കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഞ്ച് നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഗര്‍ഭിണികള്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള നഴ്‌സുമാര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
നഴ്‌സുമാര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായ സാഹചര്യത്തില്‍ പ്രസവവാര്‍ഡ് അടച്ചിടാന്‍ സാധ്യതയുണ്ട്. നേരത്തേ ഇവിടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എറണാകുളത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ശക്തന്‍ മാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.
സംസ്ഥാനത്ത് ഇന്നലെ പുതുതായി 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂര്‍ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,151 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,172 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1292 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