| Friday, 18th February 2022, 10:22 pm

നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ച് വര്‍ഷം, സ്ത്രീ സുരക്ഷക്കായി സര്‍ക്കാര്‍ എന്തുചെയ്തു; ചോദ്യമുന്നയിച്ച് ഡബ്ലു.സി.സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്. അഞ്ച് വര്‍ഷത്തിന് ശേഷവും കേസ് എങ്ങുമെത്താതെ തുടര്‍ന്നുകൊണ്ടിരക്കുകയാണ്. നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം വര്‍ഷത്തില്‍ സര്‍ക്കാരിനോടും സമൂഹത്തോടും സ്ത്രീസുരക്ഷയെ പറ്റിയുള്ള ചോദ്യമുന്നയിക്കുകയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്.

നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അഞ്ച് വര്‍ഷമായെന്നും സര്‍ക്കാരും മറ്റ് അധികാരകേന്ദ്രങ്ങളും ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണ് ചെയ്തതെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് പോസ്റ്റില്‍ ഡബ്ലു.സി.സി ചോദിക്കുന്നു.

‘അതിജീവിതയെ പിന്തുണക്കുന്നതിനും അവളുടെ പോരാട്ടത്തില്‍ കൂടെ നില്‍ക്കുന്നതിനും സിനിമാ ഇന്‍ഡസ്ട്രി എന്തുചെയ്തു.

ഒരു സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതിനായി നമ്മള്‍ ഓരോരുത്തരും എന്താണ് ചെയ്തത്. #അവള്‍ക്കൊപ്പം,’ എന്നാണ് ഡബ്ലു.സി.സിയുടെ പോസ്റ്റില്‍ കുറിക്കുന്നത്.

2017 ഫെബ്രുവരി 17നാണ് എറണാകുളം അങ്കമാലിക്ക് അടുത്ത് വെച്ച് യുവനടിക്കു നേരെ ആക്രമണം നടന്നത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമികള്‍ നടിയെ തട്ടിക്കൊണ്ടുപോയി.

അന്ന് തന്നെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ പള്‍സര്‍ സുനിയെ പിടികൂടാന്‍ പൊലീസിനായി.

പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപുമായി ബന്ധപ്പെടാന്‍ ശ്രമിച്ചത് അന്വേഷണത്തില്‍ വഴിത്തിരിവായി. 2017 ജൂലൈ 10ന് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. പിന്നിട് കേസില്‍ അതിനാടകീയമായ സംഭവ വികാസങ്ങളാണ് നടന്നത്.

20 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. എന്നാല്‍ സംവിധായകനായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചു. ഒപ്പം നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ദിലീപും സഹോദരന്‍ അനൂപുമുള്‍പ്പടെ 6 പേര്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളെ മൂന്ന് ദിവസം 11 മണിക്കൂര്‍ വീതം ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപുള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിന്റെ വക്കിലെത്തിയെങ്കിലും ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

നിലവില്‍ നടിയെ അക്രമിച്ച കേസില്‍ തുടര്‍ അന്വേഷണം നടക്കുന്നതിനാല്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനിപ്പുറം ഇപ്പോഴും നീതികിട്ടാതെ അതിജീവിത നിയമപോരാട്ടത്തിലാണ്.


Content Highlight: Five years after the actress was attacked, wcc questions what has the government done to protect women 

We use cookies to give you the best possible experience. Learn more