| Saturday, 11th January 2020, 8:16 am

മരടിലെ ഫ്‌ളാറ്റുകള്‍ ഇന്ന് തകര്‍ക്കും; പ്രദേശത്ത് എട്ടുമണി മുതല്‍ നിരോധനാജ്ഞ; ഗതാഗതം നിയന്ത്രിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഇന്ന് തകര്‍ക്കും. തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത ഫ്‌ളാറ്റുകളാണ് സുപ്രീംകോടതിയുടെ വിധിപ്രകാരം പൊളിക്കാന്‍ തീരുമാനമായത്. എട്ടു മണി മുതല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പകല്‍ 11 മണിയ്ക്കാണ് ആദ്യ ഫ്‌ളാറ്റ് പൊളിക്കുക. ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് ആണ് ആദ്യം പൊളിയ്ക്കുന്നത്. രണ്ടാമത്തെ സ്‌ഫോടനം 11.05നായിരിക്കും നടക്കുക. ആല്‍ഫാ സറീനും പൊളിയ്ക്കും.

രാവിലെ എട്ടു മണിമുതല്‍ പരിസരവാസികളെ ഒഴിപ്പിച്ചു തുടങ്ങി. സ്‌ഫോടനം നടക്കുന്നതിന്റെ 200 മീറ്റര്‍ പരിധിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് വെക്കുന്നത്. പരിസര പ്രദേശത്തോട് ചേര്‍ന്ന് ഗതാഗതവും നിയന്ത്രിയ്ക്കുന്നുണ്ട്. കുണ്ടന്നൂര്‍- തേവര പാലത്തിലൂടെ സ്‌ഫോടന സമയത്ത് വാഹനങ്ങള്‍ കടത്തി വിടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌ഫോടനം നടക്കുന്നതിന് മുമ്പായി നാലു തവണ സൈറണ്‍ മുഴങ്ങും. പൊതു ജനങ്ങള്‍ക്ക് ജാഗ്രത പാലിക്കാനാണ് ഇത്. 10.30നാണ് ആദ്യ സൈറണ്‍ മുഴക്കുക, 10.55ന് രണ്ടാമത്തെ സൈറനും മുഴക്കും. 10.59 ന് സൈറണ്‍ മുഴക്കിയ ശേഷം 11 മണിയ്ക്ക് ഫ്‌ളാറ്റ് സമുച്ചയം തകര്‍ക്കുകയും ചെയ്യും.

സ്‌ഫോടനം തുടങ്ങി 45 സെക്കന്റിനുള്ളില്‍ ഫ്‌ളാറ്റ് സമുച്ചയം മുഴുവന്‍ തകര്‍ന്നു വീഴും. ഉടന്‍ തന്നെ രണ്ടാമത്തെ ഫ്‌ളാറ്റും തകര്‍ക്കും. എച്ച് ടുഒ ഫ്‌ളാറ്റ് സമുച്ചയം പൊളിച്ച് ഉടന്‍ തന്നെ ഒരു സൈറണ്‍ കൂടി മുഴക്കുകയും തുടര്‍ന്ന് രണ്ടാമത്തെ ഫ്‌ളാറ്റായ ആല്‍ഫാ സെറീനും സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയും ചെയ്യും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തകര്‍ക്കപ്പെടുന്ന ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ 15 മീറ്ററിനപ്പുറം പോകില്ലെന്നാണ് വിദഗ്ദ്ധ സംഘം പറയുന്നതെങ്കിലും കടുത്ത ജാഗ്രതയാണ് പരിസര പ്രദേശത്തുള്ളത്. പൊലീസും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 200 മീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തിയാല്‍ വെടിവെച്ചിടുമെന്ന് പൊലീസ് വ്യക്തമാക്കി.

അതേ സമയം ഫ്‌ളാറ്റ് പൊളിക്കുന്നതില്‍ നൂറു ശതമാനം ആത്മവിശ്വാസമുണ്ടെന്ന് പൊളിക്കല്‍ ചുമതലയുള്ള എഡിഫൈസ് എം.ഡി ഉത്കര്‍ഷ് മേത്ത വ്യക്തമാക്കി. കെട്ടിട അവശിഷ്ടങ്ങള്‍ തെറിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more