തൃശൂര്‍: അതിരപ്പിള്ളിയില്‍ അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാര്‍.
വന്യമൃഗശല്യം നിരന്തരമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വാല്‍പ്പാറ, മലക്കപ്പാറ ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് അതിരപ്പിള്ളി വഴി വരുന്ന പ്രധാന റോഡാണ് നാട്ടുകാര്‍ ഉപരോധിച്ചത്.
‘വന്യജീവികളെ തുരത്തുന്നതിന് വനം വകുപ്പ് ഒരു നടപടിയുമെടുക്കുന്നില്ല, ഞങ്ങളിനി ഈ നാട്ടില്‍നിന്ന് ഓടിപ്പോകേണ്ടി വരും,’ എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
വര്‍ഷങ്ങളായി ഈ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാണ്. ആന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം നാട്ടുകാര്‍ക്കു നേരെ ഉണ്ടാകുന്നുണ്ട്.