യു.എസില്‍ മുസ്‌ലിം ആയതിന്റെ പേരില്‍ യുവാവിനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു; അന്വേഷണം ആവശ്യപ്പെട്ട് കെയര്‍
Daily News
യു.എസില്‍ മുസ്‌ലിം ആയതിന്റെ പേരില്‍ യുവാവിനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു; അന്വേഷണം ആവശ്യപ്പെട്ട് കെയര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd July 2016, 8:47 am

plane വാഷിങ്ടണ്‍: വിമാനയാത്രയ്ക്കിടെ അമേരിക്കയില്‍ മുസ്‌ലിം യുവാവിന് വിവേചനം നേരിടേണ്ടി വന്നതായി പരാതി. വിമാനത്തിലെ ജീവനക്കാരി യാത്രക്കാരന്റെ പേരും സീറ്റ് നമ്പറും അനൗണ്‍സ് ചെയ്തശേഷം “ഞാന്‍ നിങ്ങളെ നിരീക്ഷിക്കുന്നതായിരിക്കും” എന്നു പറഞ്ഞുകൊണ്ട് തന്നെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയെന്നാണ് ആരോപണം.

കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്നു സംഭവം. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ (കെയര്‍)പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

മുഹമ്മദ് അഹമ്മദ് റദ്വാന്‍ എന്നയാള്‍ക്കാണ് വിവേചനം നേരിടേണ്ടി വന്നത്. വിമാനത്തിലെ ജീവനക്കാരി തുടരെ തുടരെ പേരും സീറ്റും നമ്പറും വിളിച്ചു പറഞ്ഞുകൊണ്ട് നിങ്ങള്‍ നിരീക്ഷണത്തിലായിരിക്കും എന്നു പ്രഖ്യാപിക്കുകയായിരുന്നു.

തന്റെ പേരുമാത്രമെന്താണ് ഇത്തരത്തില്‍ വിളിച്ചു പറഞ്ഞതെന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ “വളരെ സെന്‍സറ്റീവാണ് വിഷയം”  എന്ന് അവര്‍ പറഞ്ഞതായി റദ്വാന്‍ പറയുന്നു.

പിന്നീട് രണ്ട് അമേരിക്കന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ വന്നു തന്നെ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് റദ്വാന്‍ മുസ്‌ലീങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന കെയറിനെ സമീപിക്കുകയായിരുന്നു.

മാസങ്ങള്‍ നീണ്ട പരിശോധനയ്ക്കുശേഷം ബുധനാഴ്ചയാണ് കെയര്‍ പരാതി സ്വീകരിച്ചത്.

“ഞാന്‍ ഞെട്ടിപ്പോയി 30 വര്‍ഷത്തോളമായി വിമാനത്തില്‍ യാത്രചെയ്യുന്നയാളാണു ഞാന്‍. ആദ്യമായാണ് ഇത്തരമൊരു അനുഭവം.” റദ്വാന്‍ പറയുന്നു.