തിരുവനന്തപുരം: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡി.ജി.പി. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്ന് ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കി കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ നല്‍കിയ സ്വകാര്യ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ഘട്ടത്തില്‍ വന്ന ഉത്തരവ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഫ്‌ളക്‌സ് പ്രിന്റിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും കനത്ത തിരിച്ചടിയാവും. ആയിരക്കണക്കിന് ഫ്‌ളക്‌സുകളാണ് തെരഞ്ഞെടുപ്പ് കാലത്ത് ഓരോ മണ്ഡലത്തിലും ഇറക്കപ്പെടുന്നത്.
അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണന്‍ അടക്കമുള്ളവരെ പ്രതിയാക്കി നേരത്തെ കൊച്ചി കോര്‍പ്പറേഷന്‍ കേസെടുത്തിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്ത പക്ഷം അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.