ന്യൂദല്‍ഹി: തനിക്കെതിരായ പീഡനാരോപണങ്ങള്‍ തള്ളിക്കളഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ കുറ്റം ആരോപിച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി. കുറ്റാരോപണം നടത്തിയ അഞ്ചു പേരും തങ്ങളുടെ പ്രസ്ഥാവനയില്‍ ഉറച്ചു നിന്നു.
അക്ബറിന്റെ പ്രസ്ഥാവനയില്‍ അത്ഭുതമില്ല, പക്ഷെ ഞങ്ങള്‍ നിരാശരാണ്. ഇതൊരു നീണ്ട പോരാട്ടമായിരിക്കും. ഞാന്‍ അക്ബറിനെതിരെ ഉന്നയിച്ച രണ്ട് ആരോപണങ്ങളിലും ഉറച്ചു നില്‍ക്കുന്നു-ഏഷ്യന്‍ ഐയ്ജിന്റെ റെസിഡന്റ് എഡിറ്റര്‍ സുപര്‍ണ്ണ ശര്‍മ്മ പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് പറഞ്ഞ് എം.ജെ അക്ബര്‍ തള്ളിക്കളഞ്ഞിരുന്നു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവരെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് അക്ബര്‍.
എന്നാല്‍ ഇന്ത്യന്‍ പൗരയല്ലാത്ത, ഇന്ത്യയില്‍ വോട്ടു ചെയ്യാന്‍ പോലും കഴിയാത്ത തനിക്ക് എന്ത് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി ജോലി ചെയ്യുന്ന മജ്ലി ദെ പുയ് കാമ്പ് ചോദിച്ചു. അക്ബറിനെതിരെ പീഡനാരോപണം ഉന്നയിച്ച മജ്ലി അയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അവകാശപ്പെട്ടു.
അക്ബറിനെതിരെ രാഷ്ട്രീയപ്രേരിതമായ ഗൂഡാലോചനയൊന്നുമല്ല ഞങ്ങള്‍ നടത്തുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്ളത് ഞങ്ങള്‍ക്കല്ല മറിച്ച് അക്ബറിനാണ്. അക്ബറിനെതിരെ ആരോപണം ഉന്നയിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തക പ്രിയാ രമണി ഇന്ത്യന്‍ എക്സപ്രസിനോടു പറഞ്ഞു. സത്യമാണ് അപകീര്‍ത്തിക്കേസിനെതിരെയുള്ള എറ്റവും മികച്ച ആയുധമെന്നും അതു കൊണ്ട് അക്ബര്‍ നല്‍കാനുദ്ദേശിക്കുന്ന അപകീര്‍ത്തി കേസിനെ താന്‍ ഭയക്കുന്നില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.
എം.ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരായ കണികാ ഗൗലത്തും ശുതാപാ പോളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന പറഞ്ഞ് മുന്നോട്ടു വന്നിരുന്നു.