| Wednesday, 10th January 2024, 12:31 pm

കാളിയുടെ പേട്ടയാട്ടത്തിന് അഞ്ച് വര്‍ഷം: തലൈവരുടെ 'മരണമാസ്' തിരിച്ചുവരവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാലോകം കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ വന്ന ചിത്രമായിരുന്നു 2016ല്‍ പുറത്തിറങ്ങിയ കബാലി. പാ.രഞ്ജിത്- രജിനികാന്ത് കൂട്ടുകെട്ടില്‍ വന്ന ഈ ചിത്രം ആരാധകരുടെ പ്രതീക്ഷ കാത്തില്ല. 2 വര്‍ഷത്തിന് ശേഷം ഇതേ കൂട്ടുകെട്ടില്‍ വന്ന കാലാ, പ്രമേയം കൊണ്ട് മികച്ചതായിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഇന്‍ഡസ്ട്രി ഹിറ്റ് ആയ എന്തിരന്റെ രണ്ടാം ഭാഗം 2.0 യും നിരാശപ്പെടുത്തി. ആരോഗ്യപ്രശ്‌നങ്ങളും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന അഭ്യൂഹങ്ങളും എല്ലാം ആയപ്പോള്‍ സിനിമയില്‍ രജിനിയുടെ കാലം കഴിഞ്ഞു എന്ന് എല്ലാവരും വിധിയെഴുതി.

2019 ജനുവരി 10, തമിഴ്‌നാട്ടിലെ മറ്റൊരു പൊങ്കല്‍ സീസണ്‍. അത്തവണ തമിഴ് സിനിമാലോകം കണ്ടത് തുടര്‍ച്ചയായ നാലാമത്തെ സിനിമയും ശിവയുമായി ചെയ്യുന്ന അജിതിന്റെ വിശ്വാസവും ഒരു യുവസംവിധായകന്റെ കൂടെ രജിനികാന്ത് എത്തുന്ന പേട്ടയും തമ്മിലുള്ള ക്ലാഷിന് കളമൊരുക്കുന്നതാണ്. മുന്‍ ചിത്രങ്ങള്‍ തന്ന നിരാശയില്‍ രജിനി ആരാധകര്‍ എല്ലാം അധികം പ്രതീക്ഷയില്ലാതെ പേട്ടക്ക് കയറുന്നു. എന്നാല്‍ പേട്ട തുടങ്ങി ഓപ്പണിങ് സീന്‍ മുതല്‍ രജിനികാന്ത് എന്ന താരത്തിന്റെ രണ്ടേമുക്കാല്‍ മണിക്കൂര്‍ ഷോ.

കുട്ടിക്കാലം മുതല്‍ താന്‍ ആരാധിക്കുന്ന നടന് കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്‍ കൊടുത്ത ട്രിബ്യൂട്ട് ആയിരുന്നു പേട്ട. ആദ്യസിനിമയായ അപൂര്‍വരാഗങ്ങള്‍ മുതല്‍ക്കിങ്ങോട്ടുള്ള എല്ലാ രജിനി ചിത്രങ്ങളിലെയും റഫറന്‍സ് രജിനിയുടെ ഓരോ മാനറിസത്തിലും ഉണ്ടായിരുന്നു. തന്റെ ഇഷ്ടനടനെ എങ്ങനെയാണോ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നത് അതിന്റെ മാക്‌സിമത്തില്‍ രജിനിയെ പേട്ടയില്‍ അവതരിപ്പിച്ചു.

വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, ശശികുമാര്‍, തൃഷ, സിമ്രന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ ഉണ്ടെങ്കിലും ആദ്യവസാനം സിനിമയില്‍ നിറഞ്ഞു നിന്നത് തലൈവര്‍ തന്നെ. ക്യാമറക്ക് പിന്നില്‍ കാര്‍ത്തികിന്റെ കൂടെ മറ്റൊരു ഫാന്‍ബോയ് കൂടെ ഉണ്ടായിരുന്നു. തന്റെ സംഗീതം കൊണ്ട് ഇഷ്ടനടന് ട്രിബ്യൂട്ട് കൊടുത്ത അനിരുദ്ധ്. ഓരോ പാട്ടും ബി.ജി.എമ്മും കൊണ്ട് സിനിമയുടെ ഗ്രാഫ് കൂട്ടിയ അനിരുദ്ധ് രജിനിയുടെ ഐക്കണിക് ബി.ജി.എം ആയ അണ്ണാമലൈയിലെ ട്യൂണ്‍ റീമാസ്റ്റര്‍ ചെയ്തതും ശ്രദ്ധേയമായി. ദേശീയ അവാര്‍ഡ് ജേതാവായ തിരുനാവുക്കരസു രജനിയെയും ഡാര്‍ജ്‌ലിങിന്റെ ഭംഗിയെയും ഒപ്പിയെടുത്ത വിധവും അഭിനന്ദിക്കേണ്ട ഒന്നാണ്.

തന്റെ മുന്‍കാല ചിത്രങ്ങളുടെ തോല്‍വി കണ്ട് പരിഹസിച്ചവരോട് ‘നാന്‍ വീഴ്വേന്‍ എന്‍ഡ്ര് നിനൈത്തായോ’ എന്ന് ചോദിച്ചു കൊണ്ട് തുടങ്ങുന്ന പേട്ട ഒടുവില്‍ അവസാനിക്കുമ്പോള്‍ ‘ഇന്ത ആട്ടം പോതുമാ കുഴന്തൈ’ എന്ന് ചോദിച്ചു കൊണ്ട് അവസാനിക്കുമ്പോള്‍ ആരാധകര്‍ക്ക് കിട്ടിയത് ഒരിക്കലും മറക്കാനാവാത്ത സിനിമാനുഭവം ആയിരുന്നു. പേട്ടയുടെ മറക്കാനാവാത്ത അഞ്ച് വര്‍ഷങ്ങള്‍.

Content Highlight: Five years of Rajnikanth movie Petta

We use cookies to give you the best possible experience. Learn more