ലോക എയ്ഡ്സ് ദിനമായ ഡിസംബര്‍ ഒന്നിന് മലപ്പുറം നഗരത്തിന്റെ തിരക്കേറിയ നിരത്തില്‍ നൃത്തം ചെയ്തുകൊണ്ട് മൂന്ന് പെണ്‍കുട്ടികള്‍ മുന്നോട്ടുവന്നു. അതുവഴി കടന്നുപോയവരുടെയെല്ലാം നോട്ടം അവരിലായി. മതവിശ്വാസം വ്യക്തമായി അടയാളപ്പെടുത്തുന്ന തരത്തില്‍ തലയില്‍ തട്ടമിട്ടുകൊണ്ട് മലപ്പുറം നഗരമധ്യത്തില്‍ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ “എന്റമ്മേടെ ജിമിക്കി കമ്മല്‍” എന്ന ഗാനത്തിന് ചുവടുവെക്കുകയായിരുന്നു അവര്‍.
മലപ്പുറം നഗരത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ആ ഫ്ളാഷ് മോബിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വേഗം പ്രചരിച്ചു. എന്നാല്‍ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി പെണ്‍കുട്ടികള്‍ അവതരിപ്പിച്ച ഈ ഫ്ളാഷ് മോബിനെ സോഷ്യല്‍ മീഡിയകളില്‍ മുസ്ലിം പേരുകാരായ ഒരുവിഭാഗം നേരിട്ടത് ഭീഷണികളും അധിക്ഷേപ വചനങ്ങളും കൊണ്ടാണ്.
ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സ്ത്രീകള്‍ ഇതുപോലെ നൃത്തം ചെയ്താല്‍ എയ്ഡ്സ് കൂടുകയല്ലേ ചെയ്യുകയെന്ന് അധിക്ഷേപിച്ചുകൊണ്ട് നവാസ് ജാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടതോടെയായിരുന്നു ഈ പെണ്‍കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന്റെ തുടക്കം. “മൂന്നാല് പോത്തോളം പോന്ന സ്ത്രീകള്‍. എന്റമ്മന്റേ ജിമിക്കിയും കമ്മലും എന്റച്ചന്‍ കട്ട്വോണ്ട് പോയി. മങ്കുര്‍ണ്ണി വാങ്ങി. ആ മങ്കുര്‍ണ്ണി മുഴുവനും എന്റമ്മ കുടിച്ച് തീര്‍ത്തു. ആ ദേഷ്യത്തിന് അച്ചന്‍ കുന്നുമ്മലെ ശാന്തയുടെ വീട് വരെ പോയി…ആ ദേഷ്യത്തിന് അമ്മ വാതില് അടക്കാണ്ടായി. എന്ന് പറഞ്ഞ് ഊര കുലുക്കി ഡാന്‍സ് ചെയ്താല്‍ എയിഡ്സ് കൂടുകയല്ലേ ചെയ്യുക —-?” എന്നായിരുന്നു നവാസിന്റെ കുറിപ്പ്.
പിന്നീട് കേരളത്തിന്റെ തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന് കാരണം ഇത്തരം പെണ്‍കുട്ടികളാണെന്നായിരുന്നു ചിലരുടെ കമന്റ്. “ഓഖി ഒക്കെ വന്നില്ലെങ്കിലേ അതിശയം ഉള്ളൂ” എന്നായിരുന്നു റഊഫ് ചുങ്കത്തിന്റെ പ്രതികരണം.
“ഇന്ന് മലപ്പുറത്ത് നടന്നത്, സുനാമി അടിക്കാത്തത് ഭാഗ്യം, കാലാവസാനം അടുത്ത് തുടങ്ങി” എന്നും “വീട്ടില്‍ കെട്ടിയിടാന്‍ സ്ഥലം ഇല്ലാത്തതുകൊണ്ട് അഴിച്ചുവിട്ടതാ എന്ന് തോന്നുന്നു കാട്ടിക്കൂട്ടല്‍ കണ്ടാല്‍” എന്നും കുറിച്ച് അധിക്ഷേപിച്ചവരുണ്ട്.
