| Wednesday, 12th December 2018, 5:36 pm

മൗവ്വ മുതല്‍ ഡിജിറ്റലൈസേഷന്‍ വരെ: ഗ്രാമീണ ഇന്ത്യയ്ക്ക് ബി.ജെ.പിയെ മതിയായി, 2019 ന് കോണ്‍ഗ്രസ് തയ്യാറാണോ?

ശ്രീജിത്ത് ദിവാകരന്‍

കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റിലൈസേഷന്‍ മുതല്‍ ഡീമോണറ്റൈസേഷന്‍ വരെ കര്‍ഷകരെ ആത്മഹത്യകളിലേയ്ക്ക് തള്ളിവിട്ടതെങ്ങനെ? മധ്യപ്രദേശ്, ഛത്തീസ്ഗഢ് രാജസ്ഥാന്‍ സര്‍ക്കാരുകള്‍ക്കെതിരെ തിരിയുന്ന വോട്ടുകളായി അത് മാറിയതെങ്ങനെ? ഛത്തീസ്ഗഢ് ഗ്രാമങ്ങളുടെ കല്പക വൃക്ഷമായ മൗവ്വയെങ്ങനെ ആദിവാസി ബെല്‍റ്റ് പൂര്‍ണ്ണമായും തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചു?

രണ്ടാഴ്ച മുമ്പ് ഡല്‍ഹിയില്‍ ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രവാക്യം വിളിച്ച് നടന്നെത്തുമ്പോള്‍ അധികാര കേന്ദ്രങ്ങള്‍ ഓര്‍ത്തില്ല, ഇവരുടെ കണ്ണീരും വിയര്‍പ്പും ചോരയും ഇന്നാട്ടിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വേരറുക്കാന്‍ പോന്നതാണെന്ന്. 2003-ല്‍ മധ്യപ്രദേശും ഛത്തീസ്ഗഢും കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്ത നാള്‍ മുതലുള്ള കണക്കെടുത്താല്‍, 2004-2016 വര്‍ഷങ്ങള്‍ക്കിടയില്‍ 16,932 കര്‍ഷകരാണ് മധ്യപ്രദേശില്‍ മാത്രം ആത്മഹത്യ ചെയ്തത്. 12,979 പേര്‍ ഛത്തിസ്ഗഢിലും. മധ്യപ്രദേശില്‍ ദിവസേന മൂന്ന് കര്‍ഷകരെങ്കിലും ഇക്കാലയളവില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്ന് ചുരുക്കം. രാജസ്ഥാനിലും ഈ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 5582 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.

Read Also : മറന്ന മുദ്രാവാക്യങ്ങള്‍ തിരിച്ചുപിടിക്കൂ കോണ്‍ഗ്രസ്; എന്തെങ്കിലും സംശയം തോന്നിയാല്‍ രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ നിയമസഭയില്‍ പോയാല്‍ മതി

ഡല്‍ഹിയില്‍ ഒരു ലക്ഷത്തോളം കര്‍ഷകരെത്തിയപ്പോള്‍ അവരുടെ വേദിയില്‍ ചെന്ന് പ്രസംഗിച്ച രാഹുല്‍ഗാന്ധിയുടെ പാര്‍ട്ടി അവര്‍ മുഖ്യപ്രതിപക്ഷ സ്ഥാനം അലങ്കരിക്കുന്ന മധ്യപ്രദേശിലോ ഛത്തീസ്ഗഢിലോ രാജസ്ഥാനിലോ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ആത്മപരിശോധന നടക്കുകയെങ്കിലും വേണം. 2004 മുതല്‍ 2014 വരെ ഇവിടെ നടന്ന കാര്‍ഷിക ആത്മഹത്യകളില്‍ പാതി പാപഭാരം തങ്ങള്‍ക്ക് കൂടിയുണ്ടെന്ന സ്വയം വിമര്‍ശനപരമായ ഉള്‍ക്കൊള്ളലും ആവശ്യമാണ്.

