കൊച്ചി:സംസ്ഥാനത്തെ പൊതുനിരത്തുകളില്‍നിന്ന് ഫ്ളക്സുകളും കൊടിതോരണങ്ങളും നീക്കണമെന്ന കോടതി ഉത്തരവിനെ രാഷ്ട്രീയപാര്‍ട്ടികള്‍ അവഗണിക്കുന്നു എന്ന്് അമിക്കസ് ക്യൂറി.
പൊതുനിരത്തുകളില്‍നിന്ന് ഫ്ളക്സുകള്‍ നീക്കംചെയ്യേണ്ട അവസാന ദിവസമായ ഒക്ടോബര്‍ 30ന് ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് അമിക്കസ് ക്യൂറി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായി റിപ്പോര്‍ട്ട് നല്‍കിയത്.
ഫ്ളക്സുകളും കൊടിതോരണങ്ങളും നീക്കിയില്ലെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പരിഗണിച്ച ഹൈക്കോടതി, ഫ്ളക്സുകള്‍ നീക്കണമെന്ന ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
രാഷ്ട്രീയപാര്‍ട്ടികള്‍ കോടതി ഉത്തരവിനോട് വിമുഖത കാണിക്കരുതെന്നും കൊടിതോരണങ്ങള്‍ നീക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അനധികൃത ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന സെപ്റ്റംബര്‍ 19ലെ കേരള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്തതിന് സംസ്ഥാന സര്‍ക്കാറിനെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.