| Sunday, 25th August 2019, 5:44 pm

ലാന്‍ഡിങ്ങിന് റണ്‍വേ കിട്ടാതെ ആകാശത്ത് വട്ടമിട്ടുപറന്നു; വിമാനത്തിലുണ്ടായിരുന്നത് രാഹുലും യെച്ചൂരിയും രാജയുമടക്കം നൂറുകണക്കിന് യാത്രക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാക്കളെക്കൊണ്ട് ജമ്മു കശ്മീരില്‍ നിന്ന് ദല്‍ഹിയിലേക്കു തിരിച്ചുപറന്ന വിമാനം ലാന്‍ഡിങ്ങിന് റണ്‍വേ കിട്ടാതെ ആകാശത്ത് വട്ടമിട്ടു പറന്നത് ഏറെനേരം ആശങ്കയുണ്ടാക്കി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ദല്‍ഹിയിലെത്തിയ ഗോ എയര്‍ ജി8149 വിമാനമാണ് ലാന്‍ഡിങ് വൈകിപ്പിച്ച് ആശങ്ക സൃഷ്ടിച്ചത്.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ തുടങ്ങിയ പ്രതിപക്ഷ നേതാക്കളടക്കം നൂറുകണക്കിനു യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.

ദല്‍ഹിയില്‍ ലാന്‍ഡിങ്ങിനു തയ്യാറെടുക്കുന്നതിനിടെയാണ് പൈലറ്റ് പെട്ടെന്ന് ലാന്‍ഡിങ് വൈകുമെന്ന അറിയിപ്പ് നല്‍കിയത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഉടന്‍തന്നെ പൈലറ്റ് ഇതിന് വിശദീകരണം നല്‍കി. റണ്‍വേ ലഭ്യമല്ലാത്തതിനാലാണ് ലാന്‍ഡിങ് വൈകുന്നതെന്നും വിമാനം ആകാശത്ത് വട്ടമിട്ടു പറക്കാന്‍ പോകുകയാണെന്നും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ലാന്‍ഡിങ് നടക്കുമെന്നുമായിരുന്നു പൈലറ്റ് പറഞ്ഞത്.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈകാതെ വിമാനം ലാന്‍ഡ് ചെയ്തു.

ഇന്നലെയാണ് കശ്മീര്‍ സന്ദര്‍ശനത്തിനു പോയ പ്രതിപക്ഷ നേതാക്കളെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നു തിരിച്ചയച്ചത്. ഇതിനെതിരെ ഇവര്‍ ബദ്ഗാം ജില്ലാ മജിസ്‌ട്രേറ്റിനു പ്രതിഷേധക്കുറിപ്പ് അയച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങളെ തടവില്‍ വെച്ചതിനുശേഷം തിരിച്ചയച്ചത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നായിരുന്നു അവര്‍ ആരോപിച്ചത്.

We use cookies to give you the best possible experience. Learn more