| Friday, 6th July 2012, 4:01 pm

ഇനി മുതല്‍ ഫുട്‌ബോള്‍ നിയന്ത്രിക്കാന്‍ അഞ്ച് റഫറിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ഇനി മുതല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ അഞ്ച് റഫറിമാര്‍ ഉണ്ടാകും. ഫുട്‌ബോള്‍ കളിക്ക് അഞ്ച് റഫറിമാരെ അനുവദിക്കാന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് ഇന്നാണ് തീരുമാനിച്ചത്.

ഇപ്പോള്‍ ഫുട്‌ബോള്‍ നിയന്ത്രിക്കുന്നത് രണ്ട് ലൈന്‍സ്മാന്‍മാരും ഒരു റഫറിയുമാണ്. ഇതിന് പുറമേ രണ്ടപേരെക്കൂടി കളി നിയന്ത്രിക്കാന്‍ നിയോഗിക്കാമെന്നാണ് ഐ.എഫ്.എ.ബി യുടെ പുതിയ തീരുമാനം.

പുതുതായി തീരുമാനിച്ച റഫറിമാര്‍ രണ്ട് ടീമുകളുടെയും ഗോള്‍ലൈനിനു പിന്നിലായിരിക്കും നില്‍ക്കുക. എന്നാല്‍ കളിയില്‍ പുതിയ റഫറിമാരെ നിര്‍ത്തണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓര്‍ഗനൈസര്‍മാര്‍ക്കായിരിക്കും.

നിലവില്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട് ലണ്ട്, വെയില്‍സ് എന്നീ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കും ഫിഫയ്ക്കുമാണ് ഐ.എഫ്.എ.ബിയില്‍ വോട്ടവകാശമുള്ളത്. ഫിഫയ്ക്കുമാത്രം നാലും മറ്റു അസോസിയേഷനുകള്‍ക്ക് ഒരു വോട്ടുവീതവുമാണ് അനുവദിച്ചിട്ടുള്ളത്.

നിലവിലുള്ള ഫുട്‌ബോള്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ എട്ടില്‍ ആറുവോട്ടുകളെങ്കിലും ലഭിക്കണം. ഈ വോട്ട് ലഭിച്ചാല്‍ ഇനിമുതല്‍ ഫുട്‌ബോള്‍ മത്സരം നിയന്ത്രിക്കുന്ന അഞ്ച് റഫറിമാരെ നമുക്ക് കാണാം.

We use cookies to give you the best possible experience. Learn more