| Wednesday, 19th June 2019, 3:12 pm

ജാതി പറഞ്ഞ് അധ്യാപികയെ വിദ്യാര്‍ഥികള്‍ ആക്ഷേപിച്ചു; നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകരുടെ കൂട്ടരാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി സര്‍വകലാശാലയില്‍ നിന്നും അധ്യാപകരുടെ കൂട്ടരാജി. അധ്യാപികയെ മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തി ജാതീയമായി അധിക്ഷേപിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് അധ്യാപകരുടെ കൂട്ടരാജി.

അഞ്ച് പ്രൊഫസര്‍മാരാണ് രാജിവെച്ചത്. സര്‍കലാശാലയിലെ ഭൂമിശാസ്ത്ര ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ക്കാണ് നിറത്തിന്റേയും ജാതിയുടേയും പേരില്‍ വിദ്യാര്‍ഥികളില്‍ നിന്ന് അധിക്ഷേപം നേരിടേണ്ടിവന്നത്.

ക്ലാസ് മുറിയിലാണ് വിദ്യാര്‍ഥികള്‍ അധ്യാപികയെ തടഞ്ഞുവെച്ചതും അധിക്ഷേപിച്ചതും. സംഭവത്തില്‍ 20 വിദ്യാര്‍ഥികള്‍ക്കെതിരെ അധ്യാപിക പരാതി നല്‍കിയെങ്കിലും നടപടി എടുക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയാറായില്ല.

വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് അധ്യാപകര്‍ രാജി നല്‍കിയത്. എന്നാല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സഭ്യസാജി ഭാസുറേ ചൗധരി രാജി സ്വീകരിച്ചിട്ടില്ല.

സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി സര്‍വകലാശാല സന്ദര്‍ശിച്ച് വിസിയുമായും രാജി നല്‍കിയ അധ്യാപകരുമായും സംസാരിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ അധ്യാപികയെ ഉപദ്രവിച്ചിട്ടില്ലെന്നും മാര്‍ക്ക് കുറഞ്ഞത് എന്താണെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയാണ് യൂണിവേഴ്സിറ്റ് ഭരിക്കുന്നത്. അധ്യാപികയാണ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് സംഘടനയുടെ ആരോപണം.

We use cookies to give you the best possible experience. Learn more