'എന്താണ് ഷാഫീ കത്തൊക്കെ കൊടുത്തെന്ന് കേട്ടു'; കോര്‍പ്പറേഷന് മുന്നില്‍ ഷാഫി പറമ്പിലിന്റെ ശിപാര്‍ശ കത്തടങ്ങിയ ഫ്‌ളക്‌സ്
Kerala News
'എന്താണ് ഷാഫീ കത്തൊക്കെ കൊടുത്തെന്ന് കേട്ടു'; കോര്‍പ്പറേഷന് മുന്നില്‍ ഷാഫി പറമ്പിലിന്റെ ശിപാര്‍ശ കത്തടങ്ങിയ ഫ്‌ളക്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th November 2022, 1:29 pm

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ യു.ഡി.എഫ് ഭരണകാലത്തെ കത്തുകള്‍ കുത്തിപ്പൊക്കി സി.പി.ഐ.എം. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ശിപാര്‍ശ കത്ത് നഗരസഭ ആസ്ഥാനത്തിന് മുന്നില്‍ ഫ്‌ളക്‌സടിച്ച് സ്ഥാപിച്ചിരിക്കുകയാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഷാഫി എഴുതിയ കത്തിന്റെ പകര്‍പ്പാണ് ഫ്‌ളക്‌സിലുള്ളത്. ‘എന്താണ് ഷാഫീ കത്തൊക്കെ കൊടുത്തെന്ന് കേട്ടു,’ എന്ന പരിഹാസവും ഫ്‌ളക്‌സില്‍ കാണാം.

നോട്ടീസ് ബോര്‍ഡിലും ഫ്‌ളക്‌സ് ബോര്‍ഡിലുമായാണ് കത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ് സമരം നടക്കുമ്പോഴാണ് ഷാഫിക്കെതിരെയുള്ള ഫ്‌ളക്‌സ് കോര്‍പ്പറേഷന് മുന്നില്‍ വെച്ചത് എന്നതും ശ്രദ്ധേയമാണ്.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് പലവിധ നിയമനങ്ങള്‍ക്കായി നടത്തിയ ശിപാര്‍ശ കത്തുകളാണ് സി.പി.ഐ.എം കുത്തിപ്പൊക്കിയത്. സര്‍ക്കാര്‍ അഭിഭാഷക നിയമനത്തിനായി യു.ഡി.എഫ് മന്ത്രിമാരും, എം.എല്‍.എമാരും, എം.പിമാരും കോണ്‍ഗ്രസ് നേതാക്കളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കയച്ച ശിപാര്‍ശ കത്തുകളാണ് പുറത്തുവരുന്നത്.

സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായായിരുന്നു ശിപാര്‍ശകള്‍. ഹൈക്കോടതികള്‍, ജില്ലാ കോടതികള്‍, മറ്റ് സബ് കോടതികളിലടക്കം ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കത്തുകളാണ് പുറത്തുവന്നത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, യു.ഡി.എഫ് ഭരണത്തില്‍ മന്ത്രിയായിരുന്ന എ.പി. അനില്‍കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം. പി, കെ.പി. ധനപാലന്‍, പീതാംബര കുറുപ്പ്, എം.എല്‍.എമാരായിരുന്ന പി.ടി. തോമസ്, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ടി.എന്‍. പ്രതാപന്‍, വര്‍ക്കല കഹാര്‍, എ.ടി. ജോര്‍ജ്, ജോസഫ് വാഴക്കന്‍, കോണ്‍ഗ്രസ് ദേശീയ നേതാവായിരുന്ന ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ഇപ്പോഴത്തെ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.എ. ഷൂക്കൂര്‍, കെ.സി. അബു, സി.എം.പി നേതാവ് സി.പി. ജോണ്‍, മുസ്‌ലിം ലീഗ് നേതാവും എം.എല്‍.എയുമായിരുന്ന കെ.എന്‍.എ. ഖാദര്‍, വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി അബ്ബാസ്, തുടങ്ങിയവരും ശിപാര്‍ശ കത്ത് നല്‍കിയിട്ടുണ്ട്.

ഇത് കൂടാതെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്, വിവിധ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍, മണ്ഡലം കമ്മിറ്റികള്‍ എന്നിവരും മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിക്ക് അന്ന് ശിപാര്‍ശ കത്തുകള്‍ അയച്ചിട്ടുണ്ട്. എം.എം. ഹസന്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, സി.പി. ജോണ്‍, ഹൈബി ഇഡന്‍ എന്നിവര്‍ സ്വന്തം കൈപ്പടയിലാണ് ഉമ്മന്‍ ചാണ്ടിയെ അഭിസംബോധന ചെയ്ത് കത്തുകള്‍ എഴുതിയിരിക്കുന്നത്. പഴയ ശിപാര്‍ശ കത്തുകളെല്ലാമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

Content Highlight: Flex of Shafi Parambil MLA’s letter of recommendation in front of the Thiruvananthapuram corporation