കൊച്ചി: ആലുവയില്‍ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമായിരുന്നു സംസ്‌കാരം. സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി തായ്ക്കാട്ടുകര സ്‌കൂളില്‍ എത്തിയിരുന്നത്. രണ്ട് മണിക്കൂറോളമായിരുന്നു പൊതുദര്‍ശനത്തിന് വെച്ചത്. കണ്ണീരോടെ ഒരു നാട് മുഴുവന്‍ കുരുന്നിന് വിട നല്‍കി.
അതേസമയം, പ്രതി അസ്ഫാക് ആലത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് അസ്ഫാക് നിസ്സഹകരണം തുടരുകയാണെന്നും കൃത്യമായ മറുപടി പറയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് ഇയാള്‍ പൊലീസിനോട് ഒന്നും പറഞ്ഞിട്ടില്ല.
കോടതിയില്‍ ഹാജരാക്കി വൈകീട്ടോടെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി കസ്റ്റഡിയിലുണ്ട്. ഇയാള്‍ക്ക് കുറ്റത്തില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. അസ്ഫാക്കിനെ കൂടാതെ മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോ എന്ന അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവുകളുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിനിടെയാണ് മുറിവുകള്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlight: Five-year-old girl killed in Aluva cremated