തൊഴിലിടങ്ങളില്‍ നിശ്ചിത സമയ നിര്‍മാണം നടത്തണം: ശശി തരൂര്‍
national news
തൊഴിലിടങ്ങളില്‍ നിശ്ചിത സമയ നിര്‍മാണം നടത്തണം: ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st September 2024, 5:02 pm

ന്യൂദല്‍ഹി: കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്‍ ജോലി സമ്മര്‍ദ്ദം മൂലം മരണപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എം.പി. സ്വകാര്യമേഖലയിലായാലും പൊതുമേഖലയിലായാലും എല്ലാ തൊഴിലിടങ്ങളിലും നിശ്ചിത സമയ നിര്‍മാണം നടത്തണമെന്നാണ് ശശി തരൂര്‍ പറഞ്ഞത്.

എല്ലാ ജോലിസ്ഥലങ്ങളിലും നിശ്ചിത സമയത്തിനുള്ള കലണ്ടര്‍ വേണമെന്നും ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി എന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നതായും ശശി തരൂര്‍ പറഞ്ഞു. ദിവസം എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ച് ദിവസം ജോലി എന്ന നിര്‍ദേശമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.

ഏണസ്റ്റ് ആന്റ് യങ്ങില്‍ ജോലി ചെയ്തിരുന്ന അന്ന സെബാസ്റ്റിയന്‍ എന്ന ചാറ്റേര്‍ഡ് അക്കൗണ്ടന്റിന്റെ മരണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്നയുടെ പിതാവുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘ഏണസ്റ്റ് ആന്റ് യങ്ങില്‍ ദിവസേന 14 മണിക്കൂര്‍ വീതം ആഴ്ചകളോളം നീണ്ട സമ്മര്‍ദത്തോടെ ജോലി ചെയ്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട അന്ന സെബാസ്റ്റ്യന്റെ പിതാവ് സിബി ജോസഫുമായി സംസാരിച്ചു. അത് ഹൃദയഭേദഗവും വൈകാരികവുമായിരുന്നു,’ ശശി തരൂര്‍ കുറിച്ചു.

ജോലി സ്ഥലത്തെ സമ്മര്‍ദം കുറക്കുന്നതിനായി നിയമങ്ങള്‍ ഉണ്ടാവണമെന്നും ഇതിനായി നടപടികള്‍ സ്വീകരിക്കണമെന്നും അന്നയുടെ പിതാവ് ശശി തരൂരിനോട് പറഞ്ഞു. ജോലി സ്ഥലത്തെ മനുഷ്യത്വമില്ലായ്മക്ക് കടുത്ത ശിക്ഷയും പിഴയും ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ പിതാവിന് ഉറപ്പുനല്‍കിയതായും തരൂര്‍ വ്യക്തമാക്കി.

ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായാണ് മകള്‍ മരണപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി അന്ന സെബാസ്റ്റിയന്റെ അമ്മ കമ്പനി മേധാവിക്ക് കത്തെഴുതിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. കൂടാതെ ഇത്തരത്തിലുള്ള സമാന സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ആവശ്യപ്പെടുമെന്നും അന്നയുടെ രക്ഷകര്‍ത്താക്കള്‍ പറഞ്ഞിരുന്നു.

അന്നയ്ക്ക് ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ഉറക്കമില്ലായ്മയും ഉത്കണ്ഠയും ജോലിക്ക് കേറി നാല് മാസങ്ങളായി ഉണ്ടായിരുന്നതായും ജീവനക്കാരുടെ ആരോഗ്യത്തെക്കാള്‍ ജോലിക്കായിരുന്നു കമ്പനി ഉദ്യോഗസ്ഥര്‍ ശ്രദ്ധ ചെലുത്തിയിരുന്നതായും അന്നയുടെ അമ്മ പറഞ്ഞിരുന്നു.

അന്നയുടെ മരണം ചര്‍ച്ചയായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ, കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ സംസാരിക്കുകയും വസ്തുതകള്‍ക്കനുസരിച്ച് നടപടി എടുക്കുമെന്നും പറഞ്ഞിരുന്നു.

Content Highlight: fixed time construction should be done in workplace: Sasi tharoor