നല്ല കാലാവസ്ഥയും മഴയും ലഭിച്ച 2017-ല്‍ സമീപ കാലത്തെ ഏറ്റവും നല്ല വിളയാണ് ഉത്തരേന്ത്യന്‍ കര്‍ഷര്‍ക്ക് ലഭിച്ചതെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ പോറ്റി വളര്‍ത്തുന്ന വമ്പന്‍ ഇടനിലക്കാരും ചേര്‍ന്ന് കര്‍ഷകരെ ചതിച്ചു. പൊതുവിപണിയില്‍ കാര്‍ഷികോല്‍പ്പനങ്ങള്‍ക്ക് വില ആകാശം മുട്ടെ ഉയരുമ്പോഴും കര്‍ഷകര്‍ക്ക് വിളകള്‍ക്ക് വിലകിട്ടിയില്ല. 2017-ല്‍ മാത്രം തിരിച്ചടയ്ക്കാത്ത കാര്‍ഷിക വായ്പകള്‍ വര്‍ദ്ധിച്ചത് 20 ശതമാനത്തിലധികമാണ്. കൃഷിയെ ആശ്രയിച്ച് കഴിയുന്ന ഇന്ത്യയിലെ അറുപത് കോടി മനുഷ്യരാണ് നിരാശയുടെ പടുകുഴിയില്‍ വീണത്.

എവിടെയായിരുന്നു ഇക്കാലത്ത് കോണ്‍ഗ്രസ് എന്നുള്ള ചോദ്യമുണ്ട്. ഈ കര്‍ഷകരെ സഹായിക്കാന്‍, അവരുടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ഈ പ്രതിഷേധങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ഇവര്‍ ഉണ്ടായിരുന്നോ? ഇല്ല. 2017 ജനവരി ആദ്യം മധ്യപ്രദേശിലെ മന്‍ഡ്സോറില്‍ അഞ്ച് കര്‍ഷകരെ പോലീസ് വെടിവച്ച് കൊന്നപ്പോഴും ഈ പ്രശ്നങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങാന്‍ കോണ്‍ഗ്രസിനായിരുന്നില്ല.

Read Also : വര്‍ഗീയ പ്രസംഗങ്ങള്‍ തിരിച്ചടിയായി; യോഗി പ്രചാരണം നയിച്ച മണ്ഡലങ്ങളില്‍ പകുതിയിലേറെയും ബി.ജെ.പിയെ കൈവിട്ടു

കര്‍ഷകരുടെ പ്രശ്നങ്ങളെ ഏറ്റെടുത്ത് പ്രക്ഷോഭത്തിന്റെ മൂടുപടമണിയിച്ച് സര്‍ക്കാരിനെ രക്ഷിക്കാന്‍ മുന്നോട്ടിറങ്ങിയത് ആര്‍.എസ്.എസിന്റെ കര്‍ഷക സംഘടനയാണ്. അവരുടെ നേതൃത്വത്തിലാരംഭിച്ച പ്രക്ഷോഭം പെട്ടന്ന് തന്നെ “കര്‍ഷകരോട് അനുഭാവമുള്ള സര്‍ക്കാരിന്റെ” വാഗ്ദാനങ്ങളെ മുഖവിലയ്ക്കെടുത്ത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ വിളകള്‍ക്ക് താങ്ങുവില കിട്ടാത്ത കര്‍ഷകര്‍, കാര്‍ഷിക വായ്പകള്‍ക്ക് ഒരു തരിമ്പും ഇളവ് ലഭിക്കാത്ത കര്‍ഷകര്‍ ഇതവസാനിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു. മൂങ് ദാലും, അര്‍ഹര്‍ ദാലും, തുവര്‍ ദാലും, സവാളയും അടിസ്ഥാന വിലപോലും ലഭിക്കാതെ കെട്ടിക്കിടക്കുകയായിരുന്നു. 36,000 കോടിക്ക് മീതെയായിരുന്നു മധ്യപ്രദേശിലെ മാത്രം കര്‍ഷകരുടെ വായ്പ. നയിക്കാന്‍ ആളില്ലാത്ത ആ കാര്‍ഷിക മുന്നേറ്റത്തെ വെടിവെച്ചിട്ട സര്‍ക്കാരിനെതിരെ പിന്നീട് പ്രക്ഷോഭമാരംഭിക്കുന്നത് ആ പ്രദേശങ്ങളില്‍ ദുര്‍ബലരായിരുന്ന കിസാന്‍ സഭയുടെ നേതൃത്വത്തിലാണ്.

