കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ പ്രസംഗത്തിനു ശേഷം ആര്‍.എസ്.എസില്‍ ചേരാനുള്ള ഓണ്‍ലൈന്‍ അപേക്ഷകളുടെ എണ്ണം അഞ്ചു മടങ്ങ് വര്‍ദ്ധിച്ചതായി സംഘ പരിവാര്‍ നേതാക്കള്‍. പുതിയതായി ലഭിച്ചിട്ടുള്ള അപേക്ഷകളുടെ നാല്‍പ്പതു ശതമാനവും ബംഗാളില്‍ നിന്നാണെന്നും ആര്‍.എസ്.എസ് പ്രചാരകുകള്‍ കണക്കുകള്‍ നിരത്തുന്നു.
“ഓണ്‍ലൈന്‍ വഴി ജൂണ്‍ 6നു ലഭിച്ചിട്ടുള്ള അപേക്ഷകള്‍ 378 എണ്ണമാണ്. പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്ത് പ്രസംഗിക്കാനെത്തുന്നത് ജൂണ്‍ 7നാണ്. അന്നത്തെ ദിവസം വന്നത് 1779 അംഗത്വ അപേക്ഷകളാണ്. അവിടുന്നിങ്ങോട്ട് ഇന്നത്തെ ദിവസം വരെ ശരാശരി 1200-1300 അപേക്ഷകള്‍ ദിവസേന ലഭിക്കുന്നുണ്ട്. അതില്‍ത്തന്നെ 40 ശതമാനവും ബംഗാളില്‍ നിന്നാണ്.” ആര്‍.എസ്.എസ്. പ്രചാര്‍ പ്രമുഖ് ബിപ്ലബ് റോയ് പറയുന്നു.
ആര്‍.എസ്.എസ്. മുഖ്യന്‍ മോഹന്‍ ഭഗവതിന്റെ ക്ഷണം സ്വീകരിച്ച് പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്തെത്തി തൃതീയ വര്‍ഷ പരിശീലന പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചിരുന്നു. സംഘ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ച അദ്ദേഹം ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ വീരപുത്രന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
Also Read: എഴുത്തുകളും സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ കാതല്‍, അടിയന്തരാവസ്ഥ കറുത്ത കാലം: നരേന്ദ്ര മോദി
“അദ്ദേഹം മുന്‍ രാഷ്ട്രപതിയും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. നാഗ്പൂരില്‍ അദ്ദേഹം എത്തുന്നതുമായി ബന്ധപ്പെട്ടുള്ള ആകാംഷ മാധ്യമങ്ങളില്‍ പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം ആര്‍.എസ്.എസിലേക്ക് ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്നത് ഉറപ്പാണ്. അപേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചതിന് ഇതും ഒരു കാരണമാണ്. എങ്കിലും, 92 വര്‍ഷത്തെ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം തന്നെയാണ് ആളുകളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാരണം.” റോയ് മാധ്യമങ്ങളോടു പറഞ്ഞു.
“ജനാധിപത്യം മരിച്ചു കൊണ്ടിരിക്കുന്ന ബംഗാളില്‍ നിന്നാണ് ഏറ്റവുമധികം പുതിയ അപേക്ഷകരുള്ളത്” എന്നും തെക്കന്‍ ബംഗാളിലെ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജിഷ്ണു ബസു ചൂണ്ടിക്കാട്ടുന്നുണ്ട്.
ആര്‍.എസ്.എസിന്റെ പ്രചാരം കൂടിയതിന്റെ കാരണം പ്രണബ് മുഖര്‍ജി മാത്രമല്ലെന്നാണ് സംഘുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മുന്‍ പത്രപ്രവര്‍ത്തകന്‍ രണ്‍തിദേബ് സെന്‍ഗുപ്തയുടെ പക്ഷം. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെപ്പോലുള്ളവരും ആര്‍.എസ്.എസ് പരിപാടികളില്‍ പ്രസംഗിക്കാനെത്തിയിട്ടുണ്ടെന്നും സെന്‍ഗുപ്ത പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം രാജ്യത്തൊട്ടാകെ പ്രവര്‍ത്തിച്ചിരുന്നത് 1250 ശാഖകളാണെന്നും, എന്നാല്‍ ഈ വര്‍ഷം അത് 1600 ആയി വര്‍ധിച്ചുവെന്നുമാണ് സംഘ് നേതാക്കളുടെ അവകാശവാദം.
വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ആര്‍.എസ്.എസ് പരിപാടികളില്‍ സംസാരിക്കാനെത്താറുണ്ടെന്നും, ഇതിന്റെ പേരില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ട കാര്യമില്ലെന്നും ആര്‍.എസ്.എസ്. ജോയിന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യ പറഞ്ഞിട്ടുള്ളതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
“പ്രണബ് മുഖര്‍ജിയും മോഹന്‍ ഭഗവതും സംസാരിച്ചത് നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ചാണ്. ഇരുവരും 5000 വര്‍ഷത്തെ പഴക്കമുള്ള നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് പരാമര്‍ശിച്ചു, സഹിഷ്ണുതയെക്കുറിച്ചു പറഞ്ഞു. പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തെ ചുറ്റിപ്പറ്റി അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ല.” സെന്‍ഗുപ്ത പറയുന്നു.
Also Read: നീ ബാഴ്‌സിലോണക്ക് ചേര്‍ന്നവന്‍, എപ്പോഴും സ്വാഗതം; ജെയിംസ് റോഡ്രിഗസിനോട് ജെറാദ് പിക്വെ
ആര്‍.എസ്.എസിന്റെ ക്ഷണം പ്രണബ് സ്വീകരിച്ചതിനെ വിമര്‍ശിച്ച് മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയടക്കം നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ മുന്നോട്ടു വന്നിരുന്നു. സന്ദര്‍ശനത്തിനു പിന്നാലെ, പ്രണബ് സംഘ പരിവാര്‍ ശൈലിയിലുള്ള അഭിവാദനം നടത്തുന്നതായി മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതും ചര്‍ച്ചയായിരുന്നു.