മിയാമി: ഭൂമിയില്‍ നിന്നു വിക്ഷേപിച്ച റോക്കറ്റിനെ നിശ്ചിത സ്ഥലത്ത് സുരക്ഷിതമായി തിരിച്ചിറക്കുക എന്ന ലക്ഷ്യം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടേയും (നാസ) സ്‌പേസ് എക്‌സിന്റേയും ലക്ഷ്യം പരാജയപ്പെട്ടു. ഇറക്കുവാനായ ക്രമീകരിച്ചിരുന്ന ബാര്‍ജിലേക്ക് റോക്കറ്റ് ഇടിച്ചിറങ്ങുകയായിരുന്നു.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങള്‍ അടങ്ങിയ ഡ്രാഗണ്‍ പേടകത്തെ വഹിച്ച ഫാല്‍ക്കണ്‍-9 റോക്കറ്റാണ് തിരികെ കടലില്‍ കാത്തുകിടക്കുന്ന ബാര്‍ജില്‍ ഇറക്കുക എന്ന ലക്ഷ്യത്തില്‍ പരാജയപ്പെട്ടത്. അതേസമയം ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്നു. 50 ശതമാനം മാത്രമായിരുന്നു റോക്കറ്റിന്റെ പരീക്ഷണ ലാന്റിങിന് സ്‌പേസ് എക്‌സ് നല്‍കിയിരുന്ന വിജയസാധ്യത . ലക്ഷ്യം പരാജയപ്പെട്ടതായി സ്‌പേസ് എക്‌സ് കമ്പനി സി.ഇ.ഒ എലോണ്‍ മുസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചു.
ഡ്രാഗണ്‍ കാര്‍ഗോ പേടകം തിങ്കളാഴ്ച്ച രാവിലെ 6.12 ന് സ്‌പേസ് സ്റ്റേഷനില്‍ എത്തുമെന്ന് നാസ അറിയിച്ചു. വിക്ഷേപണം ഇരുട്ട് സന്ധ്യ സമയത്ത് ആയതിനാല്‍ റോക്കറ്റിന്റെ ലാന്റിങ്ങിന്റെ വ്യക്തമായ ചിത്രങ്ങളും വീഡിയോയും ശേഖരിക്കാന്‍ തങ്ങള്‍ക്കായില്ലെന്ന് എലോണ്‍ മുസ്‌ക് പറഞ്ഞു.
ഫ്‌ലോറിഡയുടെ കിഴക്കന്‍ തീരത്ത്, അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാത്തുകിടക്കുന്ന 2730 ചതുരശ്ര മീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ബാര്‍ജിലായിരുന്നു റോക്കറ്റിന് ഇറങ്ങേണ്ടത്. ഇതാണ് പരാജയപ്പെട്ടത്.
നിലവില്‍ വിക്ഷേപണ ശേഷം നശിച്ചു പോവുന്ന ഇത്തരം റോക്കറ്റുകളെ തിരികെ എത്തിക്കാന്‍ കഴിയുന്നതിലൂടെ വിക്ഷേപണത്തിനു വേണ്ടി വരുന്ന ചെലവ് വലിയതോതില്‍ കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുമ്പ് രണ്ടു തവണ റോക്കറ്റുകളെ കമ്പനി കടലില്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍ നിശ്ചിത സ്ഥലത്ത് ഇറക്കാന്‍ ശ്രമിക്കുന്നത് ആദ്യമായാണ്.