2017 ജനവരിയില്‍ പ്രക്ഷോഭം മധ്യപ്രദേശില്‍ മൂര്‍ച്ഛിക്കാന്‍ ഒരേയൊരു കാരണമേയുണ്ടായിരുന്നുള്ളൂ, ഡീ മോണിറ്റൈസേഷന്‍ എന്ന നോട്ട് ബന്ദി. പണമില്ലാതായി മനുഷ്യരുടെ കൈയ്യില്‍. സര്‍ക്കാര്‍ മറ്റ് പല വിളകളിലും കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്താനായി പണം നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഡിജിറ്റിലൈസേഷനില്‍ കുടുങ്ങി ബാങ്കുകളിലേയ്ക്ക് എത്താന്‍ വൈകി. നടാകെ ബാങ്ക് അക്കൗണ്ട് എടുക്കേണ്ടവര്‍ അതിന് വേണ്ടി നട്ടം തിരിഞ്ഞു. നോട്ട് ബന്ദി കൂടിയായപ്പോള്‍ വായ്പ തിരിച്ചടിക്കാന്‍ പോയിട്ട് ഭക്ഷണം കഴിക്കാന്‍ പണമില്ലാതായി. ഡീസലിന്റെ വിലക്കൂടുതല്‍ കാരണം ചന്തയിലെത്തിച്ച വിളകള്‍ വിലകിട്ടാതെ തിരിച്ച് നാട്ടിലേയ്ക്ക് എത്തിച്ച് സൂക്ഷിക്കുന്നതിനേക്കാള്‍ കൂട്ടിയിട്ട് കത്തിച്ച് കളയുന്നതാണ് നല്ലതെന്ന് ഹൃദയം നുറുങ്ങിക്കൊണ്ട് അവര്‍ തീരുമാനിച്ചു. ജലസേചനത്തിന് സൗകര്യമില്ലാത്ത ഇടങ്ങളിലെല്ലാം ഡീസലുപയോഗിച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ജലസേചനം നടത്തിയിരുന്നവര്‍ ദൈനം ദിനം ഉയരുന്ന ഡീസല്‍ വിലയില്‍ നേരത്തേ മുട്ടുകുത്തിയിരുന്നു.

അവരുടെ കണ്ണീരേറ്റെടുത്താണ് കിസാന്‍ സഭ പ്രക്ഷോഭങ്ങളാരംഭിച്ചത്. മന്‍സ്സോറില്‍ പോലീസ് വെടിവെയ്പില്‍ മരിച്ചവരുടേയും ആത്മഹത്യചെയ്തവരുടേയും വീടുകള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് കാര്‍ഷിക പ്രക്ഷോഭം കിസാന്‍സഭ പ്രഖ്യാപിക്കുന്നത് തന്നെ. പിന്നീട് മഹരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് തെരുവുകളിലൂടെ മുംബൈ മഹാനഗരത്തിലേയ്ക്കുള്ള ലോങ് മാര്‍ച്ചായും രാജസ്ഥാനിലെ കാര്‍ഷിക സ്വര്‍ഗ്ഗഭൂമിയായ ശെഖാവട്ടി മേഖലയിലെ കാര്‍ഷിക പ്രശ്നങ്ങളിലൂന്നി സീക്കറിലും പരിസരങ്ങളിലും നടന്ന മഹാജനകീയ പ്രക്ഷോഭമായും ആ കാര്‍ഷിക സമരങ്ങള്‍ വളര്‍ന്നു. ഗിരിധര്‍ലാല്‍ മഹിയ, ബല്‍വന്‍ പൂനിയ എന്നിങ്ങനെയുള്ള രണ്ട് എം.എല്‍.എമാര്‍ രാജസ്ഥാനില്‍ സി.പി.ഐ.എമ്മിനുണ്ടാകുന്നതിന് വരെ അത് കാരണമായി.

മധ്യപ്രദേശിലെ കാര്‍ഷിക മേഖലകളായ മാല്‍വ പ്രദേശങ്ങളിലും മഹാകോശാലിലും കോണ്‍ഗ്രസ് ബി.ജെ.പിക്ക് മേല്‍ നിര്‍ണ്ണായക മേല്‍കൈ നേടിയപ്പോള്‍ സവര്‍ണ്ണ-ആര്‍.എസ്.എസ് മേഖലയായ വിന്ധ്യ മേഖലയില്‍ ഏഴ് സീറ്റുകള്‍ ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ അധികം പിടിച്ചുവെന്നും കോണ്‍ഗ്രസ് ഓര്‍ക്കണം. ബി.ജെ.പിയേക്കാള്‍ വലിയ ഹൈന്ദവരാണ് എന്ന് പ്രഖ്യാപിച്ച് വോട്ട് പിടിക്കുക എന്ന തന്ത്രം കോണ്‍ഗ്രസിനെക്കൊണ്ട് നടത്താവുന്നതല്ല എന്നതാണ് ഇതിന്റെ പച്ചയായ അര്‍ത്ഥം.

