പാലക്കാട്: ലക്കിടിപേരൂര്‍ മണ്ഡലം കമ്മിറ്റി പിരിച്ച് വിട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവെച്ചു. ജില്ലാ മണ്ഡല ഭാരവാഹികള്‍ ഉള്‍പ്പെടെ നാല്‍പ്പത്തഞ്ച് പേര്‍ രാജിവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് എട്ട് മണ്ഡലം കമ്മിറ്റികള്‍ പിരിച്ച് വിട്ടിരുന്നു. സംഭവത്തില്‍ സംസ്ഥാന കമ്മിറ്റികള്‍ പോലും പ്രതിഷേധം അറിയിച്ചിരുന്നു.
ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടത്. ജില്ലയിലെ വൈസ് പ്രസിഡന്റ് അടക്കമുള്ള മറ്റ് ഭാരവാഹികളുമായി കൂടിയാലോചിക്കാതെയാണ് തീരുമാനമെടുത്തതെന്ന വിമര്‍ശനവും ഉയരുന്നു.
ഒരു മണ്ഡലം കമ്മിറ്റി പിരിച്ച് വിടുമ്പോള്‍ വിശദീകരണമെന്നും എന്നാല്‍ ഇവിടെ അങ്ങനെ ഒന്നും സംഭവിച്ചില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
പുതിയ ആളുകളെ പാര്‍ട്ടിയിലേക്ക് ചേര്‍ക്കുന്നതിന് പകരം ഉള്ള ആളുകളെ പിരിച്ചുവിടാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം വന്നിട്ടുള്ളത്.
അതേസമയം കൃത്യമായ സംഘടനാ ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണം, സമ്മേളനങ്ങള്‍ ഗൗരവമായി കാണണം അതില്‍ സഹകരിച്ചില്ലെങ്കില്‍ നടപടിയെടുക്കേണ്ടി വരുമെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്.
കഴിഞ്ഞ ദിവസം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒരു തരത്തിലും സഹകരിക്കാത്ത കമ്മിറ്റികളെയാണ് പിരിച്ചുവിട്ടതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ധനീഷ് ലാല്‍ അയച്ച കത്തില്‍ പറഞ്ഞിരുന്നു.