| Thursday, 31st March 2022, 5:40 pm

മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ നാരദന് ഈ ദുരനുഭവം ഉണ്ടാകില്ലായിരുന്നു; ഒ.ടി.ടി താരങ്ങളെ പ്രേക്ഷകരുടെ മനസില്‍ നിന്നകറ്റും: ഫിയോക് പ്രസിഡന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: തിയേറ്ററുകള്‍ തങ്ങള്‍ക്ക് വേണ്ട എന്ന് ഏതെങ്കിലും താരങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ തിയേറ്ററുകാര്‍ക്കും അവരെ വേണ്ടായെന്ന് പറയാനുള്ള ചങ്കൂറ്റമുണ്ടെന്ന് ഫിയോകിനുണ്ടെന്ന് പ്രസിഡന്റ് കെ. വിജയകുമാര്‍. തിയേറ്ററുകള്‍ക്ക് താരങ്ങളെ പൂജിച്ച് നില്‍ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആന്റണി പെരുമ്പാവൂര്‍ രാജി വെച്ചിട്ടില്ല, ഭിന്നത എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും
കൊച്ചിയില്‍ നടന്ന ഫിയോക്കിന്റെ വാര്‍ത്താ സമ്മേളനത്തില്‍ വിജയകുമാര്‍ പറഞ്ഞു.

സിനിമ ഏത് പ്ലാറ്റ് ഫോമിലേക്കാണ് നല്‍കേണ്ടത് എന്ന് തീരുമാനിക്കുന്നത് നിര്‍മാതാവാണ്. എന്നാല്‍ സിനിമ ഒ.ടി.ടിക്ക് നല്‍കുമ്പോള്‍ പ്രേക്ഷരുടെ മനസില്‍ നിന്നാണ് ഇത്തരം സിനിമയിലെ താരങ്ങള്‍ പോകുന്നത്. നാരദന്‍ എന്നത് നല്ല ഒരു സിനിമയാണ്, മിന്നല്‍ മുരളി തിയേറ്റില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ നാരദന്‍ തിയേറ്ററില്‍ ദുരനുഭവം ഉണ്ടാകില്ലായിരുന്ന എന്നും വിജയകുമാര്‍ പറഞ്ഞു.

സ്ഥിരം ചെയര്‍മാന്‍ എന്നതില്‍ മാറ്റം സംഭവിക്കാം, എന്നാല്‍ നിലവില്‍ അതിന് നിയമതടസമുണ്ട്. സ്ഥിരം ആളുകള്‍ സംഘടനയുടെ ചെയര്‍മാനും പ്രസിഡന്റും ആകണമെന്ന് അംഗങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

ഫിയോക് യുവത്വത്തിന്റെ സംഘടനയാണ്. ഓരോ രണ്ട് വര്‍ഷം കഴിയുമ്പോയും സംഘടനയില്‍ മാറ്റം വരുന്നുണ്ട്. മറ്റു സംഘടനയില്‍ അംഗമായവരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനമുള്ളവരെയും സംഘടന അടുപ്പിക്കില്ല.

നിശ്ചിത അംഗങ്ങള്‍ സംഘടനയില്‍ വേണമെന്ന് ഫിയോകിന് നിര്‍ബന്ധമില്ല. ഫിയോകിന്റെ അംഗ സംഖ്യ വര്‍ധിപ്പിക്കാന്‍ ഒരു ഉദ്ദേശവുമില്ല. എത്ര പേര്‍ സംഘടനക്കൊപ്പം നില്‍ക്കുന്നു എന്നതാണ് പ്രാധാനമെന്നും വിജയകുമാര്‍ പറഞ്ഞു.

കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമ ഒ.ടി.ടിയില്‍ പോയതില്‍ സംഘടനയോട് സംസാരിച്ചിട്ടുണ്ട്. അതേപോലെയല്ല ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട്. അത് തിയേറ്ററിന് പറഞ്ഞുറപ്പിച്ചതിന് ശേഷം ഒ.ടി.ടിക്ക് നല്‍കുകയായിരുന്നു. എന്നാല്‍, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന സിനിമ ഒ.ടി.ടിക്ക് തീരുമാനിച്ചതിന് ശേഷം പിന്നീട് തിയേറ്ററിന് നല്‍കുകയായിരുന്നെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫെറര്‍ നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്.

പ്രത്യേക സാഹചര്യത്തിലാണ് സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയതെന്നും തുടര്‍ന്നുള്ള ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ആകുമെന്നും കമ്പനി അറിയിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ‘സല്യൂട്ട്’ എന്ന സിനിമ ഒ.ടി.ടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടര്‍ന്നായിരുന്നു വിലക്കേര്‍പ്പെടുത്തിയത്. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയതെന്നായിരുന്നു ഫിയോക് ആരോപിച്ചത്.

Content Highlights:  Fiyok President says If Minnal Murali had been released in theaters, Naradan would not have had this misfortune

We use cookies to give you the best possible experience. Learn more