വെളിവാകുന്നത് സ്ത്രീവിരുദ്ധത
ഫ്ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്കെതിരായ ആക്രമണത്തിലൂടെ സ്ത്രീവിരുദ്ധതയാണ് തുറന്നുകാട്ടപ്പെടുന്നതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് പറയുന്നു. “ഗൗതമന്‍ വീടുവിട്ടിറങ്ങിയാല്‍ ഗൗതമബുദ്ധന്‍! യശോധര വീടുവിട്ടിറങ്ങിയാല്‍ ഒരുമ്പെട്ടോള്” എന്നു പറഞ്ഞുകൊണ്ടാണ് ദീപ തന്റെ നിലപാട് വിശദീകരിക്കുന്നത്.
നര്‍ത്തകിയും ക്ഷേത്രകല പഠിച്ചുവെന്നതിന്റെ പേരില്‍ നേരത്തെ മുസ്ലിം മതമൗലികവാദികളുടെ ആക്രമണത്തിന് ഇരയാകുകയും ചെയ്ത മന്‍സിയയ്ക്കും ഈ നിലപാട് തന്നെയാണ്. “പെണ്‍കുട്ടികള്‍ക്കു പകരം ആണ്‍കുട്ടികളാണ് അവിടെ കളിച്ചിരുന്നതെങ്കില്‍ ഇത്രയും പ്രശ്നമുണ്ടാവില്ല. പെണ്‍കുട്ടികള്‍ എന്ന വിഷയം കൂടി അവിടെ വരുന്നതുകൊണ്ട് അവര്‍ ഇത്ര വൃത്തികെട്ട കമന്റുകളും മറ്റുമായി അധിക്ഷേപിക്കുന്നത്.” വി.പി മന്‍സിയ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
“ഞങ്ങളോടാണെങ്കില്‍ തട്ടമിടാതെ കളിച്ചുവെന്നൊക്കെ പറയും. പക്ഷേ ഈ പെണ്‍കുട്ടികള്‍ അവര് പറയുന്ന മാന്യമായ വേഷം ഇട്ടിട്ടുതന്നെയാണ് അവിടെ കളിച്ചത്. പിന്നെയെന്തിന് ഈ അസഹിഷ്ണുതയെന്ന് മനസിലാവുന്നില്ല.” മന്‍സിയ പറഞ്ഞു.
വേലിക്കെട്ടുകള്‍ തകര്‍ക്കുന്ന മുസ്ലിം സ്ത്രീ
ഒരു വശത്ത് മതമൗലികവാദികള്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുമ്പോള്‍ വലിയൊരു വിഭാഗം പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി രംഗത്തുവരുന്നുണ്ട്. പല വേലിക്കെട്ടുകളില്‍ നിന്നും രക്ഷപ്പെടുന്ന മുസ്ലിം സ്ത്രീയെന്ന നിലയിലാണ് ഷഫീഖ് മുസ്തഫ ഈ വീഡിയോയെ കാണുന്നത്.
“മുസ്ലിം സ്ത്രീ പല വേലിക്കെട്ടുകളില്‍ നിന്നും ഇങ്ങനെ നൈസായി ചാടിപ്പോന്നിട്ടുണ്ട്. ഒരു സാമൂഹിക പരിഷ്‌കര്‍ത്താവിന്റേയും ആവശ്യം അവള്‍ക്ക് വേണ്ടിവന്നിട്ടില്ല.” ഷഫീഖ് നിരീക്ഷിക്കുന്നു.
ഷഫീഖിന്റെ അഭിപ്രായങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് മന്‍സിയയുടെയും പ്രതികരണം. മുന്‍പ് മതമൗലികവാദികളുടെയും മറ്റും ഭീഷണികള്‍ ഭയന്ന് നൃത്തരംഗത്തുനിന്നും മറ്റും മാറിനിന്നിരുന്ന അവസ്ഥയില്‍ നിന്ന് മാറി ഇന്ന് മുസ്ലിം പെണ്‍കുട്ടികള്‍ കൂടുതലായി കലാരംഗത്തേക്ക് കടന്നുവരാന്‍ ധൈര്യം കാണിക്കുന്നുണ്ടെന്ന് മന്‍സിയ പറഞ്ഞു.
“ഇത്തരം ആക്രമണങ്ങള്‍ വകവെക്കാതെ പെണ്‍കുട്ടികള്‍ ധൈര്യത്തോടെ മുന്നോട്ടുപോകുകയാണെങ്കില്‍ അത് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.” മന്‍സിയ പറഞ്ഞു.
