| Sunday, 23rd September 2018, 7:13 pm

ആയുഷ്മാന്‍ യോജനയെക്കാള്‍ മികച്ച ആരോഗ്യസംരക്ഷണം നിലവിലുണ്ട്; മോദിയുടെ പദ്ധതിയെ നിരാകരിച്ച് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏറെ കൊട്ടിഘോഷിച്ച മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കെയര്‍ സ്‌കീം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുമ്പോഴും, കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍ പദ്ധതിയെ നിരാകരിക്കുന്നു. പ്രധാനമന്ത്രി മുന്നോട്ടു വയ്ക്കുന്നവയെക്കാള്‍ മികച്ച സൗകര്യങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ടെന്നു കാണിച്ചാണ് സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമാകാന്‍ വിസമ്മതിച്ചിരിക്കുന്നത്.

കേരളത്തിനു പുറമെ തെലങ്കാന, ഒഡീഷ, ദല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് തങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതുവരെ പദ്ധതി നടപ്പില്‍ വരുത്തില്ല എന്നു തീരുമാനിച്ചിരിക്കുന്നത്. ധനകാര്യമന്ത്രി തോമസ് ഐസക് പദ്ധതിയെ സംബന്ധിച്ച് ഗുരുതര സംശയങ്ങളുയര്‍ത്തി നേരത്തേ രംഗത്തെത്തിയിരുന്നു.

പദ്ധതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത മന്ത്രി, ഇതൊരു തട്ടിപ്പാണെന്നും പ്രസ്താവിച്ചിരുന്നു. മുപ്പതിനായിരം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ആര്‍.എസ്.ബി.വൈ സ്‌കീമിന്റെ സബ്‌സിഡി സീലിങ് 1,250 രൂപയാണെന്നിരിക്കേ, അഞ്ചു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്ന ആയുഷ്മാന്‍ സ്‌കീമിന്റെ സബ്‌സിഡി 1,110 രൂപയാകാന്‍ എങ്ങനെ സാധിക്കുമെന്ന ചോദ്യം അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ചിരുന്നു.

Also Read: 50 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ മാറിയേനെ; ദാരിദ്ര്യം എന്തെന്നറിഞ്ഞ എനിക്ക് ജനങ്ങളുടെ വിഷമം മനസിലാവും; മോദി

സംസ്ഥാനത്തെ 70 ശതമാനം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ആരോഗ്യശ്രീ എന്ന പദ്ധതി നിലവിലുണ്ടായിരിക്കേ, എണ്‍പതു ലക്ഷം പേര്‍ക്കു മാത്രം ആനുകൂല്യം ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് നടപ്പില്‍ വരുത്തേണ്ടെന്നാണ് തെലങ്കാന സര്‍ക്കാരിന്റെയും തീരുമാനം. പ്രധാനമന്ത്രിയുടെ ഒപ്പോടു കൂടിയ ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ബി.ജെ.പിക്കു ലഭിക്കുന്ന അനാവശ്യ പ്രചാരമായിരിക്കുമെന്നതും തെലങ്കാന സര്‍ക്കാരിനെ പിറകോട്ടു വലിക്കുന്നുണ്ട്.

നേരത്തേ, സംസ്ഥാനത്തെ ബിജു സ്വാസ്ഥ്യ കല്യാണ്‍ യോജന പദ്ധതി കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നും കൂടുതല്‍ തുകയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നും കാണിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കാന്‍ വിസമ്മതിച്ചിരുന്നു. നിലവില്‍ മികച്ച ആരോഗ്യസംരക്ഷണ പദ്ധതിയുള്ള സംസ്ഥാനങ്ങളില്‍ പുതിയ പദ്ധതി ആരംഭിക്കാന്‍ എടുക്കുന്ന ഊര്‍ജം ഇന്ധനവിലവര്‍ദ്ധനവ് കുറയ്ക്കാന്‍ ഉപയോഗിക്കണമെന്നും പട്‌നായിക് കൂട്ടിച്ചേര്‍ത്തിരുന്നു. രൂക്ഷമായാണ് മോദി പട്‌നായിക്കിന്റെ പ്രസ്താവനയോട് പ്രതികരിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more