| Wednesday, 3rd October 2018, 7:36 pm

ഫ്‌ളെക്‌സ് നിരോധനം; ഹൈക്കോടതി ഉത്തരവിറക്കിയിട്ടും നടപ്പിലാക്കാതെ സര്‍ക്കാര്‍; വിമര്‍ശനവുമായി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അനധികൃത ഫ്ളക്സുകള്‍ നീക്കം ചെയ്യണമെന്ന സെപ്റ്റംബര്‍ 19ലെ കേരള ഹൈക്കോടതി ഉത്തരവ് ഇനിയും നടപ്പിലാതെ സംസ്ഥാന സര്‍ക്കാര്‍. ഉത്തരവ് നടപ്പിലാക്കാത്തതിന് ഹൈക്കോടതി ഇന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

ഫ്‌ളെക്‌സുകളുടെ സമ്പൂര്‍ണ്ണ നിരോധനമല്ല മറിച്ച് തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ വെച്ച ഫ്‌ളെക്സും പരസ്യബോര്‍ഡുകളും ഉടന്‍ നീക്കണമെന്നായിരുന്നു സര്‍ക്കാരിനോടുള്ള കോടതിയുടെ നിര്‍ദേശം.

ഫ്‌ളെക്‌സ് നിരോധനം സംബന്ധിച്ചുള്ള കേസ് കോടതി ഇന്ന് പരിഗണിച്ചപ്പോള്‍ ഉത്തരവ് സര്‍ക്കുലറായി ഇറക്കാന്‍ രണ്ടാഴ്ച കൂടി സമയം ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിരുത്തരവാദത്തിനെതിരെ കോടതി ഇന്ന് പ്രതികരിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ ഈ കോടതിയ്ക്ക് അധികാരം ഉണ്ടെന്നും അത് അറിയാമെന്നും വേണ്ടിവന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും ജസ്റ്റിസ്.ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

“ക്യാന്‍സര്‍ അടക്കം ഉണ്ടാക്കുന്ന ഫ്ളെക്സിനെപ്പറ്റി ഗൗരവമായ സമീപനം കാണുന്നില്ല. ഫ്ളക്സ് മാലിന്യ കൂമ്പാരമാണ് ഉണ്ടാകുന്നത്. നവകേരളം കെട്ടിപ്പടുക്കാനുള്ള മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഫ്ളക്സ് മാലിന്യം നിറഞ്ഞ കേരളമാണോ നാം നിര്‍മ്മിക്കുന്നത്? അനധികൃത ഫ്ളക്സുകള്‍ വഴി സര്‍ക്കാരിന് ഫീസിനത്തില്‍ കോടികളാണ് നഷ്ടം. ദുരന്തസഹായത്തിനു പണം തേടുന്ന സര്‍ക്കാരിന് ഇത് പ്രശ്നമല്ലേ? സാലറി ചാലഞ്ചില്‍ ആദ്യം ഒരുമാസത്തെ ശമ്പളം കൊടുത്തവരാണ് നാം. എന്നാല്‍ പരസ്യത്തില്‍ നിന്ന് ലഭിക്കേണ്ട ഫീസ് പോലും പിരിക്കാത്ത സര്‍ക്കാരിന് ശമ്പളം കൊടുക്കേണ്ട പിന്മാറാം എന്ന് സാധാരണക്കാര്‍ കരുതില്ലേ?” ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

വ്യക്തിഗത താല്‍പ്പര്യങ്ങള്‍ ഇല്ലെന്നും ഈ നാട് നശിക്കുന്നതില്‍ വേദനയുണ്ടെന്നും കോടതി പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കുന്ന യന്ത്രങ്ങള്‍ നല്ല മാതൃകയാണ്. നടപ്പാതയിലും റോഡിലും പൊതു ഇടങ്ങളിലും ഫ്ളക്സ് നിറഞ്ഞ ഈയവസ്ഥ മാറ്റാന്‍ ഇതൊരു അവസരമായി എടുത്ത് ഒരു സാമൂഹിക മുന്നേറ്റമായി ജനം ഇത് ഏറ്റെടുക്കുമെന്നാണ് താന്‍ കരുതുന്നത് എന്നും ജസ്റ്റിസ്.ദേവന്‍ രാമചന്ദ്രന്‍ കോടതിയില്‍ പറഞ്ഞിരുന്നു

അതേസമയം പ്രായോഗിക സമീപനമാണ് സര്‍ക്കാറിനെന്നും പതുക്കെ മാറ്റം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ സംസ്ഥാന അറ്റോര്‍ണി അഡ്വ.സോഹന്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ നിയമം നടപ്പാക്കാന്‍ ഇതുവരെ യാതൊന്നും സര്‍ക്കാര്‍ ചെയ്തതായി തോന്നുന്നില്ലെന്നും ഫ്ളക്സ് ബോര്‍ഡുകളുടെ എണ്ണം കൂടുകയാണ് ചെയ്തതെന്നും അമിക്കസ് ക്യൂറി അഡ്വ.ഹരീഷ് വാസുദേവന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഫ്ളക്സ് മാലിന്യത്തിനു എതിരായ ഫ്ലക്‌സും സ്വച്ച്ഭാരത് മിഷന്റെ ഫ്ലക്‌സും വരെ ഇപ്പോള്‍ അധികമുണ്ടായിരിക്കുകയാണെന്നുമാണ് അഡ്വ. ഹരീഷ് വാസുദേവന്‍ കോടതിയെ അറിയിച്ചത്.