സ്ത്രീയെ പുരുഷന്റെ കണ്ണുകള്‍ കൊണ്ട് നല്‍കുന്ന നിര്‍വചനങ്ങളില്‍ ഊന്നിയുള്ള വ്യാഖ്യാനങ്ങളാണ് മതത്തെ സ്ത്രീവിരുദ്ധമാക്കുന്നതെന്ന് പറഞ്ഞ ഷെഫീഖ് മതവിധികളുടെ സ്ത്രീപക്ഷ വായനകള്‍ കൂടുതലായി ഉണ്ടാകാന്‍ ഇത്തരം സംഭവങ്ങള്‍ സഹായിക്കുമെന്നും വിലയിരുത്തുന്നു.
“മതഗ്രന്ഥങ്ങള്‍ക്ക് എഴുതപ്പെട്ട വ്യാഖ്യാനങ്ങളെല്ലാം പുരുഷന്മാരാല്‍ ആയിരുന്നതുകൊണ്ട് സ്ത്രീപക്ഷത്തെ വേണ്ടവണ്ണം ഉള്‍ക്കൊള്ളാനായില്ല എന്നൊരു വാദം ഇന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മതവിധികളുടെ സ്ത്രീപക്ഷ വായനകള്‍ കൂടുതലായി ഉണ്ടാവാന്‍ പോകുന്ന കാലമാണ് ഇനി വരുന്നത്. കേരളത്തിലും അതിന്റെ ആദ്യരൂപങ്ങള്‍ വികസിപ്പിക്കുന്നതില്‍ മലപ്പുറം ഫ്ളാഷ് മോബ് പോലെയുള്ള സംഭവങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കാവുന്നു എന്നുവേണം പറയാന്‍.” അദ്ദേഹം പറയുന്നു.
വെളിവാകുന്നത് സ്ത്രീ സ്വാതന്ത്ര്യ വിഷയത്തിലെ മതമൗലികവാദികളുടെ ഇരട്ടത്താപ്പ്
മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരായ ഈ ആക്രമണത്തില്‍ നിന്നും വെളിവാകുന്നത് സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിലെ മതമൗലികവാദികളുടെ ഇരട്ടത്താപ്പാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഹാദിയയുടെ വിഷയത്തിലും ഈ വിഷയത്തിലും ചിലര്‍ നടത്തിയ പ്രതികരണങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് ഇത്തരമൊരു വിമര്‍ശനമുയര്‍ത്തുന്നത്.
ഫ്ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെ അധിക്ഷേപിച്ചവര്‍ ഹാദിയ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ തുറന്നുകാട്ടുന്ന സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ടാണ് ഗവേഷക വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ അരുന്ധതി മതമൗലികവാദികളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നത്. “മൂന്ന് പെണ്‍കുട്ടികള്‍ തട്ടമിട്ട് ഫ്ളാഷ് മോബ് നടത്തിയപ്പോള്‍ പുരോഗമനം മറന്നുപോയ സെലക്ടീവ് സ്ത്രീ സ്വാതന്ത്ര്യക്കാര്‍” എന്നു കുറിച്ചുകൊണ്ടാണ് സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇവരുടെ നിലപാടുകളിലെ വൈരുദ്ധ്യം അരുന്ധതി തുറന്നുകാട്ടുന്നത്.
സ്ത്രീ സ്വാതന്ത്ര്യ വിഷയത്തിലെ നവാസ് ജാനിന്റെ ഇരട്ടത്താപ്പിനെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബഷീര്‍ വള്ളിക്കുന്ന് തുറന്നുകാട്ടുന്നുണ്ട്.
“മലപ്പുറത്ത് എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി മക്കനയിട്ട പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് കളിച്ചപ്പോള്‍, ഹാദിയയുടെ വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി മഹാ”ജുദ്ധം” തന്നെ നടത്തിയ ആര്‍ ടി ഗ്രൂപ്പിന്റെ ആസ്ഥാന മുഫ്തിക്ക് (ഗ്രൂപ്പിന്റെ മോഡറേറ്ററുമാണ്) ഭ്രാന്തിളകി. ആ പെണ്‍കുട്ടികളെ അറപ്പുളവാക്കുന്ന ഭാഷയില്‍ പുലഭ്യം പറഞ്ഞു കൊണ്ട് അയാള്‍ ആര്‍ ടി (റൈറ്റ് തിങ്കേഴ്സ്) യില്‍ പോസ്റ്റിട്ടു. ഹാദിയക്ക് വേണ്ടി ആ ഗ്രൂപ്പില്‍ ഘോരഘോരം ശബ്ദിച്ച പലരും അതിന് ലൈക്കോട് ലൈക്ക്.” എന്നു തുടങ്ങുന്ന പോസ്റ്റ് “ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുമ്പോള്‍ വ്യക്തി സ്വാതന്ത്ര്യം, ഞങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തപ്പോള്‍ പൊല. കൊള്ളാം ലേ.. വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടിയുളള അടുത്ത ജുദ്ധം നമുക്കുടനെ തുടങ്ങണം.” എന്നു പരിഹസിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.
