| Monday, 17th November 2014, 11:00 am

2015 ജനുവരി മുതല്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ വില കൃത്യമായി രേഖപ്പെടുത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2015 ജനുവരി മുതല്‍ ജീവന്‍രക്ഷാ മരുന്നുകളുടെ വില കൃത്യമായി പുറം കവറില്‍ രേഖപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. മരുന്നുകളുടെ വിലനിയന്ത്രത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

പുതുവര്‍ഷ സമ്മാനമായി ജനങ്ങള്‍ക്ക് ഈ സംവിധാനം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. ചുവന്ന നിറം കൊണ്ട് കട്ടിയില്‍ വില വിവരം രേഖപ്പെടുത്തും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സ്ഥിരമായി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. 2015 മുതല്‍ വില നിലവാരവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ദേശീയ മരുന്ന് വിലനിയന്ത്രണ അതോറിറ്റി (എന്‍.പി.പി.എ)യുടെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തയിട്ടുണ്ട്. 1800111255, 1800114424 എന്നീ നമ്പറുകളിലേക്കാണ് പരാതി അറിയിക്കേണ്ടത്.

വിലനിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദേശം ഉപഭോക്ത കാര്യാലയവുമായും ഭക്ഷ്യ വിതരണ വകുപ്പുമായും ആരോഗ്യ മന്ത്രാലയവുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞു. മരുന്നുവില നിയന്ത്രണത്തിന്റെ കാര്യത്തില്‍ ഉപഭോക്താക്കളുടെ തീരുമാനം കൂടി കണക്കിലേടുക്കേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

മരുന്നുവിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരാഴ്ചക്കിടെ കൈകൊള്ളുന്ന രണ്ടാമത്തെ വലിയ തീരുമാനമാണിത്. 2013ലെ മരുന്നു വില നിയന്ത്രണ നിയമപ്രകാരം 100 മരുന്നുകളുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇപ്പോള്‍ 600 ഓളം വിവിധ തരത്തിലുള്ള മരുന്നുകള്‍ 6000 ത്തോളം വ്യത്യസ്ത ബ്രാന്‍ഡുകളിലും പാക്കറ്റുകളിലും വിപണിയിലെത്തുന്നുണ്ടെന്നും കൃത്യമായ വില നിശ്ചയിച്ച മരുന്നുകള്‍ ഉള്‍പ്രദേശങ്ങളിലും ഗ്രാമങ്ങളിലും എത്തിക്കുന്നത് വന്‍ വെല്ലുവിളിയാണെന്നും അധികൃതര്‍ അറിയിച്ചു.

എന്‍.പി.പി.എയുടെ കണക്കനുസരിച്ച് 4000 കോടി കേസുകളാണ് വിവിധ മരുന്നുകളുടെ വിലനിലവാരത്തിനെതിരെ നിലവിലുള്ളത്.  വില രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മരുന്നുകമ്പനി ഉടമകളുടെയും ഉപഭോതൃ സംഘടനകളുടെയും സംസ്ഥാന അധികൃതരുടെയും അഭിപ്രായം നവംബര്‍ 30നകം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more