അഞ്ച് ദിവസത്തിനിടെ കര്‍ണാടകയില്‍ പ്രസവാനന്തരം മരിച്ചത് അഞ്ച് യുവതികള്‍
national news
അഞ്ച് ദിവസത്തിനിടെ കര്‍ണാടകയില്‍ പ്രസവാനന്തരം മരിച്ചത് അഞ്ച് യുവതികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th November 2024, 7:49 pm

ബെംഗളൂരു: പ്രസവാനന്തരം കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ച് ദിവസത്തിനിടെ മരിച്ചത് അഞ്ച് സ്ത്രീകള്‍. ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ ഉൾപ്പെടെയാണ് അഞ്ച് സ്ത്രീകള്‍ തുടര്‍ച്ചയായി മരണപ്പെട്ടത്.

മരിച്ച അഞ്ച് യുവതികളില്‍ നാല് പേരും സിസേറിയന് വിധേയവരാണ്. ഇവരുടെ ഓപ്പറേഷന്‍ ബെല്ലാരിയിലെ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലാണ് നടന്നത്. മറ്റൊരാളുടെ സിസേറിയന്‍ നടന്നത് ബെല്ലാരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലുമാണ്.

20കാരിയായ മഹാലക്ഷ്മിയാണ് ബിംസിലെ ചികിത്സക്കിടെ മരണപ്പെട്ടത്. നോര്‍മല്‍ ഡെലിവറിയിലൂടെയാണ് മഹാലക്ഷ്മിയുടെ പ്രസവം നടന്നത്. തുടര്‍ന്നുണ്ടായ അണുബാധയും രക്തസ്രാവവുമാണ് യുവതിയുടെ മരണത്തിന് കാരണമായത്.

ലളിതമ്മ, റോജമ്മ, നന്ദിനി, മുസ്‌കാന്‍ എന്നിവരാണ് ബെല്ലാരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. നവംബര്‍ ഒമ്പതിനാണ് ഇവര്‍ ഉള്‍പ്പെടെ 10 സ്ത്രീകളുടെ സിസേറിയൻ നടന്നത്.

എന്നാല്‍ 10ല്‍ ഏഴ് പേരുടെ ആരോഗ്യനില ഗുരുതമാകുകയും തുടര്‍ന്ന് നാല് യുവതികള്‍ മരണപ്പെടുകയുമായിരുന്നു. യുവതികള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മരണത്തിന് കാരണമായെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.

സംഭവത്തില്‍ വ്യാപകമായ വിമര്‍ശനമാണ് ബെല്ലാരിയില്‍ ഉയരുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ യുവതികളുടെ മരണത്തിന് കാരണമായെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

യുവതികളുടെ മരണത്തില്‍ സ്ഥലത്തെ ജനപ്രതിനിധികള്‍ മൗനം പാലിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അതേസമയം പ്രസവാനന്തരം അഞ്ച് സ്ത്രീകള്‍ തുടര്‍ച്ചയായി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്ന് ജില്ലയുടെ ഇന്‍ചാര്‍ജുള്ള മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലെ ചെലവുകള്‍ വഹിക്കാന്‍ ത്രാണിയില്ലാത്ത സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇനി ഇത്തരത്തിലുള്ള അനാസ്ഥ ഉണ്ടാകരുതെന്ന് യുവതികളുടെ കുടുംബം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കുഞ്ഞുങ്ങളുടെ ആരോഗ്യനില സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

Content Highlight: Five young women died after giving birth in Karnataka in five days