സിനിമ ഡയലോഗിനൊപ്പം സ്റ്റേഷന്‍ തകര്‍ക്കുന്ന വി.എഫ്.എക്സ്: യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
സിനിമ ഡയലോഗിനൊപ്പം പൊലീസ് സ്റ്റേഷന്‍ ബോംബുവെച്ച് തകര്‍ക്കുന്ന ഭാഗം വി.എഫ്.എക്സ് ചെയ്ത് ഉള്‍പ്പെടെത്തിയ യുവാക്കള്‍ അറസ്റ്റില്‍.
കുരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്. മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതായാണ് സിനിമാ ഡയലോഗിനൊപ്പം ചേര്‍ത്ത് ഇവര്‍ നിര്‍മിച്ചത്.
2010 ല്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം അന്‍വറിലെ ഡയലോഗുകള്‍ ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ നിര്‍മിച്ചത്.
വീഡിയോയുടെ അവസാനം പൊലീസ് സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുന്നതും വി.എഫ്.എക്‌സില്‍ സൃഷ്ടിച്ചിരുന്നു. ആര്‍. ഡി വോഗ് എന്ന ഇവരുടെ കണ്ടന്റ് ക്രീയേഷന്‍ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകള്‍ വഴിയാണ് വീഡിയോ അപ്ലോഡ് ചെയ്തത്.
സിനിമയില്‍ ഇത്തരത്തില്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുന്ന ഭാഗമുണ്ട് അതേ ഭാഗം തന്നെയാണ് യുവാക്കള്‍ വി.എഫ്.എക്സില്‍ പുനര്‍നിര്‍മിച്ചത്.
അതേസമയം യുവാക്കളുടെ ക്രീയേറ്റിവിറ്റിയില്‍ പൊലീസ് ഇത്രയും കടുത്ത നടപടികള്‍ സ്വീകരിക്കണോ എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നുണ്ട്.
സോഷ്യല്‍ മീഡിയ വഴി പോലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍, ലഹള സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് യുവാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Content Highlight: Five youth arrested for making reels of a blasting police station