് ട്രസ്‌ക്കോത്തിക്-ആന്‍ഡ്രൂ സ്ട്രോസ് എന്നിവരാണ് ഓപ്പണര്‍മാര്‍. രണ്ട് പേരും മികച്ച റെക്കോഡുള്ളവരും സ്ഥിരതയോടെ കളിക്കുന്നവരുമാണ്. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലും തഴഞ്ഞുകൊണ്ട് പരിഗണിക്കാന്‍ മാത്രമുള്ള മികവ് അവകാശപ്പെടാനാവില്ല.
ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണാണ് ഫ്ളിന്റോഫിന്റെ 11ന്റെ നായകന്‍. ക്ലാസിക് ബാറ്ററായിരുന്നു മൈക്കല്‍ വോണ്‍. നായകനെന്ന നിലയില്‍ ടീമിന് മികച്ച നേട്ടങ്ങള്‍ സമ്മാനിക്കാനും വോണിനായി. ഇപ്പോള്‍ വിരമിച്ച ശേഷം ക്രിക്കറ്റ് നിരൂപകനായും അവതാരകനായുമെല്ലാം മൈക്കല്‍ വോണ്‍ സജീവമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിക്കുന്നത് ശീലമാക്കിയ താരങ്ങളിലൊരാളാണ് മൈക്കല്‍ വോണ്‍.
നാലാം നമ്പറിലും ഇംഗ്ലണ്ട് താരമാണ്. ഇയാന്‍ ബെല്ലിനാണ് ഫ്ളിന്റോഫ് ഇടം നല്‍കിയിരിക്കുന്നത്. ക്ലാസിക് ബാറ്ററെന്ന് വിളിക്കാവുന്ന ബെല്‍ ടെസ്റ്റിലെ വിശ്വസ്തന്‍മാരിലൊരാളായിരുന്നു. അഞ്ചാം നമ്പറില്‍ കെവിന്‍ പീറ്റേഴ്സനാണ് അവസരം. മൂന്ന് ഫോര്‍മാറ്റിലും കസറിയിരുന്ന പിറ്റേഴസണ്‍ ഏത് ശൈലിയിലും കളിക്കാന്‍ മിടുക്കനായിരുന്നു.
ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയാല്‍ തടുക്കാന്‍ പ്രയാസമുള്ള ബാറ്ററ്റായിരുന്നു പീറ്റേഴ്സണ്‍. ആറാം നമ്പറില്‍ സ്വന്തം പേരാണ് ഫ്ളിന്റോഫ് നിര്‍ദേശിച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഫ്ളിന്റോഫെന്ന് പറയാം. വിക്കറ്റ് കീപ്പറായി ജോസ് ബട്ലര്‍, എം.എസ്. ധോണി, കുമാര്‍ സംഗരക്കാര എന്നിവരെയൊന്നും ഫ്ളിന്റോഫ് പരിഗണിച്ചില്ല. ജെറെയ്ന്റ് ജോണിസിനാണ് അവസരം. എട്ടാം നമ്പറില്‍ ഓര്‍ത്തഡോക്സ് സ്പിന്‍ ഓള്‍റൗണ്ടറായ ആഷ്ളി ഗില്ലീസിനെയാണ് ഫ്ളിന്റോഫ് പരിഗണിച്ചത്.
ഇംഗ്ലണ്ടിനായി 54 ടെസ്റ്റില്‍ നിന്ന് 1421 റണ്‍സും 143 വിക്കറ്റും 62 ഏകദിനത്തില്‍ നിന്ന് 385 റണ്‍സും 55 വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. ഒമ്പതാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ പേസര്‍ സൈമണ്‍ ജോണിസിനാണ് അവസരം. 18 ടെസ്റ്റില്‍ നിന്ന് 205 റണ്‍സും 59 വിക്കറ്റും എട്ട് ഏകദിനത്തില്‍ നിന്ന് 1 റണ്‍സും 7 വിക്കറ്റുമാണ് താരം വീഴ്ത്തിയത്.
10ാം നമ്പറില്‍ മാത്യു ഹൊഗാര്‍ഡിനെയും 11ാം നമ്പറില്‍ സ്റ്റീവ് ഹാര്‍മിസനെയുമാണ് ഫ്ൡന്റോഫ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ട് താരങ്ങള്‍ മാത്രം ഉള്‍പ്പെട്ട പ്ലേയിങ് 11ല്‍ ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്സന്‍ എന്നിവര്‍ തഴയപ്പെട്ടതാണ് മറ്റൊരു കൗതുകം. ഫ്ളമിങ് അബോധാവസ്ഥയില്‍ തെരഞ്ഞെടുത്ത ടീമാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒരു ക്രിക്കറ്റ് പ്രേമിക്കും ഉള്‍ക്കൊള്ളാനാവാത്ത ഓള്‍ടൈം പ്ലേയിങ് 11 ആണ് ഫ്ളിന്റോഫ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് പറയാം.