കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ചു തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്നു പാര്‍ട്ടിവൃത്തങ്ങള്‍. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു.
ഏറ്റവും ഒടുവില്‍ അഞ്ച് മുന്‍ എം.എല്‍.എമാരേക്കുറിച്ച് ഒരു വിവരവുമില്ലെന്നാണു ബി.ജെ.പി. പറയുന്നത്.
‘തൃണമൂലിന്റെ അഞ്ച് എം.എല്‍.എമാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജയിക്കാനായിരുന്നില്ല. ഇതിനുപിന്നാലെ ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഞങ്ങള്‍ അവരെ ഫോണില്‍ വിളിച്ചുനോക്കി, കിട്ടിയില്ല,’ കൊല്‍ക്കത്തയിലെ ബി.ജെ.പി. നേതാവ് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസുമായി ഇവര്‍ ബന്ധപ്പെടുന്നുണ്ടെന്നാണു ബി.ജെ.പി. ആരോപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും 33 എം.എല്‍.എമാരാണു ബി.ജെ.പി.യിലെത്തിയത്.