| Thursday, 2nd June 2022, 6:25 pm

വാര്‍ണറല്ല ഞങ്ങള്‍ക്ക് വില്യംസണ്‍; വില്യംസണടക്കം ഹൈദരാബാദ് നിലനിര്‍ത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2022 അവസാനിച്ചപ്പോള്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയ ടീമുകളിലൊന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തുടക്കത്തില്‍ തന്നെ ഉഴപ്പിക്കളിച്ച്, എന്നാല്‍ തുടര്‍ വിജയങ്ങല്‍ സ്വന്തമാക്കി ട്രാക്കിലെത്തുകയും എന്നാല്‍ വീണ്ടും തോല്‍വിയിലേക്ക് വഴുതി വീണുമാണ് ഹൈദരാബാദ് സീസണ്‍ അവസാനിപ്പിച്ചത്.

ആരാധകര്‍ക്ക് വേണ്ടതെന്തോ അത് കൊടുക്കാന്‍ ആവാതെ പോയ ക്യാപ്റ്റനാണ് കെയ്ന്‍ വില്യംസണ്‍. ഒരു മത്സരത്തില്‍ പോലും തിളങ്ങാതെ, ക്യാപ്റ്റന്‍ എന്ന ഉത്തരവാദിത്തത്തിന്റെ അര്‍ത്ഥം പോലും മറന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.

എന്നാല്‍ അടുത്ത സീസണിലും ഹൈദരാബാദ് വില്യംസണെ നിലനിര്‍ത്തിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സണ്‍റൈസേഴ്‌സിനെ കിരീടം ചൂടിച്ച, എന്നാല്‍ ഒരു സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ നിന്നും ഒഴിവാക്കിയ ഡേവിഡ് വാര്‍ണറിന് പോലും നല്‍കാത്ത പരിഗണനയാണ് കെയ്ന്‍ വില്യംസണ് നല്‍കുന്നത്.

അടുത്ത സീസണിന് മുമ്പ് ടീം എന്തുതന്നെയായലും വില്യംസണെ ടീമില്‍ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണിലും ഹൈദരാബാദിനൊപ്പമുണ്ടാവാന്‍ സാധ്യത കല്‍പിക്കുന്ന മറ്റ് താരങ്ങള്‍ ആരാണെന്ന് നോക്കാം.

അഭിഷേക് ശര്‍മ

ഹൈദരാബാദിന്റെ സ്റ്റാര്‍ പെര്‍ഫോമറുകളില്‍ ഒരാളായിരുന്ന അഭിഷേക് ശര്‍മ. 6.50 കോടി രൂപയ്ക്ക് ടീമിലെത്തിച്ച താരം 14 മത്സരത്തിലും ടീമിന്റെ സ്‌കോറിംഗിലെ മുതല്‍ക്കൂട്ടായിരുന്നു.

30 ശരാശരിയില്‍ 133 സ്‌ട്രൈക്ക് റേറ്റില്‍ 426 റണ്‍സാണ് താരം നേടിയത്. വരാനിരിക്കുന്ന സീസണില്‍ അഭിഷേകിനെ ടീമിലെത്തിക്കാന്‍ സണ്‍റൈസേഴ്‌സിന് രണ്ടാമതാലോചിക്കേണ്ടി വരില്ല.

രാഹുല്‍ ത്രിപാഠി

ഐ.പി.എല്‍ 2022 എന്ന ഒറ്റ സീസണ്‍ മാത്രം മതി രാഹുല്‍ ത്രിപാഠി ആരാണെന്നറിയാന്‍. 14 മത്സരത്തിലും ടീമിന് വേണ്ടി ബാറ്റേന്തിയ താരം 38 ശരാശരിയില്‍ 413 റണ്‍സാണ് സ്വന്തമാക്കിയത്.

160 പ്രഹരശേഷിയിലായിരുന്നു താരത്തിന്റെ തേരോട്ടം. ടോപ് സ്‌കോറര്‍മാരില്‍ 150+ സ്‌ട്രൈക്ക് റേറ്റുള്ള രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു ത്രിപാഠി.

ഉമ്രാന്‍ മാലിക്

ടോ ക്രഷിംഗ് യോര്‍ക്കറുകളെറിഞ്ഞ് ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ച ഉമ്രാന്‍ മാലിക്കാണ് ടീമിന്റെ അടുത്ത ചോയ്‌സ്. മറ്റേത് ബൗളര്‍മാരെ നിലനിര്‍ത്തിയില്ലെങ്കിലും ടീം ഉമ്രാനെ നിലനിര്‍ത്തുമെന്നുറപ്പാണ്.

സണ്‍റൈസേഴ്‌സിന് വേണ്ടി സീസണില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതും ഉമ്രാന്‍ തന്നെയാണ്. 14 മത്സരത്തില്‍ നിന്നും 22 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഉമ്രാന്റെ കാര്യത്തില്‍ ടീമിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ലെന്നുറപ്പാണ്.

എയ്ഡന്‍ മര്‍ക്രം

മധ്യനിരയിലെ കരുത്തന്‍ മര്‍ക്രമിനേയും ടീം തിരിച്ചെത്തിച്ചേക്കും. 140നോടടുത്ത സ്‌ട്രൈക്ക് റേറ്റില്‍ 48 ശരാശരിയിലാണ് മര്‍ക്രം 381 റണ്ണടിച്ചുകൂട്ടിയത്.

മൂന്ന് അര്‍ധസെഞ്ച്വറിയും ടീമിനായി നേടിയ മര്‍ക്രം ടീമിന്റെ ഗുഡ്ബുക്കില്‍ തന്നെയാണ് തുടരുന്നത്.

Content Highlights: Five Players Sunrisers likely to retain in IPL 2023

We use cookies to give you the best possible experience. Learn more