മൗവ്വയുടെ രാഷ്ട്രീയം

അഥവാ നട്ടെല്ലൊടിഞ്ഞ കാര്‍ഷിക മേഖലയുടെ രോഷമാണ് നമ്മള്‍ ആത്യന്തികമായി പരിശോധിക്കുമ്പോള്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും ജനവിധിയെ കാര്യമായി ബാധിച്ചിട്ടുള്ളത്. ഛത്തീസ്ഗഢിലെ ഹരിത സ്വര്‍ണ്ണമായ -ഗ്രീന്‍ ഗോള്‍ഡ്- മൗവ്വ എന്ന വൃക്ഷത്തിന്റെ വിളയെ നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം ആദിവാസി മേഖലയില്‍ അമ്പേ ബി.ജെ.പി തകര്‍ന്നുപോകാന്‍ എങ്ങനെ ഇടയാക്കി എന്നത് കൂടി നമ്മളിതിനോടൊപ്പം വായിക്കണം.

ആദിവാസി ജനതയുടെ ജീവവൃക്ഷം എന്നറിയപ്പെടുന്ന മൗവ്വയുടെ ഉത്പന്നങ്ങള്‍ അഞ്ച് കിലോയിലധികം കൊണ്ടുനടക്കുന്നതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു രമണ്‍സിങ്ങ് സര്‍ക്കാരിന്റെ ഒരുത്തരവ്. മൗവ്വയില്‍ നിന്ന് ചാരായം വാറ്റാം എന്നുള്ളത് കൊണ്ട് അതിനെ എക്സൈസ് പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഈ തീരുമാനം. ഇത് കൂടാതെ ഒരു ബിസിനസുകാരന്‍ ഒരു വര്‍ഷം 500 ക്വിന്റല്‍ മൗവ്വയില്‍ കൂടുതല്‍ കച്ചവടം നടത്താനാവില്ല എന്നും സര്‍ക്കാര്‍ നിശ്ചയിച്ചു. 250 കോടി രൂപയുടെ പ്രതിവര്‍ഷ ബിസിനസ് നടക്കുന്ന ഈ മേഖലയിലെ ആദിവാസികളും വ്യാപാരികളും ഒരുപോലെ ഈ തീരുമാനത്തില്‍ വലഞ്ഞു. പ്രത്യേകിച്ചും അഞ്ച് കിലോ മൗവ്വ കൈയ്യിലുണ്ടെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് പിഴയൊടുക്കേണ്ടി വന്ന ആദിവാസികള്‍.

Image result for mayawati

മധ്യപ്രദേശിലെ സവര്‍ണ ബെല്‍റ്റ് കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും കൈവിട്ടപ്പോള്‍ ഛത്തീസ്ഗഢിലെ ഹിന്ദു ബെല്‍റ്റായ സെന്‍ട്രല്‍ മേഖല ആദ്യമായി പൂര്‍ണ്ണമായും ബി.ജെ.പിയെ കൈയ്യൊഴിഞ്ഞു. ബ്രാഹ്മണ്‍ ജന്മികളായ ശുക്ലമാരുടെ ഈ പ്രദേശം രമണ്‍സിങ്ങിന്റെ കാര്‍ഷിക നയങ്ങളില്‍ നട്ടം തിരിഞ്ഞുപോയി എന്നതാണ് ഇതിന്റെ അര്‍ത്ഥം. ആ പ്രദേശത്തുള്ള സാഹു സമുദായവും ബി.ജെ.പിയെ തള്ളിക്കളഞ്ഞു. തെക്കന്‍ ആദിവാസി മേഖലയിലും വടക്ക് കിഴക്ക് ആദിവാസി മേഖലയിലും മൗവ്വ പ്രശ്നം ബി.ജെ.പിയെ വല്ലാതെ വേട്ടയാടിയിരുന്നു. അതേസമയം ബി.എസ്.പി ശക്തമായിരുന്ന വടക്ക് പടിഞ്ഞാറന്‍ ദളിത് മേഖലയില്‍ കോണ്‍ഗ്രസിന് മറ്റുള്ളയിടങ്ങളിലുള്ള മേല്‍ക്കെയ്യില്ല.

ബി.എസ്.പി

പശുവിന്റെ പേരില്‍ ദളിതരേയും മുസ്‌ലീങ്ങളേയും കൊന്നൊടുക്കിയതും കലാപങ്ങള്‍ സൃഷ്ടിച്ച് സാമുദായ സ്പര്‍ദ്ധയും കൊലകളും നടത്തിയതും തീര്‍ച്ചയായും ബി.ജെ.പിക്കെതിരായ വോട്ടുകളായി മാറിയിട്ടുണ്ട്. പക്ഷേ ഈ വോട്ടുകള്‍ ചിതറാതിരിക്കാന്‍ ബി.എസ്.പിയും കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും ഈ തിരഞ്ഞെടുപ്പ് ഊന്നിപ്പറയുന്നുണ്ട്. സീറ്റുകളുടെ കാര്യത്തിലുള്ള അനാവശ്യ പിടിവാശി കോണ്‍ഗ്രസും ബി.എസ്.പിയും മാറ്റിവച്ചാലേ തിരഞ്ഞെടുപ്പില്‍ ഇരുകൂട്ടര്‍ക്കും ഗുണമുണ്ടാവുകയുള്ളൂ.

