കൊല്‍ക്കത്ത: വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ശ്രീലങ്കന്‍ പിച്ചിനു പകരം ഇന്ത്യയിലെത്തി, ലങ്കയ്ക്കുപകരം ഓസീസും. ഇന്ത്യയുടെ പ്രകടനമികവിനോ വിജയത്തുടര്‍ച്ചയ്‌ക്കോ യാതൊരു മാറ്റവും ഓസീസ് പരമ്പരയിലും ഇല്ല. കൊല്‍ക്കത്തയിലെ രണ്ടാം മത്സരത്തില്‍ 50 റണ്ണിനായിരുന്നു ഇന്ത്യന്‍ ജയം.
ലങ്കന്‍ പര്യടനത്തില്‍ വിക്കറ്റിനു പിന്നിലെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ മുന്‍ നായകന്‍ എം.എസ് ധോണി തന്റെ കൈകള്‍ ഓസീസിനെതിരെയും പ്രയോഗിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തവണ ധോണിയുടെ വേഗത്തിന്റെ ചൂടറിഞ്ഞത് ഓസീസ് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ്. ഇന്ത്യന്‍ ലക്ഷ്യത്തിലേക്ക് സധൈര്യം ബാറ്റേന്തിയ മാക്‌സ്‌വെല്ലിനെ പുറത്താക്കിയാണ് ധോണി ഓസീസിന്റെ നട്ടെല്ലൊടിച്ചത്.
ധോണിയുടെ കരിയറിലേ തന്നെ ഏറ്റവും മികച്ച സ്റ്റംമ്പിങ്ങുകളില്‍ ഒന്നായിരുന്നു ഇന്നലത്തേത്. സാധാരണ വിക്കറ്റുകള്‍ നേടിയാലും ടീം വിജയിച്ചാലും അധികം ആഹ്ലാദം പ്രകടിപ്പിക്കാത്ത ധോണി പോലും ഇന്നലത്തെ വിക്കറ്റ് മതിമറന്നാഘോഷിക്കുകയായിരുന്നു.
കുല്‍ദീപ് യാദവനെ തുടര്‍ച്ചയായി ബൗണ്ടറി കടത്തി മാക്‌സ്‌വെല്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്ങ് എത്തുന്നത്. കുല്‍ദീപിന് പിന്നാലെ പന്തെറിയാനെത്തിയ യുസവേന്ദ്ര ചവലിനെ പന്ത് കയറി അടിക്കാന്‍ ശ്രമിച്ച മാക്‌സ്വെല്ലിനെ ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.
മാക്സ്വെല്ലിന്റെ കാലില്‍ തട്ടിയ പന്ത് ധോണിയുടെ കൈകളില്‍ എത്തിയപ്പോഴേക്കും മാക്‌സ്‌വെല്ലിന്റെ വിക്കറ്റും വീണിരുന്നു. ഇടത് വശത്തേക്ക് ഡൈവ് ചെയ്തായിരുന്നു ധോണി ആ പന്ത് കൈപ്പിടിയിലൊതുക്കി ബെയില്‍സ് തെറിപ്പിച്ചത്. ബോള്‍ ആകാശത്തേക്ക് വലിച്ചെറിഞ്ഞ ധോണി മാക്‌സ്‌വെല്ലിന്റെ മുഖത്ത് നോക്കിയായിരുന്നു വിക്കറ്റാഘോഷിച്ചത്.