കൊച്ചി: 48 ഒമാന്‍ സ്വദേശികളുമായി ഒമാന്‍ എയര്‍ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും പുറപ്പെട്ടു. കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയതായിരുന്നു സംഘം. മാര്‍ച്ച് ആദ്യ ആഴ്ച സംസ്ഥാനത്ത് എത്തിയ ഇവര്‍ക്ക് ലോക്ക്ഡൗണിനെത്തുടര്‍ന്ന് തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല.
എല്ലാ സുരക്ഷാ മുന്‍ കരുതലുകളും മെഡിക്കല്‍ ചെക്കപ്പുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ക്ക് യാത്രാനുമതി നല്‍കിയത്. ഇവരുടെ കാര്യത്തില്‍ ഒമാന്‍ എംബസി ഇടപെട്ടതിനെത്തുടര്‍ന്ന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടുകൂടിയാണ് ഇവരുടെ യാത്ര സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായത്.
അതീവ സുരക്ഷാ മുന്‍കരുതലുകളോടെയാണ് ഇവരെ വിമാനത്താവളത്തിലേക്ക് എത്തിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സജ്ജീകരണങ്ങളാണ് വിമാനത്താവളത്തിലും ഇവര്‍ക്കായി തയ്യാറാക്കിയിരുന്നത്.
കൊച്ചിയില്‍നിന്ന് ബെംഗലൂരുവിലേക്കും അവിടെനിന്ന് ചെന്നൈയിലേക്കും പോയതിന് ശേഷമായിരിക്കും വിമാനം ഒമാനിലേക്ക് മടങ്ങുക.