വര്‍ഷങ്ങളായി അധികാരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ബി.എസ്.പിക്ക് കോണ്‍ഗ്രസുമായുള്ള ശരിയായ ചര്‍ച്ചകളിലൂടെ ന്യായമായ സീറ്റുകള്‍ വാങ്ങി രാജസ്ഥാന്‍, മധ്യപ്രദേശ് ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പുകള്‍ നേരിട്ടിരുന്നുവെങ്കില്‍ കുറച്ചു കൂടി മികച്ച വിജയം നേടാനായി സാധിച്ചേനെ. മൂന്ന് സംസ്ഥാനങ്ങളിലും നാലു ശതമാനത്തിലേറെയാണ് ബി.എസ്.പിയുടെ വോട്ട് ശതമാനം. ഇത് മധ്യപ്രദേശിലെങ്കിലും സീറ്റുകളുടെ എണ്ണത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യാന്‍ ബി.എസ്.പിക്കായില്ല. മാത്രമല്ല, മധ്യപ്രദേശില്‍ ബി.ജെ.പി ജയിച്ച ബീന, ജഓറ, അമര്‍പട്ടന്‍, തിയോന്ദര്‍, ബാന്ധവ് ഗഡ്, ചാന്ദ്ല തുടങ്ങിയ മണ്ഡലങ്ങളില്‍ ബി.എസ്.പി പിടിച്ച വോട്ടാണ് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത്.

ഇതില്‍ ബി.ജെ.പി 632 വോട്ടുകള്‍ക്ക് ജയിച്ച സീറ്റില്‍ 6889 വോട്ടാണ് ബി.എസ്.പി നേടിയത്. അഥവാ അവര്‍ക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലം പോലുമല്ല. എന്നിട്ടും അവര്‍ മത്സരിച്ചു. ജഓറയില്‍ കോണ്‍ഗ്രസ് തോറ്റത് വെറും 511 വോട്ടുകള്‍ക്കാണ്. ഇതിടെ ബി.എസ്.പി പിടിച്ചത് 880 വോട്ടുകള്‍. ആര്‍ക്കാണ് ഈ മത്സരം ഗുണം ചെയ്തത് എന്ന് ആലോചിക്കേണ്ട ആവശ്യം ഇരുകൂട്ടര്‍ക്കുമുണ്ട്.

ലോകസഭയിലേയ്ക്ക് പോകുമ്പോള്‍ കോണ്‍ഗ്രസ് ആലോചിക്കേണ്ടത് ഇതെല്ലാമാണ്. മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകളടക്കം കൈക്കൊണ്ട കര്‍ഷക വിരുദ്ധ-മുതലാളിത്ത സമീപനങ്ങളുടെ ഫലമായാണ് ഇന്ത്യയിലെ കര്‍ഷകര്‍ ദാരിദ്ര്യത്തില്‍ നിന്ന് ദാരിദ്ര്യത്തിലേയ്ക്ക് മൂക്ക് കുത്തുന്നത്. നയവും ആശയവും തിരുത്തണം. കാര്‍ഷിക പ്രക്ഷോഭങ്ങളുടെ ഭാഗവാക്കാവാണം. അവ വാര്‍ത്തകളില്‍ നിറയുമ്പോള്‍ അഭിവാദ്യം ചെയ്യാനായി പോയാല്‍ പോര. രാജസ്ഥാനില്‍ പത്തിലേറെ വിമതന്മാര്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കാനിടയായതും അവരില്‍ മിക്കവരും ജയിച്ചതുമടക്കമുള്ള അടിസ്ഥാനപരമായ സംഘടന പ്രശ്നങ്ങള്‍ പോലും പരിഹരിക്കാനാവാതെ തിരഞ്ഞെടുപ്പുകളെ നേരിട്ട പരിമിതികള്‍ തിരുത്തണം.

സമവായങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കേണ്ടത് കോണ്‍ഗ്രസാണ്. അവരാണ് ഒരോ സംസ്ഥാനങ്ങളിലും ഇപ്പോഴും ശക്തമായ വേരുകളും സംഘടന സംവിധാനവുമുള്ള പാര്‍ട്ടി.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more