ആണ്‍കോയ്മ അവരുടെ സ്വന്തമെന്ന് കരുതിപ്പോരുന്ന തെരുവുകളിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് അവര്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമാണെന്നും അതിനാല്‍ ഇവര്‍ അവര്‍ക്കെതിരെ തെറിവിളികളുമായി വരുന്നതെന്ന് നാസിറുദ്ദീന്‍ ചേന്നമംഗലൂര്‍ ചൂണ്ടിക്കാട്ടുന്നു.
“ഇന്നലെ വരെ വ്യക്തി സ്വാതന്ത്രവും പെണ്ണുങ്ങളുടെ ഏജന്‍സിയുമൊക്കെ പറഞ്ഞ ചിലരും കളം മാറ്റി ചവിട്ടിയിട്ടുണ്ട്. അത് സ്വാഭാവികം – കാരണം അവരുടെ കൂറ് ഇപ്പറയുന്ന മൂല്യങ്ങളോടല്ല, അതിന്റെ ഗുണഭോക്താവാന്‍ സാധ്യതയുള്ള ആണ്‍കോയ്മയുടെ മനസ്സിനോടാണ്.” അദ്ദേഹം പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം
തട്ടമിട്ട് നൃത്തം ചെയ്തതിന്റെ പേരില്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ചതില്‍ മുന്‍പന്തിയില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനത്തെ തള്ളുന്ന നിലപാടാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി സ്വീകരിച്ചത്.
വ്യക്തികളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഞങ്ങളുടെ പാര്‍ട്ടി ഇടപെടാറില്ല. അത്തരം വിഷയങ്ങളില്‍ അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ ഞങ്ങള്‍ സംസാരിക്കാറില്ല. പ്രത്യേകിച്ച് എനിക്കു തോന്നുന്നത് ഇത് നല്ലകാര്യത്തിനുവേണ്ടി ചെയ്തിട്ടുള്ള പ്രോഗ്രാം ആണെന്നാണ്.” അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരാരും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. “പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും തന്നെ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. അങ്ങനെ ഉണ്ടാവാനും പാടില്ല. കര്‍ശന നിര്‍ദേശമാണ് അക്കാര്യത്തില്‍ നല്‍കിയത്.” എന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സ്ത്രീ പൊതുരംഗത്തിറങ്ങുമ്പോള്‍
വേലിക്കെട്ടുകള്‍ തകര്‍ത്ത് മുന്നോട്ടേക്ക് കടന്നുവരാന്‍ ശ്രമിച്ച മുസ്ലിം സ്ത്രീകള്‍ നേരത്തെയും ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളായ നസ്രിയ, അന്‍സിബ തുടങ്ങിയ നടിമാര്‍ക്കുണ്ടായ അനുഭവങ്ങള്‍ ഇതിന് ഉദാഹരണമാണ്. മുസ്ലിം പേരുകളില്‍ നിലനില്‍ക്കുമ്പോഴും തട്ടിമിടാതെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതിന്റെയും മറ്റും പേരിലായിരുന്നു ഇവര്‍ ആക്രമിക്കപ്പെട്ടത്.
ക്ഷേത്രകലകള്‍ പഠിച്ചതിന്റെയും കലോത്സവ വേദിയില്‍ നൃത്തം ചെയ്തതിന്റെയും പേരിലാണ് മന്‍സിയ ആക്രമിക്കപ്പെട്ടത്. മന്‍സിയയ്ക്കും കുടുംബത്തിനും മഹല്ല് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയിരുന്നു. കൂടാതെ മന്‍സിയയുടെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിനും കബറടക്കത്തിനും വിലക്ക് കൊണ്ടുവരികയും ചെയ്തിരുന്നു.
കൂടാതെ 2017 മാര്‍ച്ചില്‍ തട്ടമിടാതെ ആണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് അസ്നിയ അഷ്മിന എന്ന പെണ്‍കുട്ടിയ്ക്കുനേരെ സൈബര്‍ ആക്രമണം നടന്നിരുന്നു.