അനധികൃത പരസ്യ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഉത്തരവ് തദ്ദേശഭരണ സെക്രട്ടറിമാര്‍, കെ.എസ്.ഇ.ബി അധികൃര്‍, പൊലീസ് എന്നിവരിലൂടെ നടപ്പിലാക്കണമെന്നാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്.

അതേസമയം കോടതിയുടെ മുന്‍ ഉത്തരവ് ഈമെയിലോ ഫാക്‌സോ മുഖേന കേരളത്തിലെ എല്ലാതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും രണ്ട് ദിവസത്തിനകം അറിയിച്ചു അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് സെക്രട്ടറിയ്ക്ക് കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്.

2016ലെ ഉത്തരവിന് വിരുദ്ധമായി സ്ഥാപിക്കുന്ന പരസ്യ ഫ്‌ള്ക്‌സ് ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കുകയോ പുതുക്കി നല്‍കുകയോ ചെയ്യരുതെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം. ഇക്കാര്യത്തില്‍ ഉത്തരവ് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും വാക്കാല്‍ കോടതി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഫ്‌ളെക്‌സ് നിരോധനം സംബന്ധിച്ച് കോടതി ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍

മാലിന്യം തള്ളുന്നിടങ്ങളില്‍ ഉപയോഗശൂന്യമായ ഫ്‌ലെക്സും പ്ലാസ്റ്റിക് കലര്‍ന്ന പരസ്യബോര്‍ഡുകളും കുമിഞ്ഞുകൂടുകയാണ്.

അര്‍ബുദകാരിയും വിഷാംശമുള്ളതുമായ ഇവയുടെ സംസ്‌കരണം സാധാരണക്കാരന്റെ ചുമലിലാണ് വന്നുപതിക്കുന്നത്. മണ്ണില്‍ ലയിക്കാത്ത പോളിവിനൈല്‍ ഫ്‌ലെക്സുകള്‍ കത്തിക്കുമ്പോഴത്തെ കരിമ്പുക അന്തരീക്ഷത്തിലെ ഓക്സിജന്റെ അംശം കുറയ്ക്കുന്നു.

വ്യക്തിയോ സംഘടനയോ ആകട്ടെ നിയമവിരുദ്ധമായി ബോര്‍ഡുകള്‍ വെക്കുമ്പോള്‍ അവയുണ്ടാക്കുന്ന ദോഷത്തെപ്പറ്റി ആലോചിക്കുന്നില്ല.

  അല്പനേരത്തെ പ്രശസ്തിക്കുവേണ്ടി നാടിന്റെ മുക്കിലും മൂലയിലും സ്വന്തം അല്ലെങ്കില്‍ നേതാവിന്റെ ചിത്രംവെച്ചാണ് പ്രചാരണം. അവ പിന്നീട് സാധാരണക്കാരന് ബാധ്യതയാകരുത്.

  ഫ്‌ളെക്സ്, പരസ്യപ്പലകകള്‍ തുടങ്ങിയവ വെക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ ഫീസ് ഈടാക്കാത്തത് വരുമാനനഷ്ടമുണ്ടാക്കുന്നു.

  നാട്ടുകാരില്‍നിന്നും പ്രവാസികളില്‍നിന്നും പ്രളയദുരിതാശ്വാസത്തിന് സര്‍ക്കാര്‍ സംഭാവന ആവശ്യപ്പെടുമ്പോഴാണിത്. അധികൃതരുടെ ഈ അശ്രദ്ധ സാധാരണക്കാരെ മറിച്ചുചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം.

  കോടതി 2018 സെപ്റ്റംബര്‍ 18-ന് പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദേശങ്ങള്‍ ഇവയാണ് അനധികൃത ഫ്‌ലെക്സ് നീക്കാന്‍ നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും തദ്ദേശസ്ഥാപനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കണം.

  മേലില്‍ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഉടന്‍ നീക്കണം, പിഴയുമീടാക്കാം.

  വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും കാഴ്ചയ്ക്ക് തടസ്സമില്ലാത്തയിടങ്ങള്‍ കണ്ടെത്തി അവിടെമാത്രമേ ഫ്‌ളെക്സ്, പരസ്യബോര്‍ഡുകള്‍ എന്നിവയ്ക്ക് അനുമതി നല്‍കൂ എന്ന് വ്യവസ്ഥ വെക്കാം.

  ആവശ്യം കഴിയുന്നവ നീക്കി ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് അവ വെക്കുന്നവരില്‍നിന്ന് എഴുതിവാങ്ങാം.

  മലിനീകരണം തടയാനുള്ള ദേശീയ, രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണം.

We use cookies to give you the best possible experience. Learn more