തിരുവനന്തപുരം: ദുല്‍ഖര്‍ സല്‍മാനും നിര്‍മാണ കമ്പനിയായ വേഫെററിനും വിലക്കേര്‍പ്പെടുത്തിയതായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. ധാരണകളും വ്യവസ്ഥകളും ലംഘിച്ച് ദുല്‍ഖറിന്റെ പുതിയ ചിത്രം സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയതിനാണ് നടപടി.
ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നായിരുന്നു എഗ്രിമെന്റുണ്ടായിരുന്നത്. എന്നാല്‍ ഈ ധാരണ ലംഘിച്ചാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതെന്ന് ഫിയോക് ആരോപിച്ചു.
ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞതിന് പിന്നാലെ പോസ്റ്ററുകള്‍ ഉള്‍പ്പടെ തയ്യാറാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സിനിമ ഒ.ടി.ടിയിലേക്ക് നല്‍കിയതെന്നാണ് ഫിയോക് അംഗങ്ങള്‍ പറയുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കും നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്കും തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്താനാവില്ല.
ബോബി സഞ്ജയ്യുടെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സല്യൂട്ട്. ഒരുപാട് നാളുകളായി ദുല്‍ഖറിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്.
ചിത്രം മാര്‍ച്ച് 18ന് സോണി ലിവിലൂടെ സ്ട്രീമിംഗ് ചെയ്യുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചിരുന്നു. ഫേസ്ബുക്കിലെ തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്. ചിത്രം തീയേറ്ററിലേക്കില്ലെന്നും ഒ.ടി.ടിക്ക് നല്‍കുമെന്നും അണിയറപ്രവ്രര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു
ജനുവരി 14നായിരിക്കും ചിത്രം റിലീസ് ചെയ്യാനിരുന്നതെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. തിയേറ്ററിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.
മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പൊലീസ് കഥയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.
വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
മനോജ്. കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്‌ലം പുരയിലാണ്.
Content Highlights: Fiyok bans Dulquer Salman and production company