കാറുകള്‍ ഒഴുകിപ്പോയി, ദേശീയപാതകള്‍ പുഴയെടുത്തു; ഹിമാചലില്‍ പെയ്തിറങ്ങിയത് സര്‍വകാല റെക്കോഡ് മഴ!
national news
കാറുകള്‍ ഒഴുകിപ്പോയി, ദേശീയപാതകള്‍ പുഴയെടുത്തു; ഹിമാചലില്‍ പെയ്തിറങ്ങിയത് സര്‍വകാല റെക്കോഡ് മഴ!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th July 2023, 5:28 pm

ഷിംല: ഹിമാചല്‍ പ്രദേശില്‍ പലയിടത്തും മിന്നല്‍ പ്രളയത്തിന് കാരണമായത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പെയ്ത അതിതീവ്രമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പെയ്തത് 1993ലെ സര്‍വകാല റെക്കോഡ് മഴയേക്കാള്‍ (188 മില്ലിമീറ്റര്‍) ഉയര്‍ന്ന അതിതീവ്ര മഴയായിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 228 മില്ലിമീറ്റര്‍ മഴയാണ് പെയ്തതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷകനായ സന്ദീപ് കുമാര്‍ ശര്‍മ എ.എന്‍.ഐയോട് പറഞ്ഞു. സംസ്ഥാന വ്യാപകമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹിമാചല്‍ പ്രദേശിലെ മഴക്കെടുതികളില്‍ ഇതിനോടകം ഒമ്പത് പേര്‍ മരിച്ചതായാണ് വിവരം.

ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര, ചമ്പ, ഹമീര്‍പൂര്‍, കുളു, മാണ്ഡി എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സോളന്‍, ഷിംല, സിര്‍മൗര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ലാഹൗള്‍ സ്പിറ്റിയില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത രണ്ട് ദിവസത്തേക്ക് മേല്‍പ്പറഞ്ഞ ജില്ലകളില്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വിവിധയിടങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി അതീവ ജാഗ്രചാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹിമാചല്‍ പ്രദേശില്‍ രണ്ടിടങ്ങളിലായി വീട് തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. മണാലിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയിട്ടുണ്ട്. മണ്ണിടിച്ചില്‍, പ്രളയഭീതിയെ തുടര്‍ന്ന് ചെറുതും വലുതുമായ 250ഓളം റോഡുകള്‍ അടച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബീസ് നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം ഒലിച്ചുപോയി. ദേശീയപാതകളും മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയിട്ടുണ്ട്. ഇതോടെ മേഖലയില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.

Content Highlights: flash flood alert in himachal pradesh, record 228 mm rain in last 24 hours