തിരുവനന്തപുരം: നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. സംഘടനയുടെ ആജീവനാന്ത ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ് ഇരുവരും.
ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കി ഫിയോക് ഭരണഘടന ഭേദഗതി നടപ്പിലാക്കാനാണ് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ തീരുമാനം. വിഷയത്തിലെ അന്തിമതീരുമാനം 31ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലുണ്ടാകും.
ഒ.ടി.ടി റിലീസ് സംബന്ധിച്ച അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് ഇരുവരെയും പുറത്താക്കാനുള്ള നീക്കം സംഘടനക്കുള്ളില്‍ നടക്കുന്നത്. ഫിയോക് ഭാരവാഹിത്തം വഹിച്ചിട്ടും ഒ.ടി.ടി റിലീസുകളെ പിന്തുണക്കുന്ന നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇരുവര്‍ക്കുമെതിരെ ഉയരുന്നത്.
2017ലാണ് ഫിലീം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് ആരംഭിച്ചത്. അന്ന് തന്നെ ആജീവനാന്ത ചെയര്‍മാനായി ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായി ആന്റണിയെയും തീരുമാനിക്കുകയായിരുന്നു.
പിന്നീടൊരിക്കലും ഈ രണ്ട് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ പാടില്ലെന്നും ഭരണഘടനയില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് സംഘടനക്കുള്ളില്‍ അഭിപ്രായഭിന്നത ആരംഭിച്ചത്.
അതിന്റെ തുടര്‍ച്ചയായാണ് ദിലീപിനെയും ആന്റണിയെയും പുറത്താക്കാനുള്ള നീക്കം നടക്കുന്നത്. നേരത്തെ ദുല്‍ഖര്‍ സല്‍മാനും താരത്തിന്റെ നിര്‍മാണ കമ്പനിക്കും ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.