തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഐ.ജി മനോജ് എബ്രഹാം. ഇത്തരത്തില്‍ ഭീതി പടര്‍ത്തുന്ന സന്ദേശമയക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയായിരിക്കും കേസെടുക്കുക.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായതോടെയാണ് സര്‍ക്കാര്‍ നീക്കം. സംശയത്തിന്റെ പേരില്‍ ആളുകളെ ആക്രമിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഐ.ജി പറഞ്ഞു.
“സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങളില്‍ 99 ശതമാനവും വ്യാജമാണ്. ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും”.
നേരത്തെ മുഖ്യമന്ത്രിയും ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
“കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ട. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.”
സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും മറിച്